ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ട്. എസ്ബിഐ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ച സ്വര്‍ണം യഥാസമയം പുതുക്കി വയ്ക്കാത്തതിനാല്‍ 79 ലക്ഷം രൂപ നഷ്ടം വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഭക്തര്‍ നല്‍കിയ ചാക്കുകണക്കിനുള്ള മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചിരുന്നുവെന്നും ഇക്കാര്യങ്ങള്‍ വിശദമായ സത്യവാംങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം പ്രതികരിച്ചു.
2019 മുതല്‍ 22 വരെയുള്ള കാലത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നടപടികളിലെ പിഴവാണ് റിപ്പോര്‍ട്ടിലുടനീളം ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രത്തില്‍ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അക്കൗണ്ട് ചെയ്യുന്നില്ല. പാലക്കാട് സ്വദേശി 2002ല്‍ ക്ഷേത്രത്തില്‍ നല്‍കിയ 2000 കിലോ തൂക്കംവരുന്ന 15 ലക്ഷം രൂപ വിലയുള്ള ഉരുളി കണക്കില്‍ ചേര്‍ത്തിട്ടില്ല.
പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനക്കൊമ്പ് ചെത്തിയതില്‍ 530ലധികം കിലോ കാണാനില്ലെന്ന വിവരവും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇക്കാര്യം എസ്എഫ്ഒ നിഷേധിച്ചു. ആനക്കോട്ടയില്‍ നിന്ന് ശേഖരിച്ച ആനക്കൊമ്പിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ലോക്കറിലുണ്ടെന്നാണ് എസ്എഫ്ഒയുടെ പ്രതികരണം. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച പരാതി സ്വകാര്യ വ്യക്തി സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha