തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

വിവാദങ്ങള്‍ക്കിടെ ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് നട തുറന്നു. അറ്റകുറ്റപ്പണിക്ക് ശേഷം ചെന്നൈയില്‍ നിന്ന് എത്തിച്ച സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു. സാധാരണയായി അഞ്ചു മണിക്ക് തുറക്കുന്ന നട സ്വര്‍ണപ്പാളികള്‍ സ്ഥാപിക്കുന്നതിനായി വൈകിട്ട് നാലിന് തുറക്കുകയായിരുന്നു.
സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന വിശദമനായ മഹസര്‍ തയ്യാറാക്കിയ ശേഷമാണ് പുറത്തെടുത്തത്. തുടര്‍ന്ന് ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാരപ്രകാരം ഇരുവശങ്ങളിലുമുള്ള ദ്വാരപാലക ശില്പങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. ആദ്യം വലതുവശത്തെ ശില്പത്തിലാണ് പാളികള്‍ ഉറപ്പിച്ചത്. ഇതിന് ശേഷം ഇടതുവശത്തെ ശില്പത്തിലും സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചു. 14 സ്വര്‍ണപ്പാളികളാണ് ഇപ്രകാരം സ്ഥാപിച്ചത്.
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയം വിവാദമായതിനെ തുടര്‍ന്ന് കോടതിയുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു നടപടികള്‍. തന്ത്രിയും മേല്‍ശാന്തിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും സന്നിധാനത്ത് എത്തിയിരുന്നു.
തുലാമാസ പൂജയുടെ അവസാന ദിവസമായ 22ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനം നടത്തും. അന്ന് ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും.
https://www.facebook.com/Malayalivartha