റിപ്പോര്‍ട്ടര്‍ ടി.വി.ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ആലുങ്ങല്‍ മുഹമ്മദ്

വ്യാജ ആരോപണത്തെ അടിസ്ഥാനമാക്കി വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ടി.വി. ചാനലിനും പരാതിക്കാരനുമെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് പ്രഖ്യാപിച്ചു. വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ആലുങ്ങല്‍ മുഹമ്മദിനെതിരെ മലപ്പുറം മമ്പാട് സ്വദേശി അബ്ദുല്‍ സലാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ടി.വി. വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അബ്ദുല്‍ സലാം എന്ന വ്യക്തിയില്‍ നിന്ന് രണ്ടായിരം കോടി രൂപ വഞ്ചിച്ചെടുത്തുവെന്നായിരുന്നു ആലുങ്ങല്‍ മുഹമ്മദിനെതിരായ ആരോപണം. 2015ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2025 ഫെബ്രുവരിയിലാണ് അബ്ദുല്‍ സലാം നെടുമ്പാശ്ശേരി പോലീസില്‍ മൊഴി നല്‍കുകയും തുടര്‍ന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്.
ഈ വ്യാജ ആരോപണങ്ങളെ തുടര്‍ന്ന് ചാനലിനും പരാതിക്കാരനും എതിരെ ഹൈക്കോടതിയില്‍ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ആലുങ്ങല്‍ മുഹമ്മദ് അറിയിച്ചു. പ്രമുഖ അഭിഭാഷകന്‍ എസ്. രാജീവ് ആയിരിക്കും അദ്ദേഹത്തിനുവേണ്ടി കോടതിയില്‍ ഹാജരാവുക. കേസ് കൊടുത്ത ദിവസം അറിഞ്ഞിരുന്നെങ്കില്‍ താന്‍ നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നോ എന്ന അറിയാമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ 62 വര്‍ഷത്തെ ജീവിതത്തില്‍ ആരെയും വഞ്ചിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതി രജിസ്റ്റര്‍ ചെയ്‌തെങ്കിലും, 2025 ഫെബ്രുവരിക്ക് ശേഷം കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും പോലീസിന് ലഭിക്കാത്തതാണ് ഇതിന് കാരണം. മര്‍ദ്ദനം നടന്നുവെന്ന് പറയപ്പെടുന്ന കൊച്ചിയിലെ ഹോട്ടലില്‍നിന്നും തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്. തെളിവില്ലാത്ത ഈ പഴയ പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വി. വാര്‍ത്ത നല്‍കിയത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
റിപ്പോര്‍ട്ടര്‍ ടി.വി.യുടെ ഈ വാര്‍ത്താപ്രചാരണം തങ്ങളുടെ ചാനലിനോടുള്ള പ്രതികാര നടപടിയാണെന്ന് 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍ ആരോപിച്ചു. BARCറേറ്റിംഗ് ക്രമക്കേടുമായി ബന്ധപ്പെട്ട് അടുത്തിടെ റിപ്പോര്‍ട്ടര്‍ ടി.വി.ക്കെതിരെ 24 ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ BARC ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയായും റിപ്പോര്‍ട്ടര്‍ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിനെ രണ്ടാം പ്രതിയായും പോലീസ് കേസെടുത്തിരുന്നു. ഇതിനുള്ള പ്രതികാരമാണ് ആലുങ്ങല്‍ മുഹമ്മദിനെതിരായ വാര്‍ത്തയെന്നും, അദ്ദേഹത്തെയും 24 ന്യൂസിനെയും തകര്‍ക്കാമെന്ന് കരുതേണ്ടെന്നും ശ്രീകണ്ഠന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha



























