ബി അശോകിന് പിന്നിൽ സി പി ഐ ?റിപ്പോർട്ട് കൃഷിമന്ത്രിയുടെ അറിവോടെ : സർക്കാർ പ്രതിസന്ധിയിൽ

കേര പദ്ധതി സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലിൽ ലോകബാങ്ക് പ്രതിനിധി കൃഷിവകുപ്പിലേക്ക് അയച്ച ഇമെയിലിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫിസ് അനധികൃതമായി കൈക്കലാക്കിയെന്നും ഗുരുതര കുറ്റകൃത്യമാണിതെന്നും കാണിച്ചാണ് ബി അശോക് റിപ്പോർട്ട് സമർപ്പിച്ചത്. വിവരം ചോർത്തിയവരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നതിനിടെയായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ ഐടി നിയമത്തിന്റെ പരിധിയിൽ അന്വേഷിക്കേണ്ട കുറ്റകൃത്യമാണെന്നു ശുപാർശ ചെയ്യുന്ന റിപ്പോർട്ട് സർക്കാർ അംഗീകരിക്കാനിടയില്ല. ഇതാണ് ബി. അശോകിന്റെ സ്വഭാവം. അദ്ദേഹം ആർക്കും സാധാരണ വഴങ്ങാറില്ല. മുമ്പും ഇതേ രീതിയിൽ തന്നെയാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. അശോകിന്റെ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണത്തിലേക്കു കടക്കുകയാണ് അടുത്ത വഴി. ചീഫ് സെക്രട്ടറിയുടെയോ ധനവകുപ്പിന്റെയോ നേതൃത്വത്തിലുള്ള അന്വേഷണം പരിഗണനയിലുണ്ട്. ആര് അന്വേഷിച്ചാലും കൃഷിവകുപ്പിലെ ഇമെയിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് എങ്ങനെ ലഭിച്ചു എന്നതു കണ്ടെത്തേണ്ടിവരും. മറ്റൊരു സാധ്യത കൂടി സർക്കാർ പരിശോധിക്കുന്നുണ്ട്. തത്കാലം വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാതിരിക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ സി പി ഐ യുടെ അമർഷവും തത്കാലം ഒഴിവാക്കാം.
കൃഷിവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നേരിട്ടുള്ള ഇടപെടലിലാണ് വാർത്താ ചോർച്ചയുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഫയൽ നീക്കം നടന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മറ്റു വകുപ്പുകൾക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫിസ് നിരീക്ഷണം നടത്തുന്നുണ്ടെന്ന സൂചനയോടെയാണ് അശോക് റിപ്പോർട്ട് തയാറാക്കിയത്. വിവിധ വകുപ്പുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിരീക്ഷണം ശക്തമാണ്. ഘടകകക്ഷി മന്ത്രിമാരിൽ പലരുടെയും ഓഫീസിൽ മുഖ്യമന്ത്രിയുടെ ചാരൻമാരുണ്ട്. അവരിൽ പലരും റിപ്പോർട്ട് ചെയ്യുന്നത് മുഖ്യമന്ത്രിക്കാണ്. ബി. അശോക് മുഖ്യമന്ത്രിയുടെ ഓഫീസിന് പറ്റിയ ഇരയല്ല. അശോകിനോട് മുമ്പ് കളിച്ചവരൊക്കെ തോറ്റിട്ടേയുള്ളു. കാരണം ഏതറ്റം വരെയും നിയമപോരാട്ടം നടത്താൻ ബി. അശോക് എന്നും എപ്പോഴും തയ്യാറായിരുന്നു.
തന്നെ കെടിഡിഎഫ്സി ചെയർമാനും മാനേജിങ് ഡയറക്ടറുമായി സ്ഥലംമാറ്റിയതു ചോദ്യംചെയ്തുള്ള നിയമപ്പോരാട്ടത്തിനു ബി.അശോക് ഒരുങ്ങുകയാണ് . താരതമ്യേന ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കു നൽകുന്ന നിയമനമാണിതെന്നും സർക്കാരിന്റേതു പ്രതികാരനടപടിയാണെന്നും കാട്ടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അദ്ദേഹം സമീപിക്കും.
8 മാസത്തിനിടെ അശോകിനെ ഉന്നമിട്ടുള്ള സർക്കാരിന്റെ മൂന്നാമത്തെ നടപടിയാണിത്. അപ്രധാന തസ്തികയിൽ തളച്ചിടാൻ ലക്ഷ്യമിട്ട് തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ രൂപീകരിച്ച് ജനുവരിയിൽ അദ്ദേഹത്തെ അധ്യക്ഷനായി നിയമിച്ചിരുന്നു. സിഎടി അതു റദ്ദാക്കിയതോടെ, അശോക് ഉൾപ്പെട്ട കൃഷിവകുപ്പിനെ ലക്ഷ്യമിട്ടായി നീക്കം. വകുപ്പിലെ വാർത്താ ചോർച്ചയിലുള്ള അന്വേഷണവും തിരിച്ചടിയായതോടെയാണ്, അടച്ചുപൂട്ടൽ ഭീഷണി കെടിഡിഎഫ്സിയിലേക്കുള്ള സ്ഥലംമാറ്റം. മന്ത്രി പ്രസാദിനെ ഉന്നമിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നീങ്ങുന്നത്. ത്യശൂർ പൂരം കലക്കലിൽ മന്ത്രി രാജനെ നോട്ടമിട്ടതുപോലെ തന്നെയാണ് മന്ത്രി പ്രസാദിനെയും ലക്ഷ്യമിടുന്നത്. അശോകിന് കൃഷിമന്ത്രിയുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനറിയാം.
കേര പദ്ധതിയുമായി ബന്ധപ്പെട്ട് ലോകബാങ്കുമായുള്ള ആശയവിനിമയങ്ങൾ ജി മെയിൽ വഴി നടത്തിയതാണ് മാധ്യമങ്ങൾക്കു വാർത്ത ചോരാൻ കാരണമെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാദം കൃഷി വകുപ്പ് നേരത്തെ തള്ളിയിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കു സർക്കാരിന്റെ മെയിൽ മാത്രമേ ഉപയോഗിക്കാവൂ എന്നു കാണിച്ചാണ് വാർത്താ ചോർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് അടുത്തയിടെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഈ വാദം തള്ളിയ കൃഷി വകുപ്പ്, മുഖ്യമന്ത്രിയുടെ ഓഫിസിലടക്കം സർക്കാർ സംവിധാനത്തിലുടനീളം ജി മെയിൽ ഉപയോഗിക്കുന്നതിന്റെ തെളിവുകളും ഹാജരാക്കി. ഇതിനും കൃഷിമന്ത്രിയുടെ അംഗീകാരമുണ്ടായിരുന്നു.
ഉന്നത വിദ്യാഭ്യാസ, വൈദ്യുതി മന്ത്രിമാർ, രാജ്ഭവൻ, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, വിവിധ മന്ത്രിമാരുടെ ഓഫിസിലെ ഉദ്യോഗസ്ഥർ എന്നിവരടക്കം ഔദ്യോഗിക ആവശ്യങ്ങൾക്ക് ജി മെയിൽ ഉപയോഗിക്കുന്ന ഇരുനൂറോളം പേരുടെ പട്ടികയാണ് അന്വേഷണ റിപ്പോർട്ടിൽ വകുപ്പ് ഉൾപ്പെടുത്തിയത്. ഇത്രയും പേർ ജി മെയിൽ ഉപയോഗിക്കുമ്പോൾ, അതുപയോഗിച്ചതു കൊണ്ടാണ് വാർത്ത ചോർന്നതെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാദത്തിൽ കഴമ്പില്ലെന്നാണു കൃഷി വകുപ്പിന്റെ നിലപാട്.
വാർത്ത ചോർത്തിയതിൽ കൃഷി വകുപ്പിനു പങ്കില്ലെന്നും ലോക ബാങ്ക് അയച്ച ഇ മെയിലിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിനു ലഭിച്ചത് അനധികൃതമാണെന്നും അന്വേഷണ റിപ്പോർട്ടിൽ കൃഷി വകുപ്പ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പമാണ്, ഔദ്യോഗിക മെയിൽ സംവിധാനം ഉപയോഗിക്കാത്തതിൽ വീഴ്ചയുണ്ടായെന്ന വാദവും തള്ളിയത്.സർക്കാരിന്റെ രഹസ്യരേഖ ചോർന്നാൽ അതെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറയുമ്പോഴാണ്, അദ്ദേഹത്തിന്റെ ഓഫിസിന്റെ വാദങ്ങളെല്ലാം തള്ളി കൃഷി വകുപ്പ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ഏപ്രിൽ 27നു വൈകിട്ട് ലോകബാങ്ക് പ്രതിനിധി കൃഷി വകുപ്പിന്റെ രണ്ട് ജി മെയിൽ അക്കൗണ്ടുകളിലേക്ക് അയച്ച കത്ത് മാധ്യമങ്ങൾക്കു ചോർന്നതാണു വാർത്തയ്ക്കു കാരണമെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാദം. എന്നാൽ, അന്ന് രാവിലെയിറങ്ങിയ പത്രങ്ങളിൽ ലോകബാങ്കിന്റെ ഫണ്ട് സർക്കാർ വകമാറ്റിയ വാർത്തയുണ്ടെന്നു പരിശോധനയിൽ കൃഷി വകുപ്പ് കണ്ടെത്തി. ഇതോടെ, ചോർച്ചയുടെ സ്രോതസ്സ് തങ്ങളല്ലെന്ന ഉറച്ച നിലപാട് കൃഷി വകുപ്പ് എടുത്തു. മാധ്യമങ്ങൾക്കു വാർത്ത ചോർത്തിയവരെ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നിയോഗിക്കപ്പെട്ട കൃഷി വകുപ്പ് തങ്ങളിൽ നിന്ന് അങ്ങനെയൊരു ചോർച്ചയുണ്ടായിട്ടില്ലെന്നു തീർത്തുപറഞ്ഞതോടെ, ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ ഇനി പുതിയ അന്വേഷണം പ്രഖ്യാപിക്കുമോയെന്നാണു ചോദ്യം.
കാര്‍ഷിക മേഖലയുടെ സമഗ്ര നവീകരണത്തിനായി ലോക ബാങ്കിന്റെ കേര പദ്ധതിയില്‍ കേരളത്തിന് അനുവദിച്ച 2365.48 കോടി രൂപയുടെ വായ്പ വകമാറ്റി ചെലവഴിച്ച സംഭവം വിവാദമായതിനു പിന്നിലെ ഇമെയില്‍ ചോര്‍ച്ചയിലെ സത്യം പുറത്തു വന്നത് സര്‍ക്കാരിന് പിടിച്ചില്ല. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു ഡോ. ബി. അശോകിനെ മാറ്റിയത് ഇതിന്റെ പകയാണ്.
കേര പദ്ധതിയില്‍ കര്‍ഷകര്‍ക്കായി അനുവദിച്ച തുക വകമാറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ന്നത് വലിയ വിവാദമായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ ഇടപെട്ട് അന്വേഷണവും പ്രഖ്യാപിച്ചു. ഇതു വിവാദമായി കത്തിപ്പടരുന്നതിനിടെയാണ് ബി. അശോകിനെ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയത്. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് അദ്ദേഹം തുടരും. കൃഷി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അവധി കഴിഞ്ഞു മടങ്ങിയെത്തിയ ടിങ്കു ബിസ്വാളിനെ നിയമിച്ചു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം നിര്‍ദേശിച്ചതനുസരിച്ചാണ് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഇ-മെയിലില്‍ നിന്ന് പുറത്തുപോയ ലോകബാങ്ക് സന്ദേശം എബ്രഹാം ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍, ഇതിന്റെ അന്വേഷണച്ചുമതല അശോകിനുതന്നെ ലഭിച്ചു.
വിവാദത്തിലായ ഇ-മെയില്‍ കൃഷിവകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍മാത്രം കൈകാര്യംചെയ്യുന്നതാണെന്നും എന്നാല്‍, അവര്‍ അത് തുറന്നിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ അശോക് ചൂണ്ടിക്കാട്ടിയത്. അവര്‍ അല്ലാതെ തുറന്നത് ചോര്‍ത്തലാണെന്നും ഐടി നിയമപ്രകാരം കുറ്റകരമാണെന്നും വാദിച്ച് അശോക് അന്വേഷണം അവസാനിപ്പിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്തവന്നശേഷമാണ് ഇ-മെയില്‍ സന്ദേശത്തിന്റെ പ്രിന്റ് എടുത്തതെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കൃഷിമന്ത്രി വഴി ചീഫ് സെക്രട്ടറിക്ക് അശോക് കൈമാറിയിരുന്നു. ഇത് മുഖ്യമന്ത്രിക്ക് ലഭിച്ചതിനുപിന്നാലെയാണ് അശോകിന്റെ സ്ഥാനചലനം.
അശോകിനെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് വിശദീകരണമൊന്നും ചോദിക്കാതെയാണ്. മാറ്റത്തില്‍ എതിര്‍പ്പുള്ളതു കൊണ്ട് അദ്ദേഹം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിനും അറിയാം. ഓണ അവധി യാണ് ഇപ്പോള്‍. അതുകൊണ്ട് സെപ്റ്റംബര്‍ എട്ടുവരെ ട്രിബ്യൂണല്‍ അവധിയാണ്. ഇതുകൂടി കണക്കിലെടുത്താണ് അശോകിനെ തിടുക്കത്തില്‍ മാറ്റിയത്. കാര്‍ഷികമേഖലയുടെ സമഗ്ര നവീകരണം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 2365.48 കോടിയുടെ കേര പദ്ധതിയില്‍ 1655 കോടിയുടെ ലോകബാങ്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 139 കോടിയുടെ ആദ്യ ഗഡു മാര്‍ച്ചില്‍ ലോകബാങ്ക് അനുവദിച്ചെങ്കിലും ധനവകുപ്പ് അപ്പോള്‍ കൈമാറിയില്ല. ഇതാണ് മാധ്യമവാര്‍ത്തയായത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ലോകബാങ്ക് സംഘം സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി. ഇതും മാധ്യമങ്ങളില്‍വന്നു, പിന്നാലെ കൃഷിവകുപ്പിന് പണം കൈമാറി. ഈ വാര്‍ത്ത ചോര്‍ച്ച വലിയ വിവാദങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. ധനവകുപ്പുമായി കൃഷിമന്ത്രി ഇക്കാര്യം സംസാരിച്ചിരുന്നു. ധനമന്ത്രി പക്ഷേ സമ്മതിച്ചില്ല. കൃഷി വകുപ്പിലേക്കെത്തിയ പണം എന്തിനാണ് വകമാറ്റിയതെന്ന ചോദ്യത്തിന് മറുപടി നൽകാൻ ധനമന്ത്രാലയത്തിന് കഴിയില്ല. കാരണം ഉന്നതങ്ങളിലെ തീരുമാനത്തിന്റെ ഫലമായാണ് തുക അനുവദിക്കാത്തത്. മന്ത്രി പ്രസാദ് ഇതിനെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വ വുമായി മന്ത്രി ഇക്കാര്യം ചർച്ച ചെയ്തു കഴിഞ്ഞു. റവന്യൂ മന്ത്രി കെ രാജനാകട്ടെ ഇത്തരം നടപടികൾ പോസിറ്റീവ് അല്ല എന്ന് അഭിപ്രായക്കാരനാണ് . കൃഷിക്ക് അനുവദിച്ച തുക സ്വന്തമായി എടുത്ത ശേഷം കൃഷിവകുപ്പിലേക്ക് വന്ന മെയിൽ ചോർത്തി നൽകിയത് തെറ്റാണെന്ന അഭിപ്രായമാണ് മന്ത്രി കെ രാജനുള്ളത്. റവന്യു മന്ത്രിയുടെ കൂടി പിന്തുണ ഉറപ്പിച്ച ശേഷമാണ് പ്രസാദ് കളത്തിലിറങ്ങിയത്. യുദ്ധമൊന്നും നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ നടന്നില്ലെങ്കിലും ബി. അശോക് കൃഷിവകുപ്പിൽ തന്നെ മടങ്ങിയെത്തുമെന്ന് ഉറപ്പായി. മുമ്പും സി പി ഐയുടെ ആശീർവാദത്തോടെയാണ് ബി.അശോക് കൃഷിവകുപ്പിൽ മടങ്ങിയെത്തിയത്.അങ്ങനെ സംഭവിച്ചാൽ അത് മുഖ്യമന്ത്രിക്ക് വലിയ നാണക്കേടായി മാറും. ആറന്മുളയിലെ വിവാദ വ്യവസായ പദ്ധതി രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളെ കലുഷിതമാക്കിയതും മന്ത്രി പ്രസാദിന്റെ ഉടക്കിലാണ്. കാബിനറ്റിൽ മുഖ്യമന്ത്രിയും സി പി ഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖത്തോടു മുഖം നിന്നു. താൻ മുഖ്യമന്ത്രിയാണെങ്കിൽ എബ്രഹാം കലൈമണ്ണിന്റെ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് മുഖ്യമന്ത്രിയും താൻ കൃഷിമന്ത്രിയാണെങ്കിൽ പദ്ധതിക്ക് പകരം സ്ഥലം കണ്ടെത്തണമെന്ന് മന്ത്രി പി പ്രസാദും ഗീർവാണം മുഴക്കി. ഇതിനിടയിൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാൻ കഴിയാതെ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം കുഴങ്ങി.
ആറന്മുളയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയതും പിന്നീട് സർക്കാർ മിച്ചഭൂമിയാക്കി മാറ്റിയതുമായ സ്ഥലത്താണ് മെഗാ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പദ്ധതിക്ക് അനുമതി നൽകാൻ മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പ് തീരുമാനിച്ചത്. ഭൂപരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടി ടേക്ക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സമർപ്പിച്ച അപേക്ഷ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം റവന്യൂ മന്ത്രി കെ രാജന്റെ പരിഗണനയിലാണ്. ആറന്മുളയിലെ തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തി മറ്റു പദ്ധതികൾ നടപ്പിലാക്കാനുള്ള ഐ.ടി വകുപ്പിന്റെ നീക്കത്തിനെതിരെ കൃഷി മന്ത്രി പി പ്രസാദ് രംഗതെത്തിയതാണ് സിപിഐ മന്ത്രിയായ കെ രാജനെ വിഷമിപ്പിക്കുന്നത്. കാരണം നിയമത്തിൽ ഇളവ് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. മന്ത്രി രാജന് മന്ത്രി പ്രസാദിനെ പിണക്കാൻ താൽപ്പര്യമില്ല.
മുമ്പേ ഇതേ ഭൂമി തരം മാറ്റാൻ നീക്കം നടത്തിയതാണെന്നും അന്ന് അത് താൻ അനുവദിച്ചില്ലെന്നും മന്ത്രി പ്രസാദ് പരസ്യമാക്കി. ആറന്മുളയിലെ വയലുകൾ നികത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും പ്രസാദ് പരസ്യ പ്രസ്താവന നടത്തി. ആറന്മുളയിൽ ഇലക്ട്രോണിക്സ് പാർക്കോ മറ്റേതെങ്കിലും വ്യവസായ സ്ഥാപനങ്ങളോ വരുന്നതിൽ തനിക്ക് തർക്കമില്ലെന്ന് പറഞ്ഞ പ്രസാദ് പക്ഷേ നെൽവയലും തണ്ണീർത്തടങ്ങളും നികത്താൻ അനുവദിക്കില്ലെന്ന് ആവർത്തിച്ചു. എന്നാൽ മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം ഈ സംരംഭം തുടങ്ങണം എന്നാണ് നിലപാട്. പദ്ധതിക്കായി ആലോചിക്കുന്ന 139 ഹെക്ടർ ഭൂമിയിൽ 122.87 ഹെക്ടറും നിലമാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഇക്കാര്യം കളക്ടർ റവന്യൂ വകുപ്പ് സെക്രട്ടറിയെയും അറിയിക്കുകയുണ്ടായി. എന്നാലും ഫയലിലെ ആവശ്യം തള്ളാൻ റവന്യൂ മന്ത്രി തയ്യാറല്ല. ഇതിനുശേഷമാണ് ബി ആശോകിന്റെ വിവാദം ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha
























