നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് കാന്തപുരത്തിന്റെ ഓഫീസ്

യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് വിവരം ലഭിച്ചെന്നും മോചനം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നും കാന്തപുരം എ പി അബൂബക്കന്‍ മുസലിയാറിന്റെ ഓഫീസ് അറിയിച്ചു. മാപ്പ് നല്‍കുന്നതില്‍ ധാരണയായെന്നും അന്തിമ ധാരണ ഏതാനും മണിക്കൂറുകള്‍ക്കകം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തിയിട്ടുണ്ട്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് കത്തയച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കത്തിന്റെ ചിത്രം അബ്ദുല്‍ ഫത്താഹ് മഹ്ദി പങ്കുവച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും തങ്ങള്‍ വ്യക്തത തരുന്നില്ലെന്നും മൗനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വധശിക്ഷ നീട്ടിവച്ചത്. നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷപ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.
https://www.facebook.com/Malayalivartha