തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ട് കേരള സ്ക്രാപ്പ് മെർച്ചന്റ്റ്സ് അസോസിയേഷന്റെ നിയമസഭാ മാർച്ച് ഒക്ടോബർ 8 ന്

സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), അംഗങ്ങളുടെയും, ഒപ്പം ഈ മേഖലയുടെയും നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി 2025 ഒക്ടോബർ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നിന്നും സംഘടിപ്പിക്കുന്ന തൊഴിൽ സംരക്ഷണ റാലി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്യും. അവകാശ സംരക്ഷണ പോരാട്ട പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് നിർവഹിക്കും. തുടർന്ന് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരും മറ്റു 13 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ 10000 ത്തോളം പേർ അവകാശ പത്രിക സമർപ്പണത്തിനായി നിയമസഭയിലേക്ക് മാർച്ച് ചെയ്യും.
കേരളത്തിൽ മാലിന്യ നിർമ്മാർജന പ്രക്രിയ ആരംഭിച്ച നാൾതൊട്ട് ഈ മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തി അത് ഉപജീവനമാക്കിയവരുടെ പിൻമുറക്കാരാണ് ഇന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെന്നും, കുലത്തൊഴിലെന്നോ, പരമ്പരാഗത വ്യവസായമെന്നോ വിളിക്കാവുന്ന തൊഴിൽ മേഖലയാണ് തങ്ങളുടേതെന്നും കെ എസ് എം എ ഭാരവാഹികൾ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തേണ്ടതുണ്ട്. സ്ക്രാപ്പ് ശേഖരിക്കുന്നവർ മുതൽ കമ്പനികൾ നടത്തുന്നവർ വരെ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഏകദേശം മൂന്നു ലക്ഷത്തോളം പേരാണ് നിത്യ ജീവിതത്തിന് വേണ്ടി ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. സംസ്ഥാന, കേന്ദ്ര സർക്കാറുകൾക്ക് കോടിക്കണക്കിനു രുപ നികുതിയിനത്തിൽ നൽകുന്ന ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ അവകാശങ്ങളെ അവഗണിക്കുന്ന രീതിയിൽ ഹരിത കർമ സേനയും മലിനീകരണ നിയന്ത്രണ ബോർഡും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഈ മേഖലയിലേക്കു നടത്തുന്ന കടന്നു കയറ്റം അവസാനിപ്പിക്കണമെന്നും, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രയാസങ്ങൾ മുഖവിലക്കെടുത്ത് കൊണ്ട് നാടിന്റെ മാലിന്യ നിർമ്മാർജ്ജന പ്രക്രിയ നടപ്പിലാക്കണമെന്നും കെ എസ് എം എ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ്, സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഒറ്റത്തവണ നികുതി എന്ന ജി എസ് ടിയുടെ അടിസ്ഥാന തത്വം നിലനിർത്താൻ പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക.; പരമ്പരാഗതമായി സ്വയം തൊഴിൽ കണ്ടെത്തി നാളിതുവരെ സർക്കാരിൽ നിന്നും ഒരു ആനുകൂല്യവും കൈപ്പറ്റാതെ വ്യാവസായികാടിസ്ഥാനത്തിൽ മാലിന്യ നിർമ്മാർജ്ജനം നടത്തുന്നവരുടെ പ്രവർത്തനത്തെ തടയും വിധമുള്ള നിയമ നിർമ്മാണത്തിൽ നിന്നും അവരെയും സംരക്ഷിക്കും വിധമുള്ള കാര്യങ്ങൾ നടപ്പിൽ വരുത്തുക; അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന, സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്ന പാഴ് വസ്തു വ്യാപാരികളുടെ തൊഴിൽ നഷ്ടപ്പെടും വിധം പുന:ചംക്രമണ യോഗ്യമായ വസ്തുക്കൾ ഹരിതകർമ്മസേനക്ക് മാത്രം നൽകണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിർദ്ദേശം പിൻവലിക്കുക; തുടങ്ങി നിരവധി ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന തൊഴിൽ സംരക്ഷണ പത്രിക കെ എസ് എം എ സർക്കാരിന് കൈമാറും.
കൂടാതെ, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലേക്ക് ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനാവശ്യമായ നടപടി സ്വീകരിക്കുക; ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും സ്ഥാപനത്തിന്റെ വിസ്തൃതിക്കനുസൃതമായി അനുവാദം നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനു നിർദ്ദേശം നൽകുക; താൽക്കാലിക ഷെഡ്ഡുകളെ സർക്കാർ അനുവാദമുള്ള എം സി എഫ് കേന്ദ്രങ്ങളോ എം ആർ എഫ് കേന്ദ്രങ്ങളോ ആയി അംഗീകരിക്കുക; സ്ക്രാപ്പ് കടകളിൽ പൊതുജനം ഉപേക്ഷിക്കപ്പെടുന്ന റീസൈക്ലിങ്ങിന് യോഗ്യമല്ലാത്ത മാലിന്യങ്ങളെ പൊതു മാലിന്യമായിക്കണ്ട് നീക്കം ചെയ്യാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുക; കേരളത്തിലെ കെട്ടിട നിർമാണ ചട്ടമനുസരിച്ചു 1000മീറ്റർ സ്‌ക്വയറോ അതിൽ കൂടുതലോ വിസ്തൃതി ഉള്ള കെട്ടിടങ്ങൾക്ക് ആവശ്യമായ ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങൾ പാഴ് വസ്തു വ്യാപാരികളുടെ 100മീറ്റർ സ്‌ക്വയറിൽ താഴെ വരുന്ന കെട്ടിടങ്ങൾക്കും ഒരുക്കണമെന്ന് ആവശ്യപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നിർദ്ദേശം പിൻവലിക്കുക; തുടങ്ങി നിരവധി ആവശ്യങ്ങളും തൊഴിൽ സംരക്ഷണ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെ എസ് എം എ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ്, സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് എന്നിവരെകൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം സി ബാവ, മുരുകൻ തേവർ, കണ്ണൂർ ജില്ലാ സെക്രട്ടറി നിസാർ തലശ്ശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















