മദ്യപിച്ച് മദോന്മത്തനായ ഭർത്താവിന്റെ കൈകളിൽ തീർന്ന് അതുല്യയുടെ ജീവൻ? ഫോട്ടോ, വീഡിയോ തെളിവുകൾ പുറത്ത്: അവളുടെ ചിന്തയിൽ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് സതീഷ്...

ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ കൊല്ലം സ്വദേശി അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഭർത്താവ് സതീഷ് ശങ്കർ. അതുല്യ പോയതിന് പിന്നാലെ താനും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സതീഷ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. അതുല്യയ്ക്ക് ജോലിക്ക് പോകാനുള്ളതെല്ലാം താൻ ചെയ്തിരുന്നുവെന്നും സതീഷ് വ്യക്തമാക്കി. അതുല്യ ശനിയാഴ്ച മുതൽ ഇവിടെ ഒരു കമ്പനിയിൽ ജോലിക്ക് കയറാൻ നിൽക്കുകയായിരുന്നു. ശനിയാഴ്ച പോകാനുള്ള വണ്ടി ശരിയാക്കി. സാധനങ്ങളും ഞാൻ വാങ്ങിനൽകി. കെെയിൽ വയ്ക്കാൻ പണവും നൽകിയിരുന്നു.
അവധി ദിവസങ്ങളിൽ ഞാൻ അൽപം മദ്യപിക്കാറുണ്ട്. ശരിയാണ്, അത്തരത്തിൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ കൂട്ടുകാരൻ വിളിച്ചു. അങ്ങനെ ഞാൻ പുറത്തുപോയി. 12 മണിയ്ക്കാണ് പോയത്. പുറത്തുപോയിട്ട് വന്നപ്പോൾ ഞാൻ കണ്ടത് അവൾ തൂങ്ങിനിൽക്കുന്നതാണ്. കാൽ തറയിൽ വയ്ക്കാവുന്ന രീതിയിൽ ആണ് നിൽക്കുന്നത്. മൂന്ന് പേർ ചേർന്ന് പിടിച്ചാൽ അനങ്ങാത്ത ഞങ്ങളുടെ കട്ടിൽ ദിശ മാറി കിടക്കുകയായിരുന്നു. അന്ന് അത് ശ്രദ്ധിക്കാൻ പറ്റിയില്ല.
പിന്നെയാണ് ഞാൻ അതിനെക്കുറിച്ച് ആലോചിച്ചത്. അവൾ എന്റെ കാവി കയിലിയിലാണ് തൂങ്ങിയത്. അവളുടെ ചിന്തയിൽ ഇന്നലെ അവൾ തൂങ്ങിയ അതെ ഫാനിൽ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞാനും പൊലീസ് അന്വേഷണത്തിനാണ് കാത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കാം'- സതീഷ് പറഞ്ഞു.അതേസമയം, സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. സതീഷിനെതിരെ ശാരിരീക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലും ഭർത്താവ് അതുല്യയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ചവറ തെക്കുംഭാഗം കോയിവിള അതുല്യ ഭവനിൽ അതുല്യ സതീഷിനെ (30) ആണ് ഷാർജയിലെ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം
അതുല്യ മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് മദോന്മത്തനായി ഭാര്യയോട് പല ക്രൂരതകളും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്. ദുബായിലെ അരോമ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾസ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവർ സൂക്ഷിക്കുന്നത്.
മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിന്മേൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുൻപേ ഈ യുവതി ജീവിതത്തോട് വിടപറഞ്ഞു. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.
ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാർജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാൽ തിരിക നാട്ടിലേക്ക് അയക്കുകയായിരുന്നു. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. അഖിലയോട് അതുല്യ ഭർത്താവിന്റെ പീഡന കഥകൾ പതിവായി പറയാറുണ്ടായിരുന്നു. കൂടാതെ തെളിവായി എല്ലാ ഫോട്ടോകളും അയച്ചുകൊടുക്കുകയായിരുന്നു. അതുല്യയുടെ മരണം സംബന്ധിച്ച് അഖിലയുടെ ഭർത്താവ് ഗോകുൽ സഹായത്തിനായി ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
കൊല്ലം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ ഞെട്ടലിൽ നിന്ന് വിടുതൽ നേടുന്നതിന് മുൻപാണ് തീരാ വേദനയിലാഴ്ത്തി അതുല്യയുടെ മരണം. ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് മകളെ കൊലപ്പെടുത്തി വിപഞ്ചിക ഒരേ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. വൈഭവിയുടെ മൃതദേഹം ദുബായ് ജബൽ അലിയിൽ സംസ്കരിച്ചു. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha