ഉത്തരവുകള്‍ വകവയ്ക്കാതെ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ...

ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ തുടരുന്നു. കര്‍ശനനിയമം കടലാസിലൊതുക്കിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ടിപ്പര്‍ ലോറികളും മറ്റും സ്‌കൂള്‍ സമയത്തടക്കം മരണപ്പാച്ചില്‍ നടത്തുന്നത്. സ്‌കൂള്‍ പ്രവൃത്തിസമയം തുടങ്ങുന്ന രാവിലെ എട്ട് മുതല്‍ 10 വരെയും വൈകുന്നേരം ക്ലാസുകള്‍ വിടുന്ന നാലുമണി മുതല്‍ ആറുവരെയും ടിപ്പര്‍ ലോറികള്‍ ഓടരുതെന്ന കര്‍ശന ഉത്തരവ് നിലവിലുണ്ട്.
രാവിലെയും വൈകുന്നേരവും ഉച്ചക്കുമെല്ലാം കുട്ടികള്‍ റോഡിലും പരിസരങ്ങളിലും ഉണ്ടാവുകയും ഒട്ടേറെ അപകടങ്ങള്‍ പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് വര്‍ഷം മുമ്പ് ടിപ്പര്‍ ലോറികളുടെ ഓട്ടം ഈ സമയങ്ങളില്‍ ഒഴിവാക്കാനായി സംസ്ഥാന പൊലീസ് മേധാവിതന്നെ ഉത്തരവിട്ടത്.
അതിരാവിലെ ഓടാമെങ്കിലും കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന സമയം ലോറികള്‍ നിര്‍ത്തിവെക്കുകയും വേണം. തുടര്‍ന്ന് രാവിലെ 10ന് ശേഷം ഓടാവുന്നതാണ്. വൈകീട്ട് നാലു മുതല്‍ വീണ്ടും നിര്‍ത്തിവെക്കണം. പിന്നീട് ആറിനു ശേഷം ഓടാവുന്നതാണ്.
സ്‌കൂള്‍സമയത്തെ ഓട്ടം തടഞ്ഞുകൊണ്ടുള്ള ഈ ഉത്തരവാണ് നിലവില്‍ ഒരിടത്തും പാലിക്കാത്തത്. അധ്യയന വര്‍ഷാരംഭത്തില്‍ ഇത്തവണയും സംസ്ഥാനത്താകെ ജില്ലകള്‍ തിരിച്ച് സ്‌കൂള്‍ സമയത്തെ ടിപ്പറുകളുടെ ഓട്ടം ക്രമീകരിച്ചിരുന്നു.എന്നാല്‍, എവിടെയും നടപ്പായില്ല.
സ്‌കൂള്‍ കുട്ടികളെയും മറ്റു വഴിയാത്രികരെയും വകവെക്കാതെയാണ് ടിപ്പറുകളുടെ പരക്കംപാച്ചില്‍. നിറയെ കരിങ്കല്ലുകള്‍ നിറച്ച് ടിപ്പറുകള്‍ പരക്കംപായുമ്പോള്‍ റോഡിലേക്ക് കല്ലുകള്‍ തെറിച്ചുവീഴുന്നതും ഒട്ടേറെ അപകടങ്ങള്‍ സംഭവിക്കുന്നതും പതിവായ കാഴ്ചയാണ്.
https://www.facebook.com/Malayalivartha