പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

പേരൂര്‍ക്കടയിലെ വ്യാജ മോഷണക്കേസില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആര്‍ ബിന്ദു. മനുഷ്യാവകാശ കമ്മിഷന് രേഖാമൂലം നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പരാതിയില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ബിന്ദുവിന് എംജിഎം പൊന്മുടി വാലി പബ്‌ളിക് സ്‌കൂളില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ലഭിച്ചിരുന്നു. ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിച്ചു.
വ്യാജ മോഷണക്കേസില്‍ പുതിയ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ ബിന്ദുവിനെ കുടുക്കാന്‍ പൊലീസ് കള്ളക്കഥ മെനഞ്ഞതാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
മറവി പ്രശ്‌നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയല്‍ മോഷണം പോയതായി ആരോപിക്കപ്പെട്ട മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെവച്ച് മറക്കുകയായിരുന്നു. മാല പിന്നീട് ഓമന ഡാനിയല്‍ തന്നെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. മാല വീടിന് പിന്നിലെ ചവറുകൂനയില്‍ നിന്ന് കണ്ടെത്തിയെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാര്‍, ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണ കിടക്കയ്ക്ക് അടിയിലാണ് ഓമന മാല സൂക്ഷിക്കാറുള്ളത്. എന്നാല്‍ സംഭവദിവസം സോഫയുടെ അടിയിലാണ് ഓമന മാല വച്ചത്. തുടര്‍ന്ന് മാല കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ അന്വേഷണത്തില്‍ സോഫയ്ക്ക് അടിയില്‍ നിന്ന് മാല കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് ഒരുദിവസം മുഴുവന്‍ ചോദ്യം ചെയ്തത് ന്യായീകരിക്കാന്‍ ചവറുകൂനയില്‍ നിന്ന് മാല കണ്ടെത്തിയതായി പൊലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha