സമസ്ത മേഖലകളിലും വികസനവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുന്നു; ലോകത്തെ മാറുന്ന തൊഴില്‍ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിനാകണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

ലോകത്തെ മാറുന്ന തൊഴില്‍ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിനാകണമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. തൊഴിലും നൈപുണ്യവും വകുപ്പിന്റെ വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ കൊല്ലം ദി ക്വയിലോണ്‍ ബീച്ച് ഹോട്ടലിലെ ഓര്‍ക്കിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗിഗ് ഇക്കോണമി പോലുള്ള തൊഴില്‍ രീതികള്‍ വര്‍ദ്ധിക്കുന്ന കാലത്ത് കേരളം വര്‍ഷങ്ങളായി പിന്തുടരുന്ന സമത്വം, നീതി, സുരക്ഷിതവും മാന്യവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് തൊഴില്‍വ്യവസ്ഥ കൈകാര്യം ചെയ്യപ്പെടേണ്ടത്.
ഇന്ത്യയില്‍ ഉയര്‍ന്ന ജീവിതനിലവാരം ഉള്ള സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ പങ്കാളിത്തം പരമ്പരാഗത വ്യവസായ - തൊഴില്‍ മേഖലകളില്‍ ഉള്‍പ്പെടെ ശ്രദ്ധേയമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്നത് കേരളത്തിലാണ്. മിനിമം വേതനം ഉള്‍പ്പടെ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് ഇരുന്ന് തൊഴില്‍ചെയ്യാന്‍ കഴിയുന്ന, ധാരാളം ക്ഷേമപദ്ധതികള്‍ നടപ്പാക്കി സാമൂഹിക ജീവിതം മെച്ചപ്പെടുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
സമസ്ത മേഖലകളിലും വികസനവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുന്നു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 2 ,000 രൂപയാക്കി. വീട്ടമ്മമാര്‍, യുവതിയുവാക്കള്‍, അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍, പാചക തൊഴിലാളികള്‍ തുടങ്ങി എല്ലാവരെയും സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുന്നു.
ആഭ്യന്തര വരുമാനത്തില്‍ കേരളം മുന്നിലാണ് ; ഈ വര്‍ഷം 95,000 കോടി രൂപയാണ്. അടുത്ത വര്‍ഷം ഇത് ഒരു ലക്ഷം കോടി രൂപയാകും. അര്‍ഹമായ അനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെങ്കിലും ചെലവ് കുറച്ചിട്ടില്ല. 1,75000 കോടി രൂപയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവാക്കിയത്.
സംഘടിത തൊഴില്‍ ഇടങ്ങളുടെ അഭാവം, ഗിഗ് തൊഴില്‍ രീതിയുടെ വെല്ലുവിളികള്‍, നിര്‍മിതബുദ്ധി ഉണ്ടാക്കുന്ന തൊഴില്‍ ഇല്ലായ്മ പ്രശ്‌നങ്ങള്‍ തുടങ്ങിയ അവസ്ഥകളെ എങ്ങനെ മറികടക്കാമെന്ന ആശയങ്ങള്‍ ഈ സെമിനാറിലൂടെ ഉരുതിരിയണമെന്നും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി തൊഴില്‍ അവകാശങ്ങള്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























 
 