നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പ്രശംസിച്ച് രമേശ് ചെന്നിത്തല രംഗത്ത്. വിഷയത്തില്‍ ഫലപ്രദമായി ഇടപെട്ട് യെമന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം മുസ്ലിയാര്‍ക്ക് കേരള ജനതയുടെ അകൈതവമായ നന്ദിയെന്നും ഇതാണ് കേരളത്തിന്റെ മാതൃകയെന്നുമാണ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്. ദയാധനം നല്‍കിയാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കില്‍ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ചെന്നിത്തലയുടെ കുറിപ്പ്
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സന്തോഷവാര്‍ത്ത കേട്ടു. വിഷയത്തില്‍ ഫലപ്രദമായി ഇടപെട്ട് യെമന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കേരള ജനതയുടെ അകൈതവമായ നന്ദി! ഇതാണ് കേരളത്തിന്റെ മാതൃക ! മോചന ദ്രവ്യം നല്‍കി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കില്‍ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവരും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള കൂടുതല്‍ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും ഇതിനായി ഇടപെട്ട കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂര്‍ണ്ണവിജയത്തില്‍ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി വിവരിച്ചു.
https://www.facebook.com/Malayalivartha

























