എഡിജിപി എംആര്‍ അജിത് കുമാര്‍ ഇനി എക്‌സൈസ് കമ്മീഷണര്‍

ശബരിമല വിവാദത്തിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. ബറ്റാലിയനില്‍ നിന്നും മാറ്റിയ കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.
ശബരിമലയില്‍ അജിത് കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയത് വിവാദത്തിലാക്കിയിരുന്നു. സംഭവത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിരുന്നു. ട്രാക്ടര്‍ ചരക്ക് നീക്കത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അജിത് കുമാര്‍ ഇത് ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ജൂലായ് മാസം ആദ്യ ആഴ്ചയാണ് സംഭവം നടന്നത്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര. പത്തനംതിട്ട എസ്.പി വി.ജി. വിനോദ് കുമാറാണ് സൗകര്യം ഒരുക്കിയതെന്നും ആക്ഷേപമുണ്ട്. പമ്പയില്‍ സി.സി.ടി.വി ക്യാമറ പതിയാത്ത സ്ഥലത്ത് നിന്ന് ട്രാക്ടറിന്റെ പെട്ടിയില്‍ കയറി ടാര്‍പോളിന്‍ ഷീറ്റിട്ട് മറച്ചായിരുന്നു യാത്ര. ഇതിന്റെ ദൃശ്യങ്ങള്‍ ചില തീര്‍ത്ഥാടകര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ടാണ് അജിത് കുമാര്‍ ശബരിമലയിലെത്തിയത്. സുരക്ഷ മുന്‍നിറുത്തി ട്രാക്ടറില്‍ ക്ലീനറെപ്പോലും കയറ്റുന്നത് ശിക്ഷാര്‍ഹമാണ്.
സന്നിധാനത്തെ സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തിയിരുന്നത്. ആളുകളെ കയറ്റിയ ട്രാക്ടറുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ കഴിഞ്ഞ മാസപൂജയ്ക്കും പ്രതിഷ്ഠാചടങ്ങുകള്‍ക്കും അദ്ദേഹം ശബരിമലയില്‍ എത്തിയിരുന്നില്ല. ഇതിനിടെയാണ് വിലക്കുകള്‍ ലംഘിച്ച് എ.ഡി.ജി.പി യാത്ര നടത്തിയത്.
https://www.facebook.com/Malayalivartha