വയനാട് ചീരാൽ പുളിഞ്ചാലിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിൽ... വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി പുലി കുടുങ്ങിയത്

വയനാട് ചീരാൽ പുളിഞ്ചാലിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി പുലി കുടുങ്ങിയത്. രണ്ട് വയസുള്ള ആൺപുലിയാണ് കൂട്ടിൽ കുടുങ്ങിയതെന്ന് പ്രാഥമിക നിഗമനത്തിലുള്ളത്.
തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ചീരാലിൽ പുലിയും കരടിയും ഇറങ്ങുന്ന സ്ഥലമാണ്. വന്യമൃഗങ്ങൾ ചീരാലിലും സമീപ പ്രദേശങ്ങളിലും വളർത്തു മൃഗങ്ങളെ പിടികൂടുന്നത് സർവസാധാരണമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുളിഞ്ചാലിൽ ഒൻപത് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി കൊന്നിരുന്നു. കാടംതൊടി സെയ്താലിയുടെ വീട്ടുവളപ്പിലെ തൊഴുത്തിന് സമീപത്താണ് ചൊവ്വാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. രാവിലെ പശുവിനെ കറന്ന ശേഷം പുല്ല് നൽകാനായി തൊഴുത്തിലെത്തിയപ്പോഴാണ് സെയ്താലിയും കുടുംബവും പശുക്കിടാവിനെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പുലിയെ പിടികൂടാനായി പശുക്കിടാവിനെ കൊന്നുതിന്ന പുളിഞ്ചാലിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കരിങ്കാളികുന്നിൽ പുലി ശല്യത്തെ തുത്തുടർന്ന് മുമ്പ് സ്ഥാപിച്ച കൂട് പുളിഞ്ചാലിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.
https://www.facebook.com/Malayalivartha