തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരണത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഭാഗ്യലക്ഷ്മി

നടന്‍ ദിലീപുമായി ബന്ധപ്പെടുത്തി തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാദ്ധ്യമത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. 'ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാന്‍ നമ്മള്‍ സമ്മതിക്കില്ല' എന്ന വാചകത്തോടൊപ്പം തന്റെ ഫോട്ടോയും ഉപയോഗിച്ചെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ പറയുന്നത്.
പരാതിയുടെ പൂര്‍ണരൂപം
കഴിഞ്ഞ 51 വര്‍ഷമായി മലയാള സിനിമാ രംഗത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു. ഈ കഴിഞ്ഞ മൂന്ന് ദിവസമായി 'തത്സമയം മീഡിയ' എന്ന ഓണ്‍ലൈന്‍ മീഡിയ 'ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല' എന്ന വാചകത്തോടുകൂടി എന്റെ ഫോട്ടോയും വച്ചുകൊണ്ട് ഒരു വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.
അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല. ഞാന്‍ ചെയ്യുകയുമില്ല. മാത്രമല്ല, യുഡിഎഫ് കണ്‍വീനര്‍ ആയ അടൂര്‍ പ്രകാശിനെതിരെ ഞാന്‍ നിയമ നടപടിക്കൊരുങ്ങുന്നു എന്ന വാര്‍ത്തയും ഇതേ മാദ്ധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്റെ സത്യസന്ധമായ സാമൂഹിക പ്രവര്‍ത്തനത്തെ സമൂഹത്തിന് മുന്‍പില്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയും ദിലീപ് എന്ന നടന്റെ ഫാന്‍സിനെക്കൊണ്ട് തെറി വിളിപ്പിക്കാന്‍ വേണ്ടിയും മാത്രമാണെന്ന് ഞാന്‍ സംശയിക്കുന്നു. ആയതിനാല്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന 'തത്സമയം മീഡിയ' എന്ന മാദ്ധ്യമത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha


























