ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു

ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി വി. ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സന്ധ്യയ്ക്ക് സൂര്യാസ്തമയത്തിന് ശേഷവും പുലര്‍ച്ചെ സൂര്യോദയത്തിന് മുമ്പും ഉഗ്രശബ്ദത്തിലുള്ള വെടിക്കെട്ട് പാടില്ലെന്നാണ് കോടതി വിധി. അതേസമയം വര്‍ണവിസ്മയം തീര്‍ക്കുന്ന വെടിമരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. വിഷു ദിനത്തില്‍ വീണ്ടും ചേരുന്ന കോടതി സമ്പൂര്‍ണ ഉത്തരവ് പുറപ്പെടുവിക്കും. തൃശൂര്‍ പൂരം ഉള്‍പ്പെടെ ഇനി നടക്കാനിരിക്കുന്ന പല ഉത്സവങ്ങളെയും കോടതി വിധി ബാധിക്കും.
നേരത്തെ കത്ത് പരിഗണിക്കവെ പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. വെടിക്കെട്ട് എന്തുകൊണ്ട് തടയാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ആരാഞ്ഞു. ജനജീവിതം സംരക്ഷിക്കാന്‍ കഴിയാത്തത് നിയമവ്യവസ്ഥയുടെ പരാജയമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
എത്ര കിലോഗ്രാം വെടിമരുന്ന് ഉപയോഗിച്ചുവെന്ന് ഹൈക്കോടതി, പോലീസ് കമ്മീഷണറോട് ആരാഞ്ഞു. എന്നാല്‍ കമ്മീഷണര്‍ക്ക് ഇതിന് ഉത്തരം നല്‍കാനായില്ല. തുടര്‍ന്ന് വ്യക്തമായ ഉത്തരം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കമ്പവും വെടിക്കെട്ടും തമ്മില്‍ നിയമത്തില്‍ വ്യത്യാസമില്ല. നിലവിലെ അന്വേഷണത്തില്‍ സംശയമുണ്ട്. നിലവിലെ അന്വേഷണം മതിയോ എന്നും കോടതി ആരാഞ്ഞു. വെടിക്കെട്ട് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നവും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്നും ഹൈക്കോടതി പറഞ്ഞു. കളക്ടറുടെ ഉത്തരവ് അട്ടിമറിക്കാന്‍ ആരോ ശ്രമിച്ചു. ഒരു കോണ്‍സ്റ്റബിള്‍ പോലും അറിയാതെയാണോ വെടിമരുന്ന് കൊണ്ടുവന്നതെന്നും കോടതി ചോചദിച്ചു.
അതേസമയം മത്സരക്കമ്പം നടത്തിയതില്‍ നിയമലംഘനമുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഏഴോളം ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. അതിനിടെ വെടിക്കെട്ട് ദുരന്തം കേന്ദ്രസര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് അന്വേഷിച്ചേക്കും. കേന്ദ്രം പ്രത്യേക അന്വേഷണം നടത്താന്‍ ആലോചിക്കുന്നതായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha