ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു

നടന്‍ ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ കസ്റ്റംസ് ഉപാധികളോടെ വിട്ടുകൊടുത്തു. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനമാണ് വിട്ടുകൊടുത്തത്. നിസാന്‍ പട്രോള്‍ മാത്രമാണ് ഇനി ദുല്‍ഖറിന്റേതായി കസ്റ്റംസിന്റെപക്കല്‍ ശേഷിക്കുന്നത്. മറ്റൊരുകാര്‍കൂടി കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അവിടെത്തന്നെ സൂക്ഷിക്കാന്‍ അനുവദിക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശി റോബിന്റെ കാറും ഇന്ന് വിട്ടുകൊടുത്തു. ഭൂട്ടാനില്‍നിന്ന് കടത്തിക്കൊണ്ടുവന്നതെന്ന് സംശയിക്കുന്ന 43 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതില്‍ ദുല്‍ഖറിന്റെ ഒരുവാഹനം ഉള്‍പ്പെടെ നാലുവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കസ്റ്റംസിന്റെ പക്കലുള്ളത്. ബാക്കിയെല്ലാം വിട്ടുകൊടുത്തു.
വാഹനരേഖകള്‍ക്കൊപ്പം വാഹനവിലയുടെ 20 ശതമാനവും ബാങ്ക് ഗാരന്റിയും ബോണ്ടും സമര്‍പ്പിച്ചാല്‍ മാത്രമേ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടൂ. ഉടമസ്ഥന് അവ ഉപയോഗിക്കാമെങ്കിലും കസ്റ്റംസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം. ഉടമസ്ഥതയോ രൂപമോ മാറ്റാന്‍ പാടില്ല എന്നും വ്യവസ്ഥയുണ്ട്.
രണ്ടുഘട്ടങ്ങളിലായി നടത്തിയ പരിശോധനയില്‍ ദുല്‍ഖറിന്റെ മൂന്നുവാഹനങ്ങളാണ് പിടിച്ചെടുത്തത്. ആദ്യത്തെ പരിശോധനയിലാണ് ലാന്‍ഡ് റോവര്‍ പിടിച്ചെടുത്തത്. ഈ കാര്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. അപ്പോള്‍ കസ്റ്റംസിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിക്കണമെന്ന് കോടതി കസ്റ്റംസിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. അപേക്ഷ പരിഗണിച്ച് ഉപാധികളോടെ വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ കസ്റ്റംസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറാണ് വാഹനം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha