തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു..ബന്ധുക്കൾക്ക് കിട്ടിയത് വീട്ടമ്മയുടെ തണുത്ത് മരവിച്ച ശരീരം..ആരോപണങ്ങൾ പൂർണ്ണമായും തള്ളി ആശുപത്രി..

തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ചികിത്സപ്പിഴവെന്നു പരാതി. തേവലക്കര മുള്ളിക്കാല വടക്ക് അനിൽ ഭവനത്തിൽ അനിൽകുമാറിന്റെ ഭാര്യ ഉദയലക്ഷ്മിയാണ് (42) മരിച്ചത്. ചെങ്ങന്നൂർ കൊല്ലകടവ് ചെറിയനാട്ടെ സ്വകാര്യ ആശുപത്രിയിൽ 16ന് ശസ്ത്രക്രിയയ്ക്കു വിധേയയായ ശേഷം ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശ്വാസതടസ്സം മാറ്റുന്നതിനുള്ള ചികിത്സയ്ക്കിടെയാണ് മരിച്ചത്.വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ, ഐസിയുവിലേക്ക് മാറ്റിയശേഷം 17ന് ഉച്ചയ്ക്ക് ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയതിനു
പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.എന്നാൽ, ബന്ധുക്കളുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ വെൺമണിയിലെ സഞ്ജീവനി ആശുപത്രി അധികൃതർ, ചികിത്സയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ചു.വെൺമണി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭർത്താവ് അനിൽകുമാർ വിദേശത്താണ്.
തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ ബാധ കണ്ടെത്തിയതിനെ തുടർന്നാണ് ഉദയലക്ഷ്മിയെ ചികിത്സയ്ക്കായി സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് ഈ മാസം 16-നായിരുന്നു ഇവരുടെ തൈറോയ്ഡ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയിലൂടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തതിന് ശേഷം രോഗിയുടെ ശ്വസനം സുഗമമാക്കുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ 'ട്രാക്കിയോസ്റ്റമി' ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഉദയലക്ഷ്മിയുടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.ട്രാക്കിയോസ്റ്റമിക്ക് വിധേയയാക്കുന്നതിന് തൊട്ടുമുമ്പുവരെ യാതൊരുവിധ ശാരീരിക അസ്വസ്ഥതകളുമില്ലാതെ ബന്ധുക്കളോട് സംസാരിച്ച് സാധാരണപോലെ
പെരുമാറിയ രോഗി പെട്ടെന്ന് മരണപ്പെട്ടതാണ് കുടുംബാംഗങ്ങളിൽ കടുത്ത സംശയത്തിന് ഇടയാക്കിയത്.ഉദയലക്ഷ്മിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെൺമണി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും രോഗിയുടെ മുഴുവൻ ചികിത്സാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























