ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് കൊടിയേറി...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ 8.30ന് കൊടിക്കൂറ പൂജയ്ക്ക് പിന്നാലെ,പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും കൊടിയും കൊടിക്കയറും തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിക്ക് കൈമാറി.
കിഴക്കേ ഗോപുരത്തിന് മുന്നിലെ സ്വർണക്കൊടിമരത്തിൽ ഗരുഡരൂപാങ്കിതമായ കൊടി, തന്ത്രി തരണനല്ലൂർ സതീശൻനമ്പൂതിരിപ്പാട് ഉയർത്തിയതോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുകയായിരുന്നു.
തുടർന്ന് തിരുവാമ്പാടി ക്ഷേത്രത്തിന് മുന്നിലെ വെള്ളിക്കൊടിമരത്തിൽ തന്ത്രി തരണനല്ലൂർ സജി നമ്പൂതിരിപ്പാട് കൊടിയേറ്റി.രാത്രി 8.30ന് സിംഹാസന വാഹനത്തിൽ ഉത്സവശീവേലി നടന്നു. 30ന് വൈകുന്നേരം ശംഖുംമുഖം കടവിലാണ് ആറാട്ട്. വൈകുന്നേരം 5ന് പടിഞ്ഞാറെനട വഴി ആറാട്ട് ഘോഷയാത്ര തുടങ്ങും.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം,അരകത്ത് ദേവീക്ഷേത്രം,വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം,ചെറിയ ഉദേശ്വരം മഹാവിഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ ആറാട്ട് വിഗ്രഹങ്ങളുമായി ശംഖുംമുഖത്ത് കൂടിയാറാട്ടാണ് നടക്കുന്നത്. 29ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലാണ് പള്ളിവേട്ട നടത്തുന്നത്.
പടിഞ്ഞാറേനട വഴി ശ്രീപദ്മനാഭസ്വാമിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും തെക്കേടത്ത് നരസിംഹമൂർത്തിയെയും വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കുന്നു. ക്ഷേത്രസ്ഥാനി പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്ത് വേട്ട നിർവഹിക്കും. തുടർന്ന് വാദ്യഘോഷങ്ങളോടെ മടക്കി എഴുന്നള്ളത്ത് നടക്കും.സുരക്ഷാ കാരണങ്ങളാൽ ആറാട്ട് എഴുന്നള്ളത്തിലെ ഭക്തരുടെ സാന്നിദ്ധ്യം പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha