ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് തലാലിന്റെ സഹോദരന്‍

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്ത്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് കത്തയച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കത്തിന്റെ ചിത്രം അബ്ദുല്‍ ഫത്താഹ് മഹ്ദി പങ്കുവച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും തങ്ങള്‍ വ്യക്തത തരുന്നില്ലെന്നും മൗനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
'എന്താണ് വ്യക്തമാക്കാനുള്ളത് അത് മാത്രമെ ഇവിടെ പറയുന്നുള്ളൂ. എല്ലാവരും പറയുന്നതിന് മറുപടി നല്‍കേണ്ടതില്ല. ഞങ്ങളുടെ ദിശ വളരെ വ്യക്തവും വിശ്വസനീയവുമാണ്. മൗനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ശബ്ദത്തേക്കാള്‍ നല്ലത് മൗനമാണ്. നീതി ശബ്ദത്തിലൂടെയല്ല അളക്കുന്നത്. നിങ്ങളുടെ അവകാശങ്ങളും ദൃഢനിശ്ചയവും തകര്‍ക്കാന്‍ കഴിയില്ല' അബ്ദുല്‍ ഫത്താഹ് മഹ്ദി കുറിച്ചു.
2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വധശിക്ഷ നീട്ടിവച്ചത്. നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു.
എന്നാല്‍ ദയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തലാലിന്റെ കുടുംബം. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.
തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷപ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.
https://www.facebook.com/Malayalivartha