അയ്യപ്പനെ പറ്റിക്കാന്‍ നോക്കി പറ്റിപ്പോയി... ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു

ശബരിമല വിവാദങ്ങള്‍ക്ക് പിന്നാലെ ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പുളിമാത്തെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസിൽ എസ്പി:പി.ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. നിർണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണ് അറിയുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും.
കോടതിയിൽനിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും.എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിർണായക നടപടി. ദേവസ്വം വിജിലൻസ് സംഘം നേരത്തേ 2 തവണയായി 8 മണിക്കൂർ ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണൻ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എംഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 2 കേസുകളിലും പോറ്റിയെ ഒന്നാം പ്രതിയാക്കി. ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളി കവർച്ചയും ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കവർച്ചയും 2 കേസുകളായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പോറ്റിയെ ചോദ്യം ചെയ്യുന്നതിലൂടെയാണ് കേസിന്റെ വിവരങ്ങളെല്ലാം പുറത്തുവരണ്ടേത്.
പോറ്റിയുടെ സഹായികളും സ്പോൺസർമാരുമായ കൽപേഷ്, നാഗേഷ് എന്നിവർ ഇപ്പോഴും കാണാമറയത്താണ്. രേഖകൾ ശേഖരിക്കാൻ എസ്ഐടി സന്നിധാനത്ത് ഇന്നലെ വീണ്ടും പരിശോധന നടത്തി. ശ്രീകോവിലിന്റെ വശങ്ങളുടെ അളവുകൾ സംഘം പരിശോധിച്ചു. രാവിലെ കസ്റ്റഡിയിലെടുത്ത പോറ്റിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു വീട്ടുകാരെ അറിയിച്ചിരുന്നില്ല. കസ്റ്റഡി നിയമം ലംഘിച്ചതായി ആരോപിച്ചു പോറ്റിയുടെ അഭിഭാഷകൻ വൈകിട്ടു മാധ്യമങ്ങൾക്കു മുന്നിലെത്തിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടുകാർക്കു വിവരങ്ങൾ കൈമാറിയത്.
അതേസമയം ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽനിന്നു സ്വർണം പൂശി തിരികെയെത്തിച്ച ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ ഇന്നു പുനഃസ്ഥാപിക്കും. സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണനെ അറിയിക്കാതെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സെപ്റ്റംബർ ഏഴിന് ഇവ കൈമാറിയതിൽ ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് 2019 ലെ സ്വർണക്കവർച്ച പുറത്തുവന്നത്. സെപ്റ്റംബർ 21ന് തിരിച്ചെത്തിച്ച പാളികൾ സന്നിധാനത്തെ ലോക്കർ റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
തന്ത്രിയുടെ ഉൾപ്പെടെ സാന്നിധ്യത്തിലാകും ദ്വാരപാലക ശിൽപങ്ങള്‍ തിരികെ സ്ഥാപിക്കുക. മഹസറിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തും. ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ സ്വർണം പൂശിയപ്പോൾ 10 ഗ്രാം സ്വർണം അധികം പൂശിയെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. ഇതോടെ പാളികളിൽ ആകെ ഉപയോഗിച്ച സ്വർണത്തിന്റെ അളവ് 404.9 ഗ്രാമായി. താങ്ങുപീഠം ഉൾപ്പെടെ 38.6 കിലോയോളമാണ് ദ്വാരപാലക ശിൽപങ്ങളുടെ ഭാരം.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയ പ്രത്യേക അന്വേഷണസംഘം രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നത് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ സമാഹരിച്ച മുഴുവന്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തമ്പടിച്ചു പരിശോധന നടത്തുന്ന സംഘാംഗങ്ങള്‍ ശേഖരിച്ച രേഖകള്‍ മുന്നില്‍ വച്ചാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിയുന്നത്.
ദ്വാരപാലകശില്‍പത്തിലെ പാളികളുമായി ശബരിമലയില്‍നിന്ന് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സിലേക്കുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ 39 ദിവസത്തെ സഞ്ചാരത്തിന്റെ പാത, ഉണ്ണിക്കൃഷ്ണൻ പോറ്റി അധികാരപ്പെടുത്തിയ പ്രകാരം സ്മാര്‍ട് ക്രിയേഷന്‍സില്‍നിന്ന് സ്വര്‍ണം പൂശലിനു ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വര്‍ണം കൈപ്പറ്റിയ കല്‍പേഷ്, എന്നിവരെ ചുറ്റിപ്പറ്റിയാണ് എസ്‌ഐടിയുടെ അന്വേഷണം. ശബരിമലയില്‍നിന്നു ബെംഗളൂരുവിലെ വീട്ടില്‍ എത്തിച്ച പാളികള്‍ പിന്നീടാണ് ചെന്നൈയിലേക്കു കൊണ്ടുപോയതെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി നേരത്തേ പറഞ്ഞിരുന്നത്.
ശബരിമലയില്‍നിന്ന് ദ്വാരപാലകശില്‍പത്തിലെ പാളികള്‍ 2019 ജൂലൈ 19നും രണ്ടു പീഠങ്ങള്‍ ജൂലൈ 20നുമാണ് ചെമ്പുപാളികള്‍ എന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയത്. എന്നാല്‍ ഓഗസ്റ്റ് 29നു മാത്രമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഇത് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. ഈ 39 ദിവസങ്ങളില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റി സഞ്ചരിച്ച വഴികള്‍ കണ്ടെത്തിയാല്‍ തന്നെ സ്വര്‍ണപ്പാളി വിവാദത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണ് എസ്‌ഐടി കരുതുന്നത്.
അതിനൊപ്പം കല്‍പേഷിനെക്കുറിച്ചുള്ള വിവരങ്ങളും എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. ഇയാളില്‍നിന്നു മൊഴിയെടുത്തുവെന്ന സൂചനയുമുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനൊപ്പം ആരോപണവിധേയരായ എല്ലാവരും എസ്‌ഐടിയുടെ നിരീക്ഷണത്തിലാണ്. അടുത്ത ദിവസം തന്നെ മുരാരി ബാബു ഉള്‍പ്പെടെയുള്ളവരെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.
ശബരിമലയില്‍നിന്ന് എത്തിച്ച പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്നും അത് വേര്‍തിരിച്ച് എടുത്തുവെന്നുമുള്ള സ്മാര്‍ട് ക്രിയേഷന്‍സിന്റെ മൊഴി എസ്‌ഐടി പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ശബരിമലയില്‍നിന്നു കൊണ്ടുപോയ പാളികള്‍ മാറ്റുകയും പകരം പുതുതായി ശില്‍പം തയാറാക്കി അതില്‍ സ്വര്‍ണം പൂശുകയാണ് ചെയ്തിരിക്കുന്നതെന്ന സംശയമാണ് ഉള്ളത്. അത്തരത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ ദ്വാരപാലകശില്‍പം ഉണ്ണിക്കൃഷ്ണൻ പോറ്റി ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതറിയാനും എസ്‌ഐടി സംഘം പരിശോധന നടത്തുന്നുണ്ട്. ദ്വാരപാലക ശില്‍പങ്ങളും പീഠവുമായി 42.8 കിലോ സ്വര്‍ണമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ തിരിച്ചെത്തിച്ചപ്പോള്‍ 38.653 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും 4.147 കിലോയുടെ കുറവുണ്ടെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നു.
ശബരിമല ശ്രീകോവിൽ വാതിലിന്റെ കട്ടിളയുടെ സ്വർണപ്പാളികൾ ചെമ്പുപാളികളെന്ന പേരിൽ, സ്വർണത്തട്ടിപ്പിന്റെ ആസൂത്രകനായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൊടുക്കാൻ തീരുമാനിച്ചത് അന്നത്തെ ദേവസ്വം ബോർഡ് ആണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതിനായി ബോർഡിനോടു ശുപാർശ ചെയ്തതു പിന്നീടു പ്രസിഡന്റായ അന്നത്തെ ദേവസ്വം കമ്മിഷണർ എൻ.വാസുവാണെന്നും കണ്ടെത്തി.
പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്ന നിർദേശവുമായി കമ്മിഷണർക്ക് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി.സുധീഷ് കുമാർ 2019 ഫെബ്രുവരി 16നു നൽകിയ കത്തിൽ ‘സ്വർണം പൂശിയ ചെമ്പ് പാളികൾ’ എന്നായിരുന്നെങ്കിൽ, വാസു ഫെബ്രുവരി 26ന് ബോർഡിന് നൽകിയ ശുപാർശയിൽ ‘സ്വർണം പൂശിയ’ എന്നത് ഒഴിവാക്കി ‘ചെമ്പുപാളികൾ’ മാത്രമാക്കി. ഇത് അംഗീകരിച്ചാണ് മാർച്ച് 19 ലെ ബോർഡ് തീരുമാനം. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികൾ കടത്തിയത്.
ദേവസ്വം ബോർഡിന്റെയും എൻ.വാസുവിന്റെയും പങ്ക് കൂടി രേഖകൾ സഹിതം വ്യക്തമാക്കുന്നത്. തന്റെ ഓഫിസിൽ തയാറാക്കിയ കുറിപ്പ് ബന്ധപ്പെട്ട 3 ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി വന്നത്, ഒപ്പിട്ട് എക്സിക്യൂട്ടീവ് ഓഫിസറുടെ കത്ത് സഹിതം ബോർഡിന് നൽകുകയായിരുന്നു എന്നാണ് എൻ. വാസു ഇതിനോട് പ്രതികരിച്ചത്. എന്നാൽ, ഇദ്ദേഹമടക്കമുള്ള ഉദ്യോഗസ്ഥർക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ പ്രവൃത്തി കാരണമാണ് സ്വർണം നഷ്ടപ്പെട്ടതെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെ സ്വർണം പൂശൽ സുതാര്യമല്ലെന്നും പറയുന്നു. സ്വർണക്കവർച്ചയിൽ ബോർഡിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ന്യായീകരിക്കുമ്പോഴാണ് അവരുടെ വ്യക്തമായ പങ്ക് രേഖകൾ സഹിതം വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
2019 ൽ സ്വർണപ്പാളി ഇളക്കിയെടുത്തപ്പോഴും തിരികെ സ്ഥാപിച്ചപ്പോഴും സാക്ഷ്യം വഹിക്കേണ്ടവരുടെ പട്ടികയിൽ ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണറെയും ദേവസ്വം വിജിലൻസ് എസ്പിയെയും ഉൾപ്പെടുത്താത്തതും ബോർഡിന്റെ തീരുമാനമായിരുന്നു എന്ന് മിനിറ്റ്സിൽ വ്യക്തമാകുന്നു. ക്രമക്കേടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ചുമതലയുള്ള ഈ 2 ഉദ്യോഗസ്ഥരെ ഒഴിവാക്കിയ തീരുമാനവും സംശയാസ്പദമാണ്.
ഇളക്കിയെടുക്കുമ്പോൾ പാളികളുടെ തൂക്കവും അളവും കണക്കാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനത്തിൽ പറയുന്നുണ്ടെങ്കിലും തിരികെ സ്ഥാപിക്കുമ്പോൾ തൂക്കം നോക്കണമെന്നു നിർദേശിച്ചിട്ടുമില്ല. ഇതും തട്ടിപ്പിനു വഴിയൊരുക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. 2 വർഷം കാലാവധി പൂർത്തിയാക്കുന്ന ഭരണസമിതിയംഗങ്ങളെ വീണ്ടും തുടരാൻ അനുവദിക്കുന്നതിനു മറ്റു ദേവസ്വം ബോർഡുകളിൽ നിയമമുണ്ടെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇല്ലാത്തതിനാലാണ് ഓർഡിനൻസ്.
ഭരണസമിതിയുടെ കാലാവധി നവംബർ ഒന്നിനാണ് അവസാനിക്കുന്നത്. നവംബർ 16നാണ് ശബരിമല സീസൺ ആരംഭിക്കുന്നത്. ഇതിനിടയിൽ പുതിയ ഭരണസമിതി വരുന്നത് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാൽ കാലാവധി ജൂൺ മുതൽ ജൂൺ വരെയാക്കണമെന്നും ദേവസ്വം വകുപ്പിന്റെ ശുപാർശയിലുണ്ട്. പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടരണമെന്ന് രാഷ്ട്രീയമായും സർക്കാരിനു താൽപര്യമുണ്ട്.
അതേസമയം രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. പ്രത്യേക സംഘത്തിന് നേതൃത്വം കൊടുക്കുന്ന എസ്പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 3 40 ഓടെ ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയിൽ പ്രതിയെ ഹാജരാക്കും. ഏഴ് മണിയോടെയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോവുക.
ശില്‍പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ മൊഴി എസ്‌ഐടി വിശ്വാസത്തിലെടുത്തിട്ടില്ല. ശബരിമലയില്‍നിന്നു കൊണ്ടുവന്ന കട്ടിളയുടെ പാളികളില്‍ ഉണ്ടായിരുന്ന 409 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ രാസപ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ 2019ല്‍ ശബരിമലയില്‍ നിന്നെത്തിച്ച ദ്വാരപാലകശില്‍പങ്ങളില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചിരുന്നതായി ഇവര്‍ സമ്മതിച്ചു. ഇതിനുള്ള സൗകര്യം സ്ഥാപനത്തില്‍ ഇല്ലാതിരുന്നതിനാല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള വിദഗ്ധനെ എത്തിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചത്. 577 ഗ്രാം സ്വര്‍ണമാണ് ദ്വാരപാലകശില്‍പങ്ങളില്‍നിന്നു വേര്‍തിരിച്ചതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha