അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു

ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിക്കുകയാണ് എന്ന് മന്ത്രി അറിയിച്ചു.
അപകടത്തിൽപ്പെട്ടവർക്ക് സഹായങ്ങൾ എത്തിക്കുന്നതിനൊപ്പം, അപകടത്തിൽ വീട് നഷ്ടമായ അടിമാലി എസ്എൻഡിപി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദക്കും കുടുംബത്തിനും സ്നേഹഭവനവും നാഷണൽ സർവീസ് സ്കീം പണിതു നൽകുകയാണ്.
അപകടം നടന്നയുടനെ സംസ്ഥാന എൻഎസ്എസ് ഓഫീസറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് സംസ്ഥാനത്തെ വിവിധ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സ്നേഹഭവനം ഒരുക്കി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
അടിമാലി എസ്എൻഡിപി സ്കൂളിലെ വൊക്കേഷൻ ഹയർ സെക്കൻഡറിയിലെയും ഹയർസെക്കൻഡറിയിലെയും എൻഎസ്എസ് യൂണിറ്റുകളാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുക. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഏകദേശം എട്ടു ലക്ഷം രൂപ ചിലവ് കണക്കാക്കിയാണ് സ്നേഹഭവനത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്നേഹഭവനത്തിൻ്റെ നിർമ്മാണമായി ബന്ധപ്പെട്ടുള്ള വയറിംഗ് - പ്ലംബിംഗ് പ്രവൃത്തികൾ വിവിധ ഐ ടി ഐകളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ മുൻകയ്യിൽ പൂർത്തീകരിക്കും.
ദുരന്ത ഇടങ്ങളിൽ ഓടിയെത്തി കൈമെയ് മറന്നുള്ള സഹായങ്ങൾ നൽകുന്നതിൽ സമകാലിക കേരളത്തിൽ മാതൃകകളായി തീർന്നിട്ടുണ്ട് നാഷണൽ സർവീസ് സ്കീം സന്നദ്ധസേവകർ. വയനാട് ദുരന്തത്തിൽ അവരൊരുക്കിയ മാതൃകയും തുടർപ്രവർത്തനങ്ങളും നാം കണ്ടതാണ്.
വീടുൾപ്പെടെ എല്ലാം നഷ്ടപ്പെട്ട ജനതയുടെ പുനരധിവാസത്തിനായി പദ്ധതികൾ ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ അതിനു ആദ്യം പിന്തുണ അറിയിച്ചതവിടെ സംസ്ഥാന നാഷണൽ സർവീസ് സ്കീം ആയിരുന്നു. സംസ്ഥാനത്തെ മുഴുവൻ എൻഎസ്എസ് സെല്ലുകളും ഭവനപദ്ധതിയിൽ പങ്കുചേരാൻ കൂട്ടായി തീരുമാനിച്ചതാണ് ആ പുനരധിവാസ പദ്ധതിയ്ക്ക് വലിയ താങ്ങായിത്തീർന്നത്.
സമാനമായ മാതൃകയിൽ, കേരളമൊട്ടാകെയുള്ള എൻഎസ്എസ് യൂണിറ്റുകൾ കൈകോർക്കുന്ന ഈ സ്നേഹസംരംഭത്തിന് എല്ലാ പിന്തുണയും അഭ്യർത്ഥിക്കുന്നു
https://www.facebook.com/Malayalivartha


























