ശബരിമലയിലെ സ്വര്‍ണപാളികള്‍ മാറ്റിയത് സംബന്ധിച്ച് വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോഡിന് ഹൈക്കോടതി നിര്‍ദേശം

മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. വിഷയത്തില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു.
ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ നന്നാക്കാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതി അനുമതി ഇല്ലാതെ ഇളക്കിയെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണപ്പണികള്‍ നടത്താന്‍ പാടുള്ളുവെന്ന ഹൈക്കോടതി നിദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha