കേരള ഗവർണർ ആർലേക്കറുടെ നീക്കത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന് ആശങ്കയേറുന്നു..കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ രാജ്ഭവനിലേക്ക്..

കേരള ഗവർണർ ആർലേക്കറുടെ നിശബ്ദസമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശങ്കയേറുന്നു. ആർ എസ് എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുടെ പ്രഭാഷണം രാജ്ഭവനിൽ സംഘടിപ്പിച്ച വിവാദം മായുന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരനെ രാജ്ഭവൻ പ്രഭാഷണത്തിന് ക്ഷണിച്ചു. ജൂലൈ 17 ന് അദ്ദേഹം രാജ് ഭവനിൽ പ്രഭാഷണം നടത്തും. ആഗോള സാമ്പത്തിക നിലവാരം - ഇന്ത്യയുടെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് പ്രഭാഷണം നടക്കുക. ആത്മനിർഭർ ഭാരത് പദ്ധതിക്കാണ് പ്രഭാഷണത്തിൽ ഊന്നൽ നൽകുക.
അനന്തനാഗേശ്വരനെ പിണക്കിയാൽ പിണറായിയുടെ പണി തെറിക്കും എന്ന അവസ്ഥയാണുള്ളത്. കാരണം വിവിധ സംസ്ഥാനങ്ങൾക്ക് സാമ്പത്തികം വീതം വയ്ക്കുന്നതിൽ നിർണായക പങ്കാണ് ഡോ. അനന്തനാഗേശ്വരനുള്ളത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനാണ് അദ്ദേഹം. കേരള മുഖ്യമന്ത്രിയും ടീമും ചെന്ന് പതിവായി കരയുന്നതും ഇദ്ദേഹത്തിന് മുന്നിലാണ്. വിഴിഞ്ഞം, കെ. റയിൽ തുടങ്ങിയ വൻകിട പദ്ധതികൾ പരിഗണിക്കേണ്ടതും ഇദ്ദേഹം തന്നെയാണ്. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഡോ. വെങ്കിട്ടരാമൻ അനന്ത നാഗേശ്വരൻ, കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്റെ പിൻഗാമിയായി 2022 ജനുവരി 28 നാണ് രാജ്യത്തിന്റെ 18-ാമത് ഉപദേഷ്ടാവായി സ്ഥാനമേറ്റത്.
ഈ നിയമനത്തിന് മുമ്പ്, ഡോ. നാഗേശ്വരൻ എഴുത്തുകാരൻ, അധ്യാപകൻ, കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ബിസിനസ് സ്കൂളുകളിലും മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ധനകാര്യ വിപണികളും അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രവും പഠിപ്പിക്കുന്നയാളാണ് അദ്ദേഹം. ഐഎഫ്എംആർ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിന്റെ ഡീനും ക്രിയ യൂണിവേഴ്സിറ്റിയിൽ വിശിഷ്ട വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു അദ്ദേഹം. 2019 മുതൽ 2021 വരെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ പാർട്ട് ടൈം അംഗവുമായിരുന്നു.അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) നിന്ന് മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ (എംബിഎ) നേടിയിട്ടുണ്ട്,
കൂടാതെ വിനിമയ നിരക്കുകളുടെ അനുഭവപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള പ്രവർത്തനത്തിന് ആംഹെർസ്റ്റിലെ മസാച്യുസെറ്റ്സ് സർവകലാശാലയിൽ നിന്ന് ഡോക്ടറൽ ബിരുദവും നേടിയിട്ടുണ്ട്.1963 ൽ ജനിച്ച ഡോ. അനന്ത നാഗേശ്വരൻ 1994 നും 2004 നും ഇടയിൽ യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡിലും ക്രെഡിറ്റ് സൂയിസിലും ജോലി ചെയ്തു. തുടർന്ന് 2006 ൽ സിംഗപ്പൂരിലെ ബാങ്ക് ജൂലിയസ് ബെയർ & കമ്പനി ലിമിറ്റഡിൽ ഗവേഷണ മേധാവിയായി ചേർന്നു.2009 മാർച്ചിൽ അദ്ദേഹം കോർപ്പറേഷന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായി നിയമിതനായി. 2011 ജൂലൈ മുതൽ അദ്ദേഹം കൺസൾട്ടിംഗ്, എഴുത്ത്, അദ്ധ്യാപനം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റിയിലും വെൽത്ത് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലും അനന്ത നാഗേശ്വരൻ ചുമതലകൾ വഹിച്ചിട്ടുണ്ട്.
സിംഗപ്പൂരിലെ എൻപിഎസ് ഇന്റർനാഷണൽ സ്കൂളിന്റെ സഹസ്ഥാപകനും ഡയറക്ടർ ബോർഡ് അംഗവുമാണ് അദ്ദേഹം.ടിവിഎസ് സപ്ലൈ ചെയിൻസ് പ്രൈവറ്റ് ലിമിറ്റഡ്, ടിവിഎസ് ശ്രീ ചക്ര, അപരാജിത കോർപ്പറേറ്റ് സർവീസസ് എന്നിവയുൾപ്പെടെ വിവിധ കമ്പനികളുടെ ഡയറക്ടർ ബോർഡിലും അദ്ദേഹം അംഗമാണ്.പൊതുനയത്തിലെ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഒരു സ്വതന്ത്ര കേന്ദ്രമായ തക്ഷശില ഇൻസ്റ്റിറ്റ്യൂഷന്റെ സഹസ്ഥാപകനായി നാഗേശ്വരൻ സഹായിക്കുകയും 2001 ൽ ആവിഷ്കാർ ഗ്രൂപ്പിന്റെ ആദ്യ ഇംപാക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആരംഭിക്കാൻ സഹായിക്കുകയും ചെയ്തു.നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.ഡോ. അനന്തനാഗേശ്വരൻ തലസ്ഥാനത്ത് എത്തുമ്പോൾ അദ്ദേഹത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിക്കണമെന്ന താൽപര്യം മുഖ്യമന്ത്രിക്കുണ്ട്.
എന്നാൽ ഇക്കാര്യം മുഖ്യമന്ത്രി ധനമന്ത്രിയെ അറിയിച്ചിട്ടില്ല.ഇക്കാര്യം പുറത്തുപോയാൽ അത് വിവാദമാകുമോ എന്ന സംശയം മുഖ്യമന്തിക്കുണ്ട്, കേന്ദ്ര ഉപദേഷ്ടാവിനെ ഗൗനിക്കാതെ തിരിച്ചയച്ചാൽ പണി കിട്ടുമെന്ന കാര്യം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമറിയാം. കേരളത്തിൽ നിന്നുമെത്തുന്ന പദ്ധതികൾ പരിശോധിക്കുന്നവരിൽ ഡോ. നാഗേശ്വരനുമുണ്ട്. പദ്ധതികൾ അനാവശ്യമാണെന്ന ഉപദേശം നൽകിയാൽ കേരളത്തിന്റെ കാര്യം പ്രതിസന്ധിയിലാവും. ഇതുകൂടി കണക്കിലെടുത്താണ് മന്ത്രി ബാലഗോപാൽ അദ്ദേഹത്തെ കാണണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. എന്നാൽ ബാലഗോപാൽ പൊതുവേ ഇത്തരം കാര്യങ്ങളിൽ നിന്നും മാറി നിൽക്കാറാണ് പതിവ് . ധനമന്ത്രിയുടെ സഹോദരൻ ഡോ. കെ - എൻ. ഹരിലാലാണ് സംസ്ഥാനധനകാര്യ കമ്മീഷൻ ചെയർമാൻ, അദ്ദേഹവും ഡോ. അനന്തനാഗേശ്വരനെ കാണാൻ സാധ്യതയില്ല.എന്നിട്ട് ഡെൽഹിയിൽ ചെന്ന് കരച്ചിൽ തുടരും.
ഗവർണർ രണ്ടും കൽപ്പിച്ചാണ് നീക്കുന്നത്. ആർ എസ് എസ് സൈദ്ധാന്തികനെ രാജ്ഭവനിൽ കൊണ്ടു വന്നപ്പോൾ മുഖ്യമന്ത്രി ഒഴികെയുള്ളവരൊക്കെ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ ഭാരതാംബയുടെ ചിത്രം സി പി ഐ വിവാദമാക്കി. സർക്കാർ സമവായത്തിൽ പോകാൻ ആഗ്രഹിക്കുമ്പോഴും ഗവർണർ അതിന് തയ്യാറല്ല. ആരിഫ് മുഹമ്മദ് ഖാനെ പോലെ പത്ര സമ്മേളനങ്ങൾ വിളിക്കാറില്ലെങ്കിലും ഗവർണർ സർക്കാരിന് കീഴടങ്ങാറില്ല. സർക്കാരിന് തന്ത്രപൂർവം ഒന്നും നടത്തിയെടുക്കാൻ കഴിയാത്ത തരത്തിൽ ഗവർണർ സർവശക്തനാണ്. സർക്കാരുമായി യാതൊരു അടുപ്പവും ഗവർണർ വയ്ക്കാറുമില്ല. ശരിക്കും ഒരു സംഘപരിവാറുകാരന്റെ വാശി ഗവർണർക്കുണ്ട്.
സർവകലാശാലാ ഭരണത്തിൽ സർക്കാരിനെ തൊടുവിക്കാതിരിക്കാനുള്ള ആർജവം ഗവർണർ കാണിക്കുന്നുണ്ട്. 14 സർവകലാശാലകളിലെയും വൈസ്ചാൻസലർമാരുടെ യോഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 17ന് രാജ്ഭവനിൽ വിളിച്ചത് ഇതിന്റെ ഭാഗമാണ്.. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് യോഗം. നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വി.സിമാരോട് ഗവർണർ നിർദ്ദേശിക്കും. സർവകലാശാലകളിലെ വിദ്യാർത്ഥി പ്രവേശനം, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവ അവലോകനം ചെയ്യും. അക്കാഡമിക് കലണ്ടറിലെയും നാലുവർഷ ബിരുദ കോഴ്സിലെയും പ്രശ്നങ്ങൾ ചർച്ച ചെയ്യും.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാനുള്ള യു.ജി.സി നിർദ്ദേശങ്ങൾ നടപ്പാക്കാനും നിർദ്ദേശിക്കും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഈ മാസം 26 ന് നടത്തും. ഇതിന് മുന്നോടിയായി സർവകലാശാലകളിൽ നടപ്പാക്കിയ ലഹരിവിരുദ്ധ പരിപാടികളുടെ വിവരങ്ങളും ഗവർണർ തേടിയിട്ടുണ്ട്. ഇത് മൂന്നാം വട്ടമാണ് ഗവർണർ വി.സിമാരുടെ യോഗം വിളിച്ചുകൂട്ടുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ സെക്രട്ടറിക്കോ സർക്കാർ പ്രതിനിധികൾക്കോ യോഗത്തിലേക്ക് ക്ഷണമില്ല.അതായത് സർവകലാശാലകൾ ഗവർണർക്ക് കീഴിലായി കഴിഞ്ഞു.മന്ത്രി പോലും അപ്രസക്തമായ സാഹചര്യമാണുള്ളത്. ഇതേ വി.സി. മാർ അന്ന് വൈകിട്ട് നടക്കുന്ന പ്രഭാഷണത്തിലും പങ്കെടുക്കും.
ഇക്കഴിഞ്ഞ ഡൽഹി സന്ദർശനത്തിനിടയിൽ ഗവർണറെ മെരുക്കാനുള്ള വഴികൾ മുഖ്യമന്ത്രി തേടിയെങ്കിലും നടന്നില്ല. ഇതിനു മുമ്പ് കേന്ദ്രമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗവർണർ ഒരുപാട് പഴി കേട്ടതാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പിണറായിയുടെ ക്വട്ടേഷനൊന്നും ഏറ്റെടുക്കാറില്ല. ഗവർണറെ ഉപയോഗിച്ച് കേന്ദ്രമന്ത്രിയെ മെരുക്കാനുള്ള പിണറായിയുടെ ശ്രമം മകൾക്ക് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് ശേഷം ഗവർണർ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
കേരള സർവകലാശാല സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലിയായ പത്രപ്രവർത്തകനെ ഗവർണർ രാജേന്ദ്ര ആര്ലേക്കര് കഴിഞ്ഞദിവസം നിയമിച്ചിരുന്നു . ജന്മഭൂമി ദിനപത്രത്തിലെ എം സതീശനെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.എഞ്ചിനീറിങ് വിഭാഗം ഡീൻ ആയി പ്രൊഫസർ ബി ബിജുവിനെയും നിയമിച്ച് ഗവർണർ ഉത്തരവിറക്കി. നേരത്തെ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയിൽ ആർഎസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതിനെതിരെയും വലിയ രീതിയിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ആ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആർലേക്കറും നീങ്ങുന്നത്.
എന്നാൽ ഗവർണർ ഇതൊന്നും വകവയ്ക്കുന്ന പ്രകൃതക്കാരനല്ല നിരന്തരം ആർ എസ് എസ് അനുഭാവികളെ അദ്ദേഹം സർവകലാശാലയിൽ നിയമിക്കുന്നതും സർക്കാരിനെ വെല്ലുവിളിക്കാൻ വേണ്ടിയാണ്. മൂന്നാറിൽ സി പി ഐ കരിങ്കൊടി കാണിച്ചതും ഗവർണറെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതായത് സർക്കാരിനെ പരമാവധി പ്രകോപിപ്പിക്കാനാണ് ഗവർണറുടെ ശ്രമം.കേരള രാജ്ഭവനിൽ സി പി എം രാജ് നടപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും ഗവർണർ പരാജയപ്പെടുത്തുമെന്ന് മാത്രമല്ല രാജ്ഭവനിൽ പരമാവധി ആർ എസ് എസ് ആശയങ്ങൾ നടപ്പിലാക്കുകയും ചെയ്യും. പ്രഭാഷണ പരമ്പര അതിനുള്ള ശ്രമമാണ്. സാധാരണ രാജ്ഭവനുകളിൽ ഇത്തരം പ്രവണതകൾ പതിവുള്ളതല്ല. രസകരമായ ഒരു കാര്യം എന്തെന്നാൽ ഗവർണർ ക്ഷണിക്കുന്ന അതിഥികളുടെ ചെലവ് വഹിക്കുന്നത് കേരള സർക്കാരാണ്. കാരണം രാജ്ഭവനിൽ നടക്കുന്നതെല്ലാം ഔദ്യോഗിക ചടങ്ങുകളാണ്.
ഔദ്യോഗിക പരിപാടികളുടെ ചെലവ് കേരള സർക്കാർ നൽകും.ഇത് മധുരമായ ഒരു പകരം വീട്ടലാണ്. പിണറായിക്ക് ഇഷ്ടമില്ലാത്തതെല്ലാം പിണറായിയെ കൊണ്ട് ചെയ്യിക്കും. ശരിക്കും ആർ എസ് എസ് അടിത്തറയുള്ള നേതാവാണ് ഗവർണർ. മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്നതാണ് രീതി.ഇത് ആർ എസ് എസ് അദ്ദേഹത്തെ പഠിപ്പിച്ചതാണ്. ഇടതുപക്ഷത്തിനെതിരെയുള്ള പ്രഭാഷണങ്ങൾ ഇടതു സർക്കാരിന്റെ ചെലവിൽ സംഘടിപ്പിക്കും. വർത്തമാനം കുറയ്ക്കുകയും പ്രവർത്തി നടത്തുകയും ചെയ്യുന്ന രീതിയാണ് ഇത്. ആർലേക്കർ കേരള ഗവർണറായപ്പോൾ തന്നെ ഇക്കാര്യം പലരും പറഞ്ഞതാണ്. ഗോവ സ്വദേശിയായ ആർലെക്കർ ആർഎസ്എസിലൂടെ വളർന്നുവന്ന നേതാവാണ്. ദീർഘകാലം ആർഎസ്എസ് പ്രചാരക് ആയി പ്രവർത്തിച്ചിരുന്ന ആർലെക്കർ 1989ലാണ് ബിജെപി അംഗത്വം എടുക്കുന്നത്.
ഗോവ ബിജെപി ജനറൽ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപ്പറേഷൻ ചെയർമാൻ, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കേരളത്തിലെ പല ബി. ജെ പി നേതാക്കളുമായി പുതിയ ഗവർണർക്ക് അടുത്ത ബന്ധമുണ്ട്. 2002ൽ ഗോവ നിയമസഭാംഗമായി. 2014ൽ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോൾ ആർലെക്കറുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ലക്ഷ്മികാന്ത് പർസേക്കർ മുഖ്യമന്ത്രിയായി. ആർലെക്കർ സ്പീക്കറായിരിക്കുമ്പോഴാണ് ഗോവ നിയമസഭയെ രാജ്യത്തെ ആദ്യ കടലാസ്രഹിത നിയമസഭയായി പ്രഖ്യാപിച്ചത്. 2015ൽ മന്ത്രിസഭാ പുനഃസംഘടനയിൽ ഗോവയിൽ വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2021 ജൂലൈയിൽ ഹിമാചൽ പ്രദേശ് ഗവർണറായി. 2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണറായി നിയമിക്കപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആർലെക്കർ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്. എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച നേതാവ് കൂടിയാണ് ആർലെക്കർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് സത്യഗ്രഹ സമരം നടത്തിയതുകൊണ്ടല്ല, ജനങ്ങൾ ആയുധമെടുത്തതുകൊണ്ടാണ് എന്നായിരുന്നു ആർലെക്കറുടെ വിവാദമായ അവസാനത്തെ പ്രസ്താവന. ഡിസംബർ 22ന് ഗോവയിൽ ഒരു പുസ്തക പ്രകാശ ചടങ്ങിലായിരുന്നു ആർലെക്കറുടെ പ്രസ്താവന. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ആർലെക്കർ പറഞ്ഞു. ജെഎൻയു വിദ്യാർഥി നേതാവായിരുന്ന കനയ്യ കുമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കിടയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും പറയാനാവില്ല എന്ന പരാമർശവും ആർലെക്കർ നടത്തിയിരുന്നു.
ബിഹാർ ഗവർണറായിരിക്കുമ്പോൾ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട് നിതീഷ് കുമാർ സർക്കാരുമായും ആർലെക്കർ കൊമ്പുകോർത്തിരുന്നു. ഒരു വർഷത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ താത്പര്യം മുൻനിർത്തി തന്നെയാണ് ആർലെക്കർ എത്തുന്നത് എന്നാണ് കെ.സുരേന്ദ്രന്റെ പ്രതികരണവും വിരൽചൂണ്ടുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ശൂന്യമാക്കിയതെല്ലാം ആർലെക്കർ നികത്തും. ഇത്തരം ഒരുപ്രതീക്ഷക്കാണ് ഇപ്പോൾ മങ്ങലേറ്റത്. പക്ഷേ വ്യത്യസ്തമായ രീതിയിലായിരിക്കുമെന്ന് മാത്രം. ആർ എസ് എസ് നേതാവ് ഗുരുമൂർത്തിയെ രാജ്ഭവനിൽ കൊണ്ടു വന്നതും കേരള സർക്കാരിന്റെ ചെലവിലാണ്. പിണറായിയാകട്ടെ സി ബി ഐ അന്വേഷണത്തിന്റെ ഭീഷണിയിലാണ്. അദ്ദേഹത്തിന് ഗവർണറെ എന്നല്ല ആരെയും വെറുപ്പിക്കാനുള്ള ധൈര്യമില്ല. പക്ഷേ അക്കാര്യം തുറന്നു സമ്മതിക്കാനുള്ള ആർജവവുമില്ല. സി പി ഐ ഗവർണറോട് കോർക്കുമ്പോൾ പിണറായിക്ക് ചങ്കിടിയാണ്.
ആവശ്യമില്ലാതെ സി പി ഐ വിവാദമുണ്ടാക്കുന്നതായി മുഖ്യമന്ത്രി കരുതുന്നു. എന്നാൽ സി പിഎമ്മിലെ ഒരു വലിയ വിഭാഗം സിപി ഐയുടെ നിലപാടിന് ഒപ്പമാണ്. സി പി എമ്മിന് പൊതുവേ ബി ജെ പിയോടുള്ള വിരോധമാണ് ഇത്തരം അവവേളനങ്ങൾക്ക് പിന്നിലുള്ളത്.ഇതെല്ലാമാണ് സ്ഥിതിയെങ്കിലും ഗവർണർ മുഖ്യമന്ത്രിയെ കൊണ്ടുതന്നെ മുള്ളെടിപ്പിക്കുന്ന സമ്പ്രദായം തുടർന്നുകൊണ്ടേയിരിക്കുന്നു.
https://www.facebook.com/Malayalivartha

























