രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് സംഭവിച്ചത്.. ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത് കേന്ദ്ര ഏജന്‍സികള്‍ക്കും നാണക്കേടാകും.. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി മുന്നോട്ട് നീക്കി...മതിയായ സുരക്ഷാ പരിശോധനകള്‍ നടന്നില്ല..

ശബരിമലയിൽ വൻ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് . പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത് കേന്ദ്ര ഏജന്‍സികള്‍ക്കും നാണക്കേടാകും. മതിയായ സുരക്ഷാ പരിശോധനകള്‍ നടന്നില്ലെന്നതിന് തെളിവാണ് ഇത്. ഹെലികോപ്ടര്‍ താഴ്ന്നതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി മുന്നോട്ട് നീക്കി. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സുരക്ഷിതമായിത്തന്നെ ആയിരുന്നു ഇറങ്ങിയത്.
എന്നാല്‍ ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ പ്രതിസന്ധിയുണ്ടായിരുന്നുവെങ്കില്‍ വലിയ വിവാദങ്ങള്‍ക്ക് അത് കാരണമായേനേ.രാഷ്ട്രപതിയെയുംകൊണ്ട് തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഹെലിക്കോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇറക്കിയത്.
രാവിലെയോടെയായിരുന്നു പ്രമാടത്ത് ഹെലികോപ്റ്റര്‍ വന്നിറങ്ങാനുള്ള ഹെലിപാഡ് നിര്‍മാണം പൂര്‍ത്തിയായത്. അതുകൊണ്ട് കോണ്‍ക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. മഴയും കാലാവസ്ഥയും കാരണം കോണ്‍ക്രീറ്റ് പ്രതലം ഉണങ്ങി വരാന്‍ മണിക്കൂറുകളുടെ ആവശ്യമുണ്ടായിരുന്നു. ഇത് മനസ്സിലാക്കാതെയാണ് ഈ ഹെലിപാഡില്‍ ഹെലികോപ്ടര്‍ ഇറങ്ങിയത്. ഹെലികോപ്റ്റർ തള്ളി നീക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട് . ഇനി ഈ ഹെലികോപ്ടര്‍ ഉപയോഗിച്ച് രാഷ്ട്രപതിയ്ക്ക് മടങ്ങാന്‍ കഴിയില്ല.ശബരിമല ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍
സ്വീകരണവും ഒരുക്കിയിരുന്നു. രാവിലെ 8.40 ന് പ്രത്യേക ഹെലികോപ്റ്ററില്‍ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. ഈ സ്വീകരണത്തിന് പിന്നാലെയാണ് ഹെലിപാടില്‍ ഹെലികോപ്ടര്‍ താണത്.
ഈ സമയം അവിടെ ചാനല്‍ ക്യാമറകളും ഉണ്ടായിരുന്നു. ഹെലികോപ്ടര്‍ തള്ളി നീക്കുന്ന ദൃശ്യങ്ങള്‍ അങ്ങനെ പുറം ലോകത്തും എത്തി.9.05-ന് പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗം രാഷ്ട്രപതി പമ്പയിലേക്ക് തിരിച്ചു. 11.50-ഓടെ സന്നിധാനത്തെത്തും. ഗൂര്‍ഖ വാഹനവ്യൂഹത്തിലാണ് രാഷ്ട്രപതി പുറപ്പെടുക. പമ്പ ഗണപതിക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കും. ക്ഷേത്രമേല്‍ശാന്തിമാരായ വിഷ്ണുനമ്പൂതിരി, ശങ്കരന്‍നമ്പൂതിരി എന്നിവരാണ് കെട്ടുനിറച്ചുനല്‍കുന്നത്. എത്രപേരാണ് രാഷ്ട്രപതിയുടെ കൂടെയുണ്ടാകുകയെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല.
50 പേര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം പമ്പയില്‍ ഒരുക്കുന്നുണ്ട്. ശബരിമലദര്‍ശനം കഴിഞ്ഞശേഷം രാഷ്ട്രപതി, സന്നിധാനത്ത് പ്രധാന ഓഫീസ് കോംപ്ലക്‌സില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് രണ്ടുമണിക്കൂര്‍ തങ്ങുന്നത്. ഈ കെട്ടിടം രണ്ടുദിവസമായി സുരക്ഷാ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്.രാഷ്ട്രപതിക്കുള്ള ഉച്ചഭക്ഷണം ഈകെട്ടിടത്തില്‍ ഈയിടെ നവീകരിച്ച അടുക്കളയില്‍ തയ്യാറാക്കും. ഇതിനായി രാഷ്ട്രപതിഭവന്‍ ജീവനക്കാര്‍ എത്തിയിട്ടുണ്ട്. 3.10-ന് സന്നിധാനത്തുനിന്ന് മടങ്ങുന്ന രാഷ്ട്രപതി
4.20-ന് നിലയ്ക്കല്‍നിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ തിരിക്കും.അതായത് പ്രമാടം ഒഴിവാക്കിയാകും യാത്ര. കോണ്‍ക്രീറ്റില്‍ പുതഞ്ഞ ഹെലികോപ്ടറിന് പകരം മറ്റൊരു ഹെലികോപ്ടര്‍ വായുസേന നിലയ്ക്കലില്‍ എത്തിക്കും. ഇവിടെ കര്‍ശന സുരക്ഷാ ക്രമീകരണം ഉണ്ട്. ഹെലിപാഡിന്റെ കരുത്തും പരിശോധിക്കും.വി.വി. ഗിരിക്കുശേഷം ശബരിമല സന്ദര്‍ശിക്കുന്ന രാഷ്ട്രപതിയാണ് മുര്‍മു. വി.വി.ഗിരിയുടെ സന്ദര്‍ശനത്തിനുശേഷം അഞ്ച്പതിറ്റാണ്ട് പിന്നിടുമ്പോഴാണ് മറ്റൊരു രാഷ്ട്രപതി സന്നിധാനത്തേക്കെത്തുന്നത്.
ഗിരി എത്തുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കൊടും കാടായിരുന്നു ശബരിമല. ഇന്ന് വലിയ മാറ്റങ്ങളുണ്ട്. സംവിധാനങ്ങളും വിപുലമായി. ജീപ്പ് അടക്കം സംവിധാനമുണ്ട്. മുര്‍മുവിന്റെ മലകയറ്റം ജീപ്പിലാണ്. സംസ്ഥാന പോലീസിനൊപ്പം സുരക്ഷയ്ക്കായി കേന്ദ്രസേനയും ശബരിമലയില്‍ ഉണ്ട്.
https://www.facebook.com/Malayalivartha