ബവ്‌റിജസ് ഷോപ്പുകളില്‍ എത്തി പണം സ്വീകരിക്കുന്നതു ബാങ്കുകള്‍ നിര്‍ത്തുന്നു

പ്രതിദിനം ശരാശരി 25 കോടി രൂപ വിറ്റുവരവുള്ള ബവ്‌റിജസ് കോര്‍പറേഷന്‍ മദ്യവില്‍പന ശാലകളിലെത്തി പണം നിക്ഷേപമായി സ്വീകരിക്കുന്നതില്‍ നിന്നു ബാങ്കുകള്‍ പിന്‍മാറുന്നു. ബവ്‌കോ ഷോപ്പുകളില്‍നിന്ന് ഔട്‌സോഴ്‌സിങ് വഴി തുക സ്വീകരിച്ചിരുന്ന രീതിയാണ് സുരക്ഷാ പ്രശ്‌നവും ജീവനക്കാരുടെ ക്ഷാമവും മൂലം ഇതിലെ നഷ്ടവും ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ബാങ്കുകള്‍ നിര്‍ത്തുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിക്ഷേപം സ്വീകരിക്കുന്ന ധനലക്ഷ്മി ബാങ്ക് പിന്‍മാറിയതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ തുക ബാങ്കിലടയ്‌ക്കേണ്ട ചുമതല ബവ്‌കോ ജീവനക്കാരുടെ തലയിലായി.
മറ്റു ജില്ലകളില്‍ നിക്ഷേപം സ്വീകരിക്കുന്ന ഫെഡറല്‍ ബാങ്ക് പിന്‍മാറാനുള്ള സാദ്ധ്യത അറിയിച്ചു കത്തു നല്‍കിയതായി ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി എച്ച്. വെങ്കിടേഷ് പറഞ്ഞു. ഓരോ ബവ്‌റിജസ് ഷോപ്പിലും ലക്ഷങ്ങളുടെ വിറ്റുവരവാണു ദിനംപ്രതിയുള്ളത്. ബാറുകളും ഏതാനും ബവ്‌കോ ഷോപ്പുകളും പൂട്ടിയതോടെ ചിലയിടത്തു ദിവസം 20 ലക്ഷം രൂപയുടെ വരെ വില്‍പനയുണ്ട്. ഈ തുക സ്വീകരിക്കുന്നതിനുള്ള ചുമതല ബാങ്കുകള്‍ ഔട്‌സോഴ്‌സിങ് വഴി സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുകയും സുരക്ഷാ ക്രമീകരണങ്ങളുമായെത്തി ഏജന്‍സി ജീവനക്കാര്‍ ഷോപ്പുകളില്‍നിന്നു തുക സ്വീകരിക്കുകയുമാണു ചെയ്തുപോന്നിരുന്നത്. ഏജന്‍സിക്കു കമ്മിഷന്‍ നല്‍കിയിരുന്നതു ബാങ്കാണ്. ഈ നഷ്ടം സഹിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ബാങ്കുകള്‍ പിന്മാറുന്നത്.
തുടര്‍ന്ന് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ജീവനക്കാര്‍ തന്നെ തുക ബാങ്കിലടയ്ക്കണമെന്ന നിര്‍ദേശം നല്‍കി ബവ്‌കോ എംഡി സര്‍ക്കുലര്‍ ഇറക്കി. ഷോപ് ഇന്‍ചാര്‍ജ് അല്ലെങ്കില്‍ അസി. ഇന്‍ചാര്‍ജ് അതുമല്ലെങ്കില്‍ എല്‍ഡി ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ മൂന്നു ജീവനക്കാര്‍ എല്ലാ ദിവസവും ബാങ്കിലെത്തി തുകയടയ്ക്കണമെന്നാണു സര്‍ക്കുലര്‍. ആവശ്യമെങ്കില്‍ ഇതിനായി വാഹനം വാടകയ്‌ക്കെടുക്കാം. എന്നാല്‍, ബവ്‌കോ ഷോപ്പുകളിലെ ജീവനക്കാരുടെ ക്ഷാമവും ഇത്ര വലിയ തുക കൊണ്ടുപോകുന്നതിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും ജീവനക്കാരെ ആശങ്കയിലാക്കുന്നുണ്ട്.
അതേസമയം, ഇതു താല്‍ക്കാലിക സംവിധാനമാണെന്നും അസമിലെ തിരഞ്ഞെടുപ്പു നിരീക്ഷകന്റെ ചുമതല കഴിഞ്ഞു താന്‍ തിരിച്ചെത്തിയാല്‍ ബോര്‍ഡ് യോഗം വിളിച്ചുകൂട്ടി പകരം സംവിധാനമുണ്ടാക്കുമെന്നും എംഡി പറഞ്ഞു. ഷോപ്പില്‍ നേരിട്ടെത്തി പണം സ്വീകരിക്കാന്‍ കഴിയുമോ എന്നാരാഞ്ഞു മറ്റു ബാങ്കുകള്‍ക്കു കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha