പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും അറസ്റ്റ് രേഖപ്പെടുത്തുന്ന സമയമല്ല ഇക്കാര്യത്തില്‍ ബാധകമെന്നും ഹൈക്കോടതി. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതോടെ ഒരാള്‍ യഥാര്‍ഥത്തില്‍ അറസ്റ്റിലാകുന്നുവെന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുമ്പ് കസ്റ്റഡിയിലുണ്ടായിരുന്ന സമയവും 24 മണിക്കൂറിന്റെ പരിധിയില്‍ കണക്കാക്കണം.
അറസ്റ്റിലായയാളെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് ഭരണഘടന പറയുന്നത്. അറസ്റ്റിലായ സ്ഥലത്തുനിന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുള്ള സമയത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇളവുള്ളത്. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ഒരാളെ 24 മണിക്കൂറിലധികം തടവില്‍ വെക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയില്ലെന്നതിന്റെ പേരില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് നിരീക്ഷണം.
"
https://www.facebook.com/Malayalivartha






















