വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ ജനസഹസ്രങ്ങള്‍... കൊല്ലത്ത് പ്രിയപ്പെട്ട സഖാവിനെ ഒന്നു കാണാനായി ജനങ്ങളുടെ ഒഴുക്ക്

ഒരു നോക്കു കാണാനായി... പ്രിയപ്പെട്ട സമരനായകനും കേരളത്തിന്റെ കാവാലാളുമായിരുന്ന വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ ജനസഹസ്രങ്ങള്‍ രാത്രി ഏറെ വൈകിയും റോഡിന്റെ ഇരു വശങ്ങളിലും വി എസിന്റെ വരവിനായി കാത്തു നില്‍ക്കുകയാണ് .
വിഎസ് പകര്‍ന്നു നല്‍കിയ പോരാട്ട വീര്യത്തിന്റെ, സമരോജ്വലമായ ജീവിതത്തിന്റെ പ്രതിഫലനമാണ് വഴിയരുകില്‍ കാത്തുനില്‍ക്കുന്ന ഈ ജനസഞ്ചയം. നാടിന്റെ മുഴുവന്‍ ഹൃദയവും കവര്‍ന്നെടുത്താണ് സമര മുദ്രകള്‍ പതിഞ്ഞ വീഥികളിലൂടെ വിഎസ്സിന്റെ വിലാപയാത്ര നീങ്ങുന്നത്.
പതിറ്റാണ്ടുകളോളം വി എസ് കര്‍മഭൂമിയാക്കിയ സെക്രട്ടേറിയറ്റും നിയമസഭയുമെല്ലാം പിന്നിടാനെടുത്തത് മണിക്കൂറുകളാണ്. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാനായി വഴിയിലുടനീളം കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക. രാവിലെ
ആറുമണി കഴിഞ്ഞിട്ടും ഓച്ചിറ എത്തുന്നതേയുള്ളൂ. പല ജില്ലകളില്‍ നിന്നുള്ള ആളുകളും ഇവിടെ വന്നു നില്‍ക്കുന്നുണ്ട് പ്രിയ സഖാവിനെ ഒരുനോക്കു കാണാന്‍.
പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകുന്നേരം നാലുമണിയോടെ വലിയചുടുകാട്ടിലാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക.
https://www.facebook.com/Malayalivartha