വിവാഹ പരസ്യം നല്‍കി കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന മലപ്പുറം സ്വദേശി അറസ്റ്റില്‍

പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മലപ്പുറം വേങ്ങര മുട്ടുംപുറം അരീക്കാട് വീട്ടില്‍ സെയ്തലവി (45) ആണ് തൃശൂര്‍ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ചകളില്‍ പ്രമുഖ പത്രങ്ങളിലെ വിവാഹ പരസ്യ കോളത്തില്‍ മുസ്ലീം യുവതിയെ രണ്ടാം വിവാഹത്തിന് ആവശ്യമുണ്ട് എന്ന പരസ്യം നല്‍കിയായിരുന്നു ഇയാളുടെ തട്ടിപ്പ്. വിവാഹമോചനം നേടിയ യുവാവെന്ന നലിയ്ക്കാണ് പരസ്യം നല്‍കുന്നത്. കേച്ചേരി സ്വദേശിനിയായ യുവതിയാണ് ഇയാളുടെ തട്ടിപ്പിന് ഒടുവില്‍ ഇരയായത്.
പത്രപ്പരസ്യം കണ്ട യുവതിയാണ് സെയ്തലവിയെ വിളിച്ചത്. തുടര്‍ന്ന് ഇയാളും സുഹൃത്തുക്കളും പെണ്ണുകാണാന്‍ എത്തി. യുവതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും നിരന്തരം വിളിയ്ക്കുകയും ചെയ്തു. തന്റെ ഉമ്മയും പെങ്ങളും യുവതിയെ കാണാന്‍ എത്തുമെന്ന് അറിയിച്ചു. പഴയ ഫാഷനിലുള്ള ആഭരണങ്ങള്‍ അവര്‍ക്ക് ഇഷ്ടമാകില്ലെന്നും പറഞ്ഞു. തന്റെ ആദ്യഭാര്യയുടെ കുറച്ച് ആഭരണങ്ങള്‍ കൈവശമുണ്ടെന്നും രണ്ട് പേരുടേയും കൈയ്യിലുള്ള ആഭരണങ്ങള്‍ വിറ്റ് പുതിയത് വാങ്ങാമെന്നും പറഞ്ഞു.
തൃശൂരിലെ ഒരു പ്രമുഖ ജുവല്ലറിയില്‍ യുവതിയുമായി ഇയാള്‍ കാറില്‍ എത്തി. തന്റെ കൈയ്യിലുണ്ടായിരുന്ന ആഭരണങ്ങള്‍ കാട്ടി യുവതിയില്‍ നിന്നും ആഭരണങ്ങള്‍ കൂടി വാങ്ങി പ്രതി ജൂവല്ലറിയിലേയ്ക്ക് പോയി. അല്‍പ്പ സമയത്തിനകം യുവതിയെ ഫോണില്‍ വിളിയ്ക്കുകയും ജൂവല്ലറിയുടെ അകത്തേയ്്ക്ക് വരാന്‍ പറയുകയും ചെയ്തു.
യുവതി എത്തിയപ്പോള്‍ സെയ്തലവി കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നില്ല. തിരികെ എത്തി കാര്‍ നോക്കുമ്പോള്‍ കാറും കാണാനില്ല. വിളിച്ചപ്പോള്‍ ഫോണും സ്വിച്ച് ഓഫ്. തട്ടിപ്പ് മനസിലായ യുവതി തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ഒട്ടേറെ സ്ത്രീകള്‍ സംഘത്തിന്റെ തട്ടിപ്പിന് ഇരയായതായി പൊലീസിന് മനസിലായി. സംഘത്തില്‍പ്പെട്ട രണ്ട് പേരെ പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha