കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്

ടിവികെയുടെ കൊളത്തൂര്‍ എംഎല്‍എ വി.എസ്. ബാബുവിന്റെ (75) വിലാപയാത്രയില്‍ ശവമഞ്ചം ചുമന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. വിലാപയാത്രയില്‍ ചെരിപ്പിടാതെ ഏകദേശം 2.3 കിലോമീറ്ററോളം വിജയ് നടന്നു. മന്ത്രിമാര്‍, ടിവികെ എംഎല്‍എമാര്‍, മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികള്‍, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ എന്നിവര്‍ വിജയിനൊപ്പം നടന്നു. വിലാപയാത്രയ്ക്ക് ശേഷം കുടുംബാംഗങ്ങളുടെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. ആദരസൂചകമായി ഭരണകക്ഷിയായ ടിവികെ തമിഴ്നാട്ടില്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കൊളത്തൂര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായി 3 തവണ വിജയിച്ച സ്റ്റാലിന്റെ പടയോട്ടം അവസാനിപ്പിച്ചയാളാണ് വി.എസ്.ബാബു. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ടിവികെയുടെ കൊളത്തൂര്‍ എംഎല്‍എയായി വി.എസ്. ബാബു വിജയിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.കെ.സ്റ്റാലിനെ കൊളത്തൂര്‍ മണ്ഡലത്തില്‍ തോല്പിച്ച് എംഎല്‍എയായ വി.എസ്.ബാബു ശ്വാസതടസ്സത്തെ തുടര്‍ന്നു രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഡിഎംകെയില്‍ രാഷ്ട്രീയജീവിതം ആരംഭിച്ച ബാബു, 2006ല്‍ പുരുഷവാക്കം മണ്ഡലത്തില്‍നിന്നു നിയമസഭാംഗമായി. മണ്ഡലത്തിന്റെ ഭാഗം കൂടിയുള്‍പ്പെടുത്തി 2011ല്‍ കൊളത്തൂര്‍ മണ്ഡലം രൂപംകൊണ്ടപ്പോള്‍ സ്റ്റാലിനു വേണ്ടി പ്രചാരണം നടത്തി. എന്നാല്‍, തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ ഭൂരിപക്ഷം തീരെ കുറഞ്ഞതിന്റെ പേരിലുള്ള വിമര്‍ശനത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്പാണു ടിവികെയിലെത്തി മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചത്.
https://www.facebook.com/Malayalivartha

























