സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും...

25ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കാനാണ് സാദ്ധ്യത.
കെ.പ്രകാശ് ബാബുവിന്റെ പേര് ഒരുപക്ഷം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവുണ്ടാക്കി പദവി നേടാനുള്ള താത്പര്യക്കുറവ് അദ്ദേഹം വ്യക്തമാക്കിയതോടെ മത്സരസാദ്ധ്യത ഇല്ലാതായി.
പഴയ കാനം പക്ഷക്കാരും മന്ത്രിമാരുമായ കെ.രാജന്‍, പി.പ്രസാദ്, പി.പി.സുനീര്‍, പി.സന്തോഷ് കുമാര്‍ എം.പി എന്നിവര്‍ ബിനോയ് വിശ്വം പക്ഷത്തേക്ക് നീങ്ങുകയും പഴയ കെ.ഇ.ഇസ്മയില്‍ പക്ഷം അശക്തരാവുകയും ചെയ്തതോടെയാണ് സംസ്ഥാന സെക്രട്ടറി പദം ഒറ്റപ്പേരിലേക്ക് ഒതുങ്ങിയത്.
2022ലെ തിരുവനന്തപുരം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന്‍ 23 ഡിസംബറില്‍ മരണമടഞ്ഞതോടെയാണ് ബിനോയ് വിശ്വം സെക്രട്ടറിയായത്. ഇത്തവണ ആ പദവിയില്‍ തുടരാനായാല്‍ സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കുന്ന സെക്രട്ടറി എന്ന നിലയ്ക്ക് അദ്ദേഹത്തിന് വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ചുമതലകള്‍ നിര്‍വഹിക്കാം.
അസിസ്റ്രന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍ പ്രായപരിധി കടന്നതിനാല്‍ ഒഴിവാകും. പി.പി.സുനീറാണ് മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറി. മന്ത്രി കെ.രാജന്‍ അസിസ്റ്റന്റ് സെക്രട്ടറി ആവാന്‍ സാദ്ധ്യത. പി.സന്തോഷ് കുമാര്‍ എം.പി, മന്ത്രി ജി.ആര്‍.അനില്‍ എന്നിവരും പരിഗണിക്കപ്പെട്ടേക്കും.
സംസ്ഥാന കൗണ്‍സിലിലെ പ്രായപരിധി 75വയസ് എന്നത് മാറ്റില്ല. ഇ.ചന്ദ്രശേഖരനു പുറമെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളില്‍ ഏഴ് പ്രമുഖരെ ഒഴിവാക്കും. സി.എന്‍.ജയദേവന്‍, കെ.ആര്‍.ചന്ദ്രമോഹന്‍, സി.ചാമുണ്ണി, ടി.വി.ബാലന്‍, കെ.കെ.ശിവരാമന്‍, ജെ.വേണുഗോപാലന്‍ നായര്‍, പി.കെ. കൃഷ്ണന്‍ എന്നിവരാണ് ഒഴിവാകുന്ന പ്രമുഖര്‍.
https://www.facebook.com/Malayalivartha