അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് സഹായവുമായി യൂസഫ് അലി

അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന് ചികിത്സാസഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലി. കരയുമ്പോള്‍ കണ്ണ് പുറത്തേയ്ക്ക് വരുന്ന അപൂര്‍വരോഗമാണ് നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശി സായികൃഷ്ണന്റെയും സജിനിയുടെയും മകള്‍ അദൈ്വതയ്ക്ക് ബാധിച്ചത്. കുട്ടിയുടെ ചികിത്സയ്ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് എം.എ യൂസഫ് അലി അറിയിച്ചു. കുട്ടിയെ സഹായിക്കാനായി മലയാളികളൊന്നാകെ കൈ കോര്‍ക്കുകയാണ്. നിരവധിയാളുകളാണ് കുഞ്ഞിന് സഹായവുമായി എത്തിക്കൊണ്ടിരിക്കുന്നത്.
കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേക്കു വരുന്നതിനാല്‍ ബാന്‍ഡേജ് ഉപയോഗിച്ച് കണ്ണുകളെ താങ്ങിനിര്‍ത്തണമെന്ന് ഡോക്ടര്‍മാരാണ് നിര്‍ദേശിച്ചത്. അച്ഛനെയും അമ്മയെയും ബാന്‍ഡേജിന്റെ നേര്‍ത്തവിടവിലൂടെയാണ് കുഞ്ഞ് കാണുന്നത്. ഉറങ്ങുമ്പോള്‍ മാത്രമാണ് ബാന്‍ഡേജ് മാറ്റുന്നത്. സമാന രോഗം ബാധിച്ചിരുന്ന അദൈ്വതയുടെ ഇരട്ടസഹോദരി അര്‍ത്ഥിത രണ്ടാഴ്ച മുന്‍പ് മരിച്ചിരുന്നു. ഗര്‍ഭാവസ്ഥയിലും ജനിച്ചപ്പോഴും ഒരുവിധ വൈകല്യവും കുഞ്ഞുങ്ങള്‍ക്കുണ്ടായിരുന്നില്ല. പത്തുമാസമായപ്പോഴാണ് കണ്ണുകളുടെ വൈകല്യം തിരിച്ചറിഞ്ഞത്.
ഈയിടെ കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ മൂന്നു ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതിന് ഇരുപതുലക്ഷത്തോളം രൂപ ചെലവുവരുമെന്നും അറിയിച്ചിരുന്നു. കുഞ്ഞിനെ സഹായിക്കാന്‍ ഒരുപാട് പേര്‍ മുന്നോട്ട് വന്നതില്‍ ഒരുപാട് സന്തോഷവും ആശ്വാസവുമുണ്ടെന്ന് പിതാവ് സായി കൃഷ്ണ പ്രതികരിച്ചു.
https://www.facebook.com/Malayalivartha