കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്

കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്. ചടയമംഗലം ജടായു എർത്ത് സെന്റർ ഓപ്പൺ ഹാളിൽ നടന്ന ചടങ്ങിൽ കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാബ് സിങ് മന്ത്രി പി സി വിഷ്ണുനാഥിന് നൽകി പ്രകാശിപ്പിക്കുകയും ചെയ്തു.
കൊല്ലം ചടയമംഗലത്തെ പാറക്കെട്ടിനു മുകളിൽ ശിൽപ്പി രാജീവ് അഞ്ചലും സംഘവും ഒരുക്കിയ കൂറ്റൻ ജടായു ശിൽപ്പം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ സവിശേഷ അടയാളമാണ്.
സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിലുള്ള കൂറ്റൻ പാറയിലാണ് 200 അടി നീളത്തിലും 150 അടി വീതിയിലും 70 അടി ഉയരത്തിലും പത്തുവർഷത്തെ കഠിനാധ്വാനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിശിൽപ്പമായ ജടായു നിർമിച്ചിട്ടുള്ളത്. കേരള ടൂറിസം രംഗത്തെ ആദ്യ ബിഒടി (ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) ടൂറിസം പദ്ധതിയാണിത്.
ഒപ്പം സാഹസിക ടൂറിസം കേന്ദ്രവും. കൂറ്റൻ ടവറുകളിൽ സ്ഥാപിച്ച ഗ്ലാസ് ഭിത്തിയുള്ള കേബിൾ കാറിലൂടെയാണ് പാറയുടെ മുകളിലേക്കുള്ള യാത്ര. ദൈർഘ്യം ഏകദേശം ഒരു കിലോമീറ്റർ. ഒരു കാറിൽ എട്ട് പേർക്ക് യാത്ര ചെയ്യാവുന്നതാണ്. ഇത്തരത്തിൽ മണിക്കൂറിൽ 400 പേരെ ജടായു പാറയിലെത്തിക്കാവുന്ന 16 കേബിൾ കാറുകളുണ്ട്. രാമായണ കഥയുമായി ബന്ധപ്പെട്ടാണ് ജഡായു പാറയുടെ സ്ഥാനമുള്ളത്. സീതാദേവിയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയ രാവണനെ തടഞ്ഞ ജഡായു എന്ന പക്ഷിരാജൻ ചിറകറ്റുവീണ പാറയാണിതെന്നാണ് സങ്കൽപ്പമുള്ളത്. ഐതിഹ്യത്തിൽ ജഡായു മംഗലം എന്നറിയപ്പെട്ട ഈ മലനാട് കാലാന്തരത്തിൽ ചടയമംഗലം എന്നായി. ഇടതു ചിറകറ്റ നിലയിലും വലതു ചിറക് വിടർത്തിയും കൊക്കും കാൽനഖങ്ങളും ഉയർത്തിയും ജഡായു കിടക്കുന്ന രൂപത്തിലാണ് നിർമാണം.
നിതേഷ് തിവാരി സംവിധാനം ചെയ്ത ഹിന്ദി ചിത്രം രാമായണയുടെ റിലീസിനു പിന്നാലെ ഉത്തരേന്ത്യയിൽ നിന്നടക്കം ജടായുപ്പാറയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണമേറിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























