പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...

പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ? പോറ്റി ഹാർഡ് ഡിസ്ക് പിടിച്ചെടുത്തുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങിയത്. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്. സ്നേഹവും ദുഃഖവും വിരഹവുമെല്ലാം അതിനുള്ളിലുണ്ടാവും.ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ് ഡിസ്‌കും സ്വർണവും പണവും പിടിച്ചെടുത്തത് പ്രത്യേക അന്വേഷണ സംഘമാണ്. എട്ടു മണിക്കൂറിലധികം നീണ്ട പരിശോധനയിൽ ഉണ്ണിക്കൃഷ്ണന്‍റെ വസ്തുവകകളുടെ രേഖകളും സംഘം പരിശോധിച്ചു.
വൈകിട്ട് നാല് മണിയോടെ വീട്ടിലെത്തിയ സംഘം അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്തവ തങ്ങൾ ഉപയോഗിക്കുന്ന സ്വർണാഭരങ്ങളാണെന്നാണ് കുടുംബം പറയുന്നത്. ഇതിനിടെ, പോറ്റിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. തട്ടിപ്പിന് കൂട്ടുനിന്ന് അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തശേഷം ചെന്നൈ , ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും.
ഹാർഡ് ഡിസ്കിൽ സംസ്ഥാനത്തെ ഉന്നതരുടെ ഇടപെടലുകൾ ഉണ്ടെന്നാണ് വിവരം.ശബരിമലയിലെ സ്വര്‍ണം കവരാനുള്ള ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ഉന്നതരടക്കം പതിനഞ്ചോളം പേരുണ്ടെന്ന് ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍പോറ്റി വെളിപ്പെടുത്തിയിരുന്നു.ഇതോടെ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകും. പോറ്റിയെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ശനിയാഴ്ചയും മണിക്കൂറുകള്‍ ചോദ്യംചെയ്തു. സസ്‌പെന്‍ഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെയും ഉടന്‍ ചോദ്യംചെയ്യും.കേരളത്തിനകത്തും പുറത്തും ഗൂഢാലോചന നടന്നെന്ന് പ്രത്യേക അന്വേഷണസംഘത്തോട് പോറ്റി പറഞ്ഞതായാണ് വിവരം. ദ്വാരപാലകശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും
സ്വര്‍ണത്തില്‍നിന്ന് തനിക്ക് ലാഭമൊന്നും കിട്ടിയില്ലെന്നാണ് പോറ്റി പറയുന്നത്. തന്നെ ഉപകരണമാക്കി പലരും സ്വര്‍ണത്തിന്റെ ഗുണം പറ്റിയെന്നു പറയുന്നത് ഇരവാദമുയര്‍ത്തുകയാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും വെളിപ്പെടുത്തിയ പേരുകളിലേക്ക് അന്വേഷണം ഉടനെത്തും.നേരത്തേ പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞ കാര്യങ്ങള്‍ തട്ടിപ്പിനുകൂട്ടുനിന്നവര്‍ പറഞ്ഞതനുസരിച്ചായിരുന്നെന്നും വ്യക്തമായി. ഇവര്‍ തന്നെ നല്‍കിയ വിമാനടിക്കറ്റുപയോഗിച്ച് ബെംഗളൂരുവില്‍ പോറ്റി എത്തുകയും ചെയ്തിരുന്നു. ചെമ്പുപാളിയില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ സംബന്ധിച്ച് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ മൊഴിയിലും വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.
ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പോറ്റിയുടെയും സഹോദരിയുടെയും വീടുകള്‍, സഹായി വാസുദേവന്റെ വീട്, ശബരിമല എന്നിവിടങ്ങളില്‍ പോറ്റിയെ എത്തിച്ച് തെളിവെടുക്കും.ശനിയാഴ്ച വൈകുംവരെ പോറ്റിയെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. തുടര്‍ന്ന് പുളിമാത്തുള്ള കുടുംബവീട്ടില്‍ ശനിയാഴ്ച മൂന്നുമുതല്‍ രാത്രിവരെയും അന്വേഷണസംഘം പരിശോധന നടത്തി. ശബരിമല സ്‌പോണ്‍സര്‍ഷിപ്പുകള്‍ സംബന്ധിച്ച ചില രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വീടിന്റെ പരിസരവും അരിച്ചുപെറുക്കി.സ്വര്‍ണ കൊള്ള കേസിൽ അറസ്റ്റിലായതിനുശേഷം ആദ്യ പ്രതികരണവുമായി പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തി. കോടതി എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടശേഷം കോടതിയിൽ നിന്ന് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം.
തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരുമെന്ന് പോറ്റി പറഞ്ഞു.ശബരിമല സ്വര്‍ണ കൊള്ള കേസിൽ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ട ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു.രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വർണ കൊള്ളയിൽ സ്മാർട്ട് ക്രിയേഷന് പങ്കെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.
സ്മാർട്ട് ക്രിയേഷന്‍റെ സഹായത്തോടെയാണ് സ്വർണം വേർതിരിച്ചതെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു, അഭിഭാഷകനോട് സംസാരിച്ച് പോറ്റികോടതിയിൽ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ബിജെപി പ്രവര്‍ത്തകൻ ചെരുപ്പെറിഞ്ഞു. ബിജെപി പ്രാദേശിക നേതാവാണ് ചെരുപ്പെറിഞ്ഞത്. പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് പോറ്റിയെ കൊണ്ടുപോയത്. ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒക്ടോബര്‍ 30വരെയാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത് പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
തുടർന്ന് കോടതി പോറ്റിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. അതിനിടയിൽ അഭിഭാഷകനോട് സംസാരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 10 മിനിറ്റ് സമയം നൽകി. ശബരിമല സ്വർണ്ണക്കവർച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. പുലർച്ചെ 2.30നാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.തിരുവനന്തപുരം കിളിമാനൂർ പുളിമാത്താണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വദേശം. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തിൽ ജോലി ചെയ്ത പരിചയവുമായാണ് 2007ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം.
പിന്നീട് ഏതാനും വർഷങ്ങൾക്കുള്ളിൽ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്. കർണാടകയിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളർന്നു. യാതൊരു വരുമാനവും ഇല്ലെന്ന് വിജിലൻസ് കണ്ടെത്തിയ പോറ്റി ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് നൽകിയത്.ഇയാൾ തുടക്കകാലത്ത് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുക്കുകയും ആ തുക ഇരട്ടിയിലധികം പലിശയ്ക്ക് ആളുകൾക്ക് വായ്‌പയായി നൽകുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.അതുപോലെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ടും ചില വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇയാൾ കർണാടകയിലെ സമ്പന്നരായ അയ്യപ്പ ഭക്തരെ ചൂഷണം ചെയ്താണത്രേ ഇതിനുള്ള പണം സമാഹരിച്ചത്.
ബംഗളൂരുവിലെ ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ഇയാൾ. പത്ത് വർഷങ്ങൾക്ക് മുമ്പ് കീഴ്ശാന്തിയുടെ സഹായിയാട്ടിണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെത്തിയത്. ഇതോടെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്ന് വിശ്വാസം പിടിച്ചുപറ്റുന്നത്.കൂടാതെ ചില ഉദ്യോഗസ്ഥരുടെയും ശാന്തിമാരുടേയും ഉറ്റതോഴനായ ഇയാൾക്ക് ശബരിമലയിൽ സർവ സ്വാതന്ത്ര്യമാണ്. വ്യവസായികൾക്കടക്കം ദർശന സൗകര്യം ഏർപ്പെടുത്തി നൽകുന്നു. പടിപൂജയിലടക്കം ക്രമവിരുദ്ധ ഇടപെടലുകൾ നടത്തുന്നു. അഷ്ടാഭിഷേകം എന്ന പുതിയ വഴിപാട് തുടങ്ങിയതിന് പിന്നിലും ഇയാളാണ്. മുമ്പ് തീർത്ഥാടന കാലത്തും മാസപൂജാ വേളകളിലും മാത്രമാണ് പടിപൂജ ബുക്കിംഗ് ഉണ്ടായിരുന്നത്.
ഇതല്ലാതെ നടതുറക്കേണ്ടി വരുന്ന പ്രത്യേക ദിവസങ്ങളിൽ പടിപൂജ നടത്താൻ ആളുകളെ എത്തിച്ചിരുന്നത് ഇയാളാണ്. ഇതിനായി ഭക്തരിൽനിന്ന് വൻതുക അധികമായി ഈടാക്കിയിരുന്നു. പല സമർപ്പണങ്ങളും നടത്താനുള്ള ഇടനിലക്കാരനായതോടെയാണ് അന്യസംസ്ഥാനക്കാർക്കിടയിൽ സ്‌പോൺസർ എന്നറിയപ്പെടാൻ തുടങ്ങിയത്. പണക്കാരിൽ നിന്ന് പണം സമാഹരിച്ചുള്ള സ്‌പോൺസഷിപ്പായിരുന്നു ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശലെന്നും റിപ്പോർട്ടുകളുണ്ട്.ഇത്തരത്തിൽ പണം സമാഹരിച്ച് സന്നിധാനത്ത് അന്നദാനത്തിന്റെ സ്‌പോൺസർഷിപ്പും ഉണ്ണികൃഷ്ണൻ പോറ്റി ഏറ്റെടുത്തിട്ടുണ്ടത്രേ. ആറ് ലക്ഷം രൂപയാണ് ദേവസ്വത്തിൽ അടയ്‌ക്കേണ്ടത്.
എന്നാൽ ഇതിന്റെ അഞ്ചിരട്ടി ഇയാൾ സമാഹരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഇനിയും വഴിത്തിരിവുകള്‍ക്ക് സാധ്യതയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുട മൊഴിയെ അടിസ്ഥാനമാക്കിയാണ് കേസ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള ഉന്നതരിലേക്കാണ് പോറ്റി വിരല്‍ചൂണ്ടിയത്. കൊള്ള നടത്തിയത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയെന്ന് പോറ്റി വെളിപ്പെടുത്തി. ഇന്നലെ പോറ്റിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചതായാണ് സൂചന. കേസില്‍ മറ്റൊരു പ്രതിയായ മുരാരി ബാബുവിന്റെ അറസ്റ്റിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി.ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പിന്തള്ളി, സസ്പെന്‍ഷനിലുള്ള ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ബി. മുരാരി ബാബു ഒന്നാംപ്രതിയായേക്കുമെന്നും സൂചനകളുണ്ട്.
കേസിനാസ്പദമായ സ്വര്‍ണക്കടത്ത് നടക്കുമ്പോള്‍ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ശബരിമലയില്‍ മാത്രമല്ല, ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ മുരാരി ബാബു ജോലിചെയ്ത ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന സൂചനയാണ് പ്രത്യേകാന്വേഷണസംഘത്തിന് ലഭിച്ചത്.തിരുനക്കര പൂരവുമായി ബന്ധപ്പെട്ട് ആനയെഴുന്നള്ളിപ്പിന്റെ മറവിലും വെട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നു. ഇവയെല്ലാം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിനൊപ്പം അന്വേഷണപരിധിയില്‍ വരുമോയെന്നു വ്യക്തമല്ല. 1998-ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന വിവരമടക്കം പറഞ്ഞ് സ്പോണ്‍സറെന്ന നിലയിലും വഴിപാടുകളുടെ ഇടനിലക്കാരനെന്ന നിലയിലുമുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇയാൾ നടത്തിയത്.
സ്പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ മറയാക്കി തട്ടിപ്പ് നടത്തിയാല്‍ കുടുങ്ങില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു മുരാരിയടക്കമുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍. ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന കെ. സുനില്‍കുമാര്‍, ശബരിമല അഡ്മിനിസ്ട്രേ റ്റീവ് ഓഫീസര്‍മാരായി വിരമിച്ച എസ്. ശ്രീകുമാര്‍, മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജു, ആര്‍.ജി. രാധാകൃഷ്ണന്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍, തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍.ദ്വാരപാലകശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശി സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തയാറാണെന്നും അതിന് അനുവാദം നല്‍കാവുന്നതാണെന്നും ചൂണ്ടിക്കാട്ടി മുരാരി ബാബുവാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയത്.
തുടര്‍ന്ന്, സ്വര്‍ണം പൂശലിന് അനുവാദം തേടി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാര്‍ 2019 ജൂണ്‍ 18-ന് ദേവസ്വം ബോര്‍ഡിനു കത്ത് നല്‍കി. അതിലും ചെമ്പുപാളികളും തകിടുകളും എന്നാണ് പരാമര്‍ശിച്ചത്.മുരാരി ബാബുവും സുധീഷ്‌കുമാറും 1998-നു മുമ്പ് ദേവസ്വം ബോര്‍ഡില്‍ ജോലിക്കു കയറിയവരാണ്. ശബരിമല ശ്രീകോവില്‍ വ്യവസായി വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞുനല്‍കിയ വിവരം ഇവര്‍ക്കറിയാമായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കരുവാക്കി സ്വര്‍ണം തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ സ്പോണ്‍സര്‍ഷിപ് ഏറ്റെടുത്ത് സന്നിധാനത്ത് എത്തിയപ്പോള്‍ മുതല്‍ സ്വര്‍ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ക്കടക്കം അതില്‍ പങ്കുണ്ടെന്നുമാണ് പോറ്റിയുടെ മൊഴി.
മുരാരി ബാബുവിനു പിന്നില്‍ പല ഉന്നതരുമുള്ളതായി എസ്.ഐ.ടി. സംശയിക്കുന്നു.ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെ എസ്‌ഐടി പരിശോധന നടത്തിയത്.ഒരുദ്യോഗസ്ഥനോ ഒരു പോറ്റിയോ വിചാരിച്ചാൽ മാത്രം ശബരിമലയിലെ സ്വർണ്ണം എടുത്തു കൊണ്ടുപോകാൻ കഴിയില്ല. അതിന് ഉന്നതതല ബന്ധങ്ങൾ ഉണ്ടാവണം. അതിന്റെ വിശദാംശങ്ങൾ ലാപ് ടോപ്പിലുണ്ടാവുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























