മതത്തിന്റെ പേരില്‍ രാഷ്ട്രീയം പറയുന്നത് വിഡ്ഢിത്തവും അര്‍ത്ഥശൂന്യവുമാണെന്ന് പറഞ്ഞുകൊണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ രാജിക്കത്ത്

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മതത്തിന്റെ പേരില്‍ രാഷ്ട്രീയം പറയുന്നത് വിഡ്ഢിത്തവും അര്‍ത്ഥശൂന്യവുമാണെന്ന് പറഞ്ഞുകൊണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ രാജിക്കത്ത്. കോണ്‍ഗ്രസ് കുടുംബത്തില്‍ പശ്ചാത്തലത്തില്‍ നിന്നും വന്ന സജീവ ലീഗ് പ്രവര്‍ത്തകന്‍ എന്ന അവകാശപ്പെടുന്ന അഷ്‌കര്‍ പി.എയുടെ രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ലീഗില്‍ നിന്നും രാജിവെച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം ചേരുന്നതായി അറിയിക്കുന്ന രാജിക്കത്ത് ഫേസ്ബുക്കിലാണ് അഷ്‌കര്‍ പോസ്റ്റു ചെയ്തത്. മതേതര ഇന്ത്യയില്‍.. 'മതേതരം' എന്നത് അത്രമേല്‍ പാലിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട കാലത്ത്, അതിന് കവചമൊരുക്കി ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കിടയില്‍, അതിന്റെ മഹത്വം പറഞ്ഞവരെ രാജ്യദ്രോഹികളാക്കുന്നിടത്ത്, അതിനായി മുഷ്ടി ചുരുട്ടിയവരെ തുറുങ്കിലടക്കുമ്പോള്‍, ഇനിയും ഒരു മതത്തിന്റെ പേരില്‍ രാഷ്ടീയം പറയുന്നത് വിഡ്ഢിത്തവും അര്‍ത്ഥ ശൂന്യവുമെന്ന് പറയാതെ വയ്യ.' എന്നാണ് രാജിക്കത്തില്‍ അദ്ദേഹം പറയുന്നത്.
ഫാസിസ്റ്റ് ഭീകരത ഭയാനകമായി പിടി മുറുക്കുമ്പോഴും ഭീരുത്വത്തിന്റെ മൗനം പേറിയിരിക്കാന്‍ വയ്യ. മത രാഷ്ട്രീയത്തിനപ്പുറത്തെ വിശാലതയിലേക്ക് ചേക്കേറുകയാണ്. ' എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇടതുപക്ഷത്തു ചേരുന്നതായി അറിയിച്ചത്.
അഷ്‌കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സഖാക്കളേ,
ജീവിതത്തിലാദ്യമായിട്ടാണ് 'സഖാക്കളേ' എന്ന വിളിയില്‍ തുടങ്ങുന്നത്. എല്ലാ കുലീനതകള്‍ക്കുമതീതമായ ഈ സ്‌ഹേഭിവാദ്യത്തെ പകര്‍ത്താന്‍ കാലമൊത്തിരി വൈകിപ്പോയതില്‍ സദയം ക്ഷമിക്കുമല്ലോ..?
വാപ്പാക്ക് മത്സ്യ വില്‍പ്പനയായിരുന്നു ജോലി എന്റെ ജനന സമയത്ത്. പിന്നീട് ഗള്‍ഫിലേക്ക് ചേക്കേറി. ദാരിദ്ര്യം തന്നെയായിരുന്നു അന്നൊക്കെയെന്ന് പിന്നീട് കേട്ടും, ഏതാണ്ട് പത്ത് വയസ്സ് വരെ അനുഭവിച്ചും അറിഞ്ഞു. ആദ്യം വീട്ടില്‍ വൈദ്ദ്യുതി എത്തിക്കാന്‍, നല്ലൊരു കക്കൂസുണ്ടാക്കാന്‍, മക്കള്‍ വലുതായപ്പൊ തറവാട്ടില്‍ നിന്ന് മാറി ഒരു വീട് വക്കാന്‍, ഏക മകളെ കല്ല്യാണം കഴിപ്പിക്കാന്‍, മുടിയനായ എന്നെപ്പോലൊരു മകനെയും രണ്ട് അനിയന്മാരെയും പോറ്റാനും പഠിപ്പിക്കാനും, അങ്ങനെ രുചികരമല്ലാത്ത അനുഭവങ്ങളുടെ പൈതൃകം ഞങ്ങള്‍ക്ക് കൈമാറാതിരിക്കാന്‍ രണ്ടര പതിറ്റാണ്ടാണ് പിതാവ് ഗള്‍ഫില്‍ ചിലവഴിച്ചത്. അദ്ധേഹമാണ് എന്നെ ഞാനാക്കുന്നത്. നെടുമ്പശ്ശേരി എയര്‍പ്പോട്ടാണ് എന്റുമ്മ സഞ്ചരിച്ചിട്ടുള്ള വലിയ ദൂരം. മക്കളുടെ ഭക്ഷണപ്പാത്രത്തില്‍ മാത്രമുണ്ണുന്ന, ജീവിതത്തിലൊരിക്കല്‍ പോലും തന്റേതായി ഒരാവശ്യവും ഭര്‍ത്താവിനോട് പറയാത്ത, മക്കളുടെയും ഭര്‍ത്താവിന്റെയും വസ്ത്രം കഴുകലും ഭക്ഷണം വെക്കലും വീട് വൃത്തിയാക്കലും ജീവിത നിയോഗമാക്കിയ, ഈ ലോകത്ത് ഞാന്‍ മുഴുവനായും ശെരിയാണെന്ന് പറയുന്ന ഏക വെക്തിയാണെന്റുമ്മ.
എന്റെ ലോകം തുടങ്ങുന്നതും അവസാനിക്കുന്നതും അവരിലാണ്.
നമ്മെ പരിചയപ്പെടുത്താന്‍ നമ്മെക്കുറിച്ച് പറയുന്നതിലും നല്ലത് നമ്മുടെ മാതാപിതാക്കളെക്കുറിച്ച് പറയുന്നതാണെന്ന് കേട്ടിട്ടുണ്ട്. അവരുടെ പരിച്ഛേദമാണ് ഞാനെന്ന അവകാശവാദമൊന്നുമല്ല ഇത്. നല്ല തന്തക്കും തള്ളക്കും ജനിക്കുക എന്നതാണല്ലോ നാലാളുടെ മുന്നില്‍ നിലപാട് പറയാനുള്ള മിനിമം യോഗ്യത. അത്‌കൊണ്ട് മാത്രം പങ്കുവെച്ചതാണ്.
ബുദ്ധിയുറച്ച കാലം മുതല്‍ ഞാന്‍ ലീഗുകാരണ്. കോണ്‍ഗ്രസ് കുടുംബമാണെങ്കിലും എന്റെ രാഷ്ടീയ ബോധ്യം ലീഗിനൊപ്പമായിരുന്നു. പത്താം ക്ലാസിന് മുന്‍പുള്ള അറബിക് കോളേജിലെ പഠന കാലത്ത് അതൊന്നുകൂടി ശക്തിപ്പെടുകയും, പത്തില്‍ നാട്ടിലെ സ്‌ക്കൂളില് വന്ന് ചേര്‍ന്നതോടെ സജീവമായി രാഷ്ടീയത്തിലിറങ്ങിത്തുടങ്ങുകയും ചെയ്തു. പിന്നീട് പാലപ്പെട്ടിയിലെ ലീഗ് രാഷ്ട്രീത്തിലായിരുന്നു ഇക്കാലമത്രയും. എന്നെ ഞാന്‍ തന്നെ അളന്ന് തൂക്കുവാനോ, ആത്മാര്‍ത്ഥയുടെ ചങ്ക് പറിച്ച് കാണിക്കാനോ, വളര്‍ച്ചയില്‍ ഭാഗവാക്കായതിന്റെ കണക്ക് പറയാനോ മുതിരുന്നില്ല. ലീഗ് എന്ന രാഷ്ടീയ പാര്‍ട്ടിയുടെ സാമൂഹിക പ്രസക്തിയിലുള്ള എന്റെ ബോധ്യങ്ങള്‍ തന്നെയാണ് ആ പാര്‍ട്ടിയില്‍ എന്നെ പിടിച്ച് നിര്‍ത്തിയത്. സ്വയം നേതാവായോ, കൂടെ നാലാളുള്ള സ്വയം പ്രഖ്യാപിത പ്രസ്ഥാനമായോ പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിച്ചിട്ടില്ല. എന്റെ മഹത്വം കൊണ്ട് ആരെങ്കിലും ലീഗുകാരനായതായും കണക്കാക്കുന്നില്ല. ആരെയും അക്രമിച്ചിട്ടില്ല. വിഭാഗീയതക്കോ വിദ്ധ്വേഷത്തിനോ വഴിമരുന്നിട്ടിട്ടില്ല. ചുരുക്കത്തില്‍ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൂര്‍ണ്ണ സംതൃപ്തിയാണ് ലീഗ് രാഷ്ടീയത്തില്‍ എനിക്ക്.
പക്ഷേ,
മതേതര ഇന്ത്യയില്‍.. 'മതേതരം' എന്നത് അത്രമേല്‍ പാലിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട കാലത്ത്, അതിന് കവചമൊരുക്കി ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കിടയില്‍, അതിന്റെ മഹത്വം പറഞ്ഞവരെ രാജ്യദ്രോഹികളാക്കുന്നിടത്ത്, അതിനായി മുഷ്ടി ചുരുട്ടിയവരെ തുറുങ്കിലടക്കുമ്പോള്‍, ഇനിയും ഒരു മതത്തിന്റെ പേരില്‍ രാഷ്ടീയം പറയുന്നത് വിഡ്ഢിത്തവും അര്‍ത്ഥ ശൂന്യവുമെന്ന് പറയാതെ വയ്യ. ഫാസിസ്റ്റ് ഭീകരത ഭയാനകമായി പിടി മുറുക്കുമ്പോഴും ഭീരുത്വത്തിന്റെ മൗനം പേറിയിരിക്കാന്‍ വയ്യ.
ഞാനീ 'മത' രാഷ്ട്രീയത്തിനപ്പുറത്തെ വിശാലതയിലേക്ക് ചേക്കേറുകയാണ്. മാനവികതയുടെ രാഷ്ട്രീയത്തിനൊപ്പം ചേരുകയാണ്. സര്‍ഗാത്മകതയുടെ രാഷ്ടീയത്തിന്റെ ചലനമാവുകയാണ്. പ്രതിരോധത്തിന്റെ രാഷ്ടീയത്തിന് ശക്തി പകരുകയാണ്. എന്റെ ഹൃദയ പക്ഷം ഇടതാവുകയാണ്.
ഇനിയങ്ങോട്ട്..
ഞാനും കമ്മ്യൂണിസ്റ്റാണ്.
ഞാനും മാര്‍ക്കിസ്റ്റുകാരനാണ്
സഖാവാണ്
( ഈ തീരുമാനം മൂലം മാനസികമായി വിഷമമുണ്ടാകുന്ന പഴയ സഹപ്രവര്‍ത്തകരോടും, സ്‌നേഹിതരോടും, ക്ഷമ ചോദിക്കുന്നതോടൊപ്പം അവരെയും ഈ മാനവികതയുടെ പക്ഷത്തേക്ക് വിനീതമായി ക്ഷണിക്കുന്നു. എന്റെ സൗഹൃദങ്ങളും സ്‌നേഹങ്ങളും രാഷ്ടീയ അടിസ്ഥാനത്തിലുള്ളതല്ല. അവ കാത്ത് സൂക്ഷിക്കാന്‍ നിങ്ങളെയും ഞാന്‍ എന്നെത്തന്നെയും ഓര്‍മിപ്പിക്കുന്നു. )
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha