സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വിജിലന്‍സ് മിന്നല്‍പരിശോധന നടത്തി. കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ വെറ്റിലപ്പാറ വില്ലേജ് ഓഫീസിലാണ് ഇന്ന് പരിശോധന നടത്തിയത്. 2024ലെ പാര്‍ലമെന്റ് പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ ആവശ്യങ്ങള്‍ക്ക് വ്യാജ വൗച്ചറുകള്‍ ഉണ്ടാക്കി അധിക തുക കൈപ്പറ്റിയതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.
ഈ പരാതി പരിശോധിക്കുന്നതിനായി വിജിലന്‍സ് ഇന്ന് വെറ്റിലപ്പാറ വില്ലേജ് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. രാവിലെ 10.15ന് ആരംഭിച്ച മിന്നല്‍ പരിശോധന വൈകിട്ട് 4ന് അവസാനിച്ചു. മിന്നല്‍ പരിശോധനയില്‍ 2024 വര്‍ഷത്തെ പാര്‍ലമെന്റ് ഇലക്ഷനോടനുബന്ധിച്ച് വിവിധ ആവശ്യങ്ങള്‍ കാണിച്ച് വ്യാജ ബില്ലുകളിലും, വൗച്ചറുകളിലും അധിക തുക മാറിയെടുത്തിട്ടുള്ളതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകളെ സംബന്ധിച്ചുള്ള അന്വേഷണം തുടരുമെന്ന് വിജിലന്‍സ് അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലാണ് മറ്റൊരു പരിശോധന നടന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ 202122 ലെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 1.5 കോടി രൂപ ചെലവഴിച്ച് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിന് സമീപം നിര്‍മിച്ച് ജില്ലാ അക്വാട്ടിക് അസോസിയേഷന് കൈമാറിയ സെമി ഒളിമ്പിക് നീന്തല്‍ക്കുളം, നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലുമുള്ള ക്രമക്കേടുകള്‍ കാരണം അടച്ചുപൂട്ടിയെന്ന് ആരോപിച്ച് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തില്‍ പൂളിന്റെ നിര്‍മാണം 2023 ഡിസംബറില്‍ പൂര്‍ത്തിയാക്കിയതായും, പ്രവര്‍ത്തനം ആരംഭിച്ച് ജില്ലാ അക്വാട്ടിക് അസോസിയേഷനു കൈമാറിയതായും, പൂള്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാണെന്നും വിവരം ലഭിച്ചിരുന്നു. പൂള്‍ ഡെക്കിലും ഷവര്‍ നോബുകളിലും തുടര്‍ച്ചയായ വൈദ്യുതാഘാതങ്ങള്‍ ഉണ്ടാകുകയും മോട്ടറുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തന രഹിതമാകുകയും ചെയ്തിരുന്നു. ഈ വിവരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെ അറിയിച്ചിരുന്നതായും തുടര്‍ന്നുള്ള പരിശോധനയില്‍ വയറിങ് സംവിധാനം അനുചിതമായും അപകടകരമായും നടത്തിയതായി കണ്ടെത്തി. കൂടാതെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടത്തിയ പരിശോധനയില്‍ നീന്തല്‍ക്കുളത്തില്‍ വയറിങ്ങുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നങ്ങളും കണ്ടെത്തിയിരുന്നു.
2024 സെപ്തംബര്‍ 13 മുതല്‍ കെഎസ്ഇബി വൈദ്യുതി വിതരണം താല്‍ക്കാലികമായി വിച്ഛേദിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം മലപ്പുറം കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ കമ്പനിയെ കൊണ്ടാണ് സ്വിമ്മിങ് പൂള്‍ നിര്‍മിച്ചത്. ഇത് പരിശോധിക്കുന്നതിനായാണ് വിജിലന്‍സ് ഇന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലും നീന്തല്‍ കുളത്തിലും മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് വര്‍ക്കുകള്‍ നിലവാരമില്ലാത്ത രീതിയിലാണ് ചെയ്തിരിക്കുന്നതെന്നും സ്വിമ്മിങ് പൂളിന്റെ മുകള്‍ഭാഗം ശരിയായ രീതിയില്‍ നിര്‍മിക്കാത്തതുകൊണ്ട് സ്‌കിമ്മിംഗ് പ്രക്രിയ നടക്കുന്നില്ലായെന്നും, മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലായെന്നും പ്രാഥമികമായി കണ്ടെത്തി.
കാസര്‍ഗോഡ് ജില്ലയിലെ മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഉപ്പളയിലുള്ള പഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റ് 201819 വര്‍ഷം വരെ ലേലം വിളിച്ച് നടത്തിപ്പിനായി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മല്‍സ്യ മാര്‍ക്കറ്റ് ലേലം നടത്തി നല്‍കുന്നില്ലായെന്നും, ലേലം വിളിച്ച് നല്‍കാത്തത് മത്സ്യ മാര്‍ക്കറ്റില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതു കൊണ്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും മാര്‍ക്കറ്റ് ഇപ്പോഴും പഴയതുപോലെ തന്നെ കൃത്യമായി പ്രവര്‍ത്തിക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. 201819 വര്‍ഷത്തിനു ശേഷം മാര്‍ക്കറ്റ് ലേലം ചെയ്യാത്തതു വഴി പഞ്ചായത്തിന് വന്‍ തുക ഈ ഇനത്തില്‍ നഷ്ടപ്പെടുന്നതായും ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലും ഉപ്പള മത്സ്യ മാര്‍ക്കറ്റിലും മിന്നല്‍ പരിശോധന നടത്തിയത്. മത്സ്യ മാര്‍ക്കറ്റിന്റെ നടത്തിപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലേലം കൂടാതെ നല്‍കുന്നതായി വിജിലന്‍സ് കണ്ടെത്തി.
തൃശ്ശൂര്‍ ഒളരിയിലെ ലീഗല്‍ മെട്രോളജി ഭവനില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത തുക പിടിച്ചെടുത്തു. ഡെപ്യൂട്ടി കണ്‍ട്രോളറും മറ്റ് ചില ഉദ്യോഗസ്ഥരും പെട്രോള്‍ പമ്പുകളുടെ വാര്‍ഷിക സ്റ്റാമ്പിങ് നടത്തുന്നതിനായി പമ്പ് ഉടമകളില്‍ നിന്നും ഏജന്റ് മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഈ ഉദ്യോഗസ്ഥര്‍ പെട്രോള്‍ പമ്പുകളില്‍ എത്തുകയും, മെഷീന്‍ കമ്പനികളുടെ ടെക്‌നിക്കല്‍ സ്റ്റാഫിന്റെ സഹായത്തോടെ സ്റ്റാമ്പിങ് പൂര്‍ത്തീകരിക്കുകയും ചെയ്യും. തുടര്‍ന്ന് പരിശോധന അവസാനിക്കുമ്പോള്‍ ഏജന്റായ ടാക്‌സി െ്രെഡവര്‍ പമ്പുകളുടെ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കൈക്കൂലി വാങ്ങുന്നതായും വൈകിട്ട് ഓഫീസില്‍ തിരിച്ചെത്തുന്ന സമയം ടാക്‌സി െ്രെഡവര്‍ പമ്പുകളില്‍ നിന്നും കൈപ്പറ്റുന്ന കൈക്കൂലി തുക ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ്, ഡെപ്യൂട്ടി കണ്‍ട്രോളറുടെ കാര്‍ െ്രെഡവര്‍, അസിസ്റ്റന്റ് കണ്‍ട്രോളറുടെ കൂടെ ഉണ്ടായിരുന്ന ടെക്‌നിഷ്യന്‍ എന്നിവരുടെ കയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത തുക വിജിലന്‍സ് പിടിച്ചെടുത്തു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.
https://www.facebook.com/Malayalivartha

























