തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ മൃഗ നിയമം മാറ്റണം: ചെറിയാൻ ഫിലിപ്പ്

കേരളത്തിൽ അഞ്ചു വർഷത്തിനിടയിൽ 13 ലക്ഷത്തോളം പേരെ തെരുവുനായ്ക്കൾ കടിക്കുകയും 109 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ സാമൂഹ്യ വിപത്തായി മാറിയിരിക്കുന്ന തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ മൃഗ നിയമത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് കേരള സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെടണം.
ഹൈക്കോടതി നിർദ്ദേശിച്ചതുപോലെ തെരുവുനായ ശല്യം ഒരു സംസ്ഥാന ദുരന്തമായി കേരള സർക്കാർ പ്രഖ്യാപിക്കണം. മൃഗ ജനന നിയന്ത്രണ നിയമപ്രകാരം കേരളത്തിലെ മൂന്നു ലക്ഷത്തിലധികം തെരുവുനായ്ക്കളിൽ ഇരുപതിനായിരത്തോളം പേരെ മാത്രമേ വന്ധ്യംകരിക്കാനും വാക്സിനേഷന് വിധേയമാക്കാനും കഴിഞ്ഞിട്ടുള്ളൂ. നിരൂപദ്രവകാരികളായ പശു, ആട്, പന്നി, കോഴി എന്നിവയെ ഭക്ഷ്യ മൃഗങ്ങൾ എന്ന പേരിൽ മനുഷ്യൻ കൊന്നു തിന്നുമ്പോൾ, പേവിഷബാധപരത്തുന്ന ഉപദ്രവകാരികളായ തെരുവുനായ്ക്കൾക്ക് സഹജീവി മൃഗം എന്ന നിലയിൽ നിയമപരിരക്ഷ നൽകുന്നത് യുക്തിസഹമല്ല. വീടുകൾ, ഹോട്ടലുകൾ എന്നിവയിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ പുറത്തു നിക്ഷേപിക്കുന്നതിനാൽ തെരുവുനായ്ക്കൾ തടിച്ചു കൊഴുക്കുകയും പെറ്റുപെരുകുകയും ചെയ്യുന്നു. എണ്ണം കൂടുന്നതോടെ ഇവർ അക്രമോത്സുകരാവുന്നു. കാൽനടക്കാരെയും ഇരുചക്ര വാഹനക്കാരെയും ആക്രമിക്കുന്നു. പലരും വളർത്തുനായ്ക്കളെ തുറന്നു വിടുന്നതിനാൽ രാത്രിയിലും വെളുപ്പിനും ഇവർ തെരുവുനായ്ക്കളോടൊപ്പം ചേർന്ന് വഴിയാത്രക്കാരുടെ മേൽ ചാടി വീഴുന്നു. പട്ടികൾ തമ്മിലുള്ള കടിപിടിയും ഓരിയിടലും മൂലം പലയിടത്തും ജനങ്ങളുടെ സ്വൈര്യവിഹാരം തടസ്സപ്പെടുത്തുന്നു. റാബിസ് വാക്സിൻ എടുക്കുന്ന വളർത്തുനായ്ക്കൾക്ക് ചിപ്പ് സഹിതമുള്ള ലൈസൻസ് കാർഡുകൾ സർക്കാർ നൽകണം. വളർത്തുനായ്ക്കളെ ഉടമയോടൊപ്പം അല്ലാതെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കരുത്.https://www.facebook.com/Malayalivartha