വിവാദങ്ങള്‍ക്കൊടുവില്‍ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിഎം ശ്രീ പദ്ധതിയില്‍ പുനഃപരിശോധന നടത്താന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചയ്ക്കുശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'ഏഴംഗ ഉപസമിതിയുടെ റിപ്പോര്‍ട്ട് വരും വരെ പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമെന്ന കാര്യം കേന്ദ്രത്തെ കത്തുമുഖേന അറിയിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷന്‍, മറ്റുമന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, പി പ്രസാദ്, കെ കൃഷ്ണന്‍ കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലുണ്ടാകുക.
തീവ്ര വോട്ടര്‍ പരിഷ്‌കരണത്തില്‍ (എസ്‌ഐആറ്) നിന്നും പിന്തിരിയണമെന്നും സുതാര്യമായ വോട്ടര്‍പട്ടിക പുതുക്കല്‍ നടത്തണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ തന്നെ അഭിപ്രായപ്പെട്ടതാണ്. അതിന്റെ ഭാഗമായി ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ അഞ്ചിന് സര്‍വകക്ഷിയോഗം ചേരാനാണ് തീരുമാനം.
സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി നടപ്പാക്കും. ട്രാന്‍സ് സ്ത്രീകള്‍ അടക്കം പാവപ്പെട്ട സ്ത്രീകള്‍ക്ക് പുതിയ പദ്ധതി വഴി പ്രതിമാസം സഹായം ലഭിക്കും. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെന്‍ഷന്‍ നല്‍കാനാണ് തീരുമാനം. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും' മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























