ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനരീതികളില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് കേരള ഗവര്‍ണര്‍

ഇപ്പോള്‍ ബ്രിട്ടീഷുകാരുടെ കാലത്തെ ഗവര്‍ണര്‍മാരല്ല ഇന്ത്യയിലുള്ളതെന്നും ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനരീതികളില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെഴുതിയ പുസ്തകങ്ങളുടെ റോയല്‍റ്റി തുക ഉപയോഗിച്ച് ഗോവയില്‍ നടപ്പാക്കുന്ന അന്നദാന പദ്ധതി ഗോവ രാജ്ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍മാര്‍ എപ്പോഴും ജനസേവകന്‍മാരായിരിക്കണം എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്ന് രാജേന്ദ്ര ആര്‍ലേക്കര്‍ . ഗവര്‍ണര്‍മാര്‍ രാജ്ഭവന്റേതു മാത്രമാകരുത്. അവര്‍ ജനങ്ങള്‍ക്കായി എന്തു ചെയ്‌തെന്ന് വ്യക്തമാക്കണം.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ അക്ഷരം പ്രതി നടപ്പാക്കുന്ന ഗോവ ഗവര്‍ണറുടെ മാതൃകയാണ് മറ്റു ഗവര്‍ണര്‍മാര്‍ പിന്തുടരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു പ്രവര്‍ത്തനരീതിക്ക് ആരംഭം കുറിച്ചത് ഗോവ ഗവര്‍ണറാണെന്നും ആര്‍ലേക്കര്‍ പറഞ്ഞു. പി.എസ്. ശ്രീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു.
കാന്‍സര്‍-വൃക്ക രോഗികള്‍ക്കുള്ള രാജ്ഭവന്റെ സാമ്പത്തിക സഹായം മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് വിതരണം ചെയ്തു. 2,162 രോഗികള്‍ക്ക് ഇതുവരെ ഏഴു കോടി രൂപയാണ് രാജ്ഭവന്‍ നല്‍കിയത്.
സ്പെഷ്യല്‍ സെക്രട്ടറി മിഹിര്‍ വര്‍ദ്ധന്‍ പദ്ധതി വിശദീകരിച്ചു. ഗോവയിലെ സന്നദ്ധ സംഘടനയായ സ്ട്രീറ്റ് പ്രൊവിഡന്‍സ് വഴിയാണ് അന്നദാന പദ്ധതി നടപ്പാക്കുക.
https://www.facebook.com/Malayalivartha