നാളെ വിജയദശമി... ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം ഒരുങ്ങി

വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം ഒരുങ്ങി. വ്യാഴം പുലർച്ചെ അഞ്ചിന് മേൽശാന്തി പി എം അജിത്ത്കുമാറിന്റെ കാർമികത്വത്തിൽ പൂജയെടുപ്പ് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യും
പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിലാണ് എഴുത്തിനിരുത്ത്. രണ്ടായിരത്തിലേറെ കുരുന്നുകൾ ആദ്യക്ഷരം കുറിക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. പുലർച്ചെ ആരംഭിക്കുന്ന വിദ്യാരംഭം ഉച്ചകഴിയുംവരെ നീളുന്നതാണ്. നഗരത്തിൽ ഗതാഗതനിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്.
ഐ എസ് കുണ്ടൂർ, എം കെ രാമചന്ദ്രൻ, ഡോ. കെ കെ ബീന, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, പറവൂർ ജ്യോതിസ്, പ്രൊഫ. കെ സതീശ് ബാബു, വിനോദ്‌കുമാർ എമ്പ്രാന്തിരി, ഡോ. രമാദേവി, ഉണ്ണിക്കൃഷ്‌ണൻ മാടവന, ഡോ. കെ എ ശ്രീവിലാസൻ, പി പി രേഖ, സത്യൻ വാരിയർ, മോഹനൻ സ്വാമി, ഡോ. രേഖ പാർഥസാരഥി, കുന്നത്തൂരില്ലത്ത് വിഷ്‌ണു നമ്പൂതിരി, മനപ്പാട് ജയരാജ് തന്ത്രി, പ്രമോദ് മാല്യങ്കര എന്നിവരാണ് ഗുരുക്കന്മാർ.
സംഗീതോത്സവത്തിൽഇന്ന് സംഗീതാർച്ചന, വയലിൻ സോളോ, വയലിൻ ഡ്യുവറ്റ്, നൃത്തസമന്വയം, ഭരതനാട്യം എന്നിവ അരങ്ങേറും. വ്യാഴാഴ്‌ച സംഗീതാർച്ചന, സംഗീതക്കച്ചേരി, വയലിൻ അർച്ചന, പഞ്ചരത്ന കീർത്തനാലാപനം, തിരുവാതിരകളി, സോപാന സംഗീതാർച്ചന, ഇടയ്ക്ക കച്ചേരി, വയലിൻ, ഭക്തിഗാനമേള എന്നിവയുണ്ടാകുന്നതാണ്.
https://www.facebook.com/Malayalivartha