പിണറായി പക്ഷം ഇത്തവണ വി.എസ്സിന്റെ കാലുവാരും

1996-ല്‍ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് സ്വന്തം നാടായ ആലപ്പുഴയിലെ മാരാരിക്കുളത്ത് മത്സരിച്ച വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടിയിലെ എതിര്‍ വിഭാഗം കാലുവാരിത്തോല്‍പ്പിച്ച മഹത്തായ ചരിത്രം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. പിന്നെ 2001-ല്‍ തട്ടകം മാറ്റി പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ അഭയം തേടിയ വി.എസ് തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രതിപക്ഷനേതാവായി.
2006-ലും 2011-ലും വി.എസിന് സീറ്റ് നിഷേധിക്കാന്‍ പിണറായിയുടെ നേതൃത്വത്തിലുളള ഔദ്യോഗിക പക്ഷം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായില്ല. രണ്ടുതവണയും വി.എസ് പക്ഷം തെരുവിലിറങ്ങി പ്രകടനം നയിച്ചപ്പോള്‍ പോളിറ്റ്ബ്യൂറോ മുട്ടുമടക്കി വി.എസ്സിന് മലമ്പുഴയില്‍ത്തന്നെ സീറ്റ് നല്‍കി. അങ്ങനെ വിജയിച്ച വി.എസ് 2006-ല്‍ മുഖ്യമന്ത്രിയും 2011-ല്‍ പ്രതിപക്ഷ നേതാവുമായി.
15 വര്‍ഷമായി സ്റ്റേറ്റ് കാറിലും ഔദ്യോഗിക വസതിയിലും കഴിയുന്ന അദ്ദേഹത്തിന് വയസ്സ് 92 ആയി. പക്ഷേ അവയൊന്നുമില്ലാതെ ഇനി ഒരു നിമിഷം പോലും കഴിച്ചുകൂട്ടാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. ഇത്തവണത്തേത് വി.എസ്സിന്റെ എട്ടാമത്തെ തിരഞ്ഞെടുപ്പുമത്സരമാണ്. 1967-നു ശേഷം സംസ്ഥാനത്തുനടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വി.എസ്. മത്സരിച്ചിട്ടുണ്ട്. ഇത്തവണ ജയിച്ചാല്‍ മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ആയി സ്റ്റേറ്റ് കാറില്‍ത്തന്നെ തുടരാം എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.
വി.എസ് അച്യുതാനന്ദന്റെ ഈ ദുര്‍മോഹത്തിന് തടയിടാന്‍ തന്നെയാണ് പോളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിലുളള ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. വി.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇത്തവണ പ്രതിപക്ഷ നേതാവായ ശേഷവും പാര്‍ട്ടിയില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും അവമതിക്കാനും അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിട്ടിറങ്ങിയ വി.എസ്.അച്യുതാനന്ദനെ അനുഗമിക്കാന്‍ സ്വന്തം മകനല്ലാതെ മറ്റാരും കൂട്ടുണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റ കോടിയേരി ബാലകൃഷ്ണനും ആ പദവി ഒഴിഞ്ഞ പിണറായിയും വി.എസ്സിനെ പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിച്ചുകൊണ്ടു പരസ്യ പ്രസ്താവനകള്‍ നടത്തി. എന്നാല്‍ അദ്ദേഹത്തിന്റെ കുചേഷ്ടകള്‍ സഹിതമുളള അസഭ്യപ്രസംഗങ്ങളും കേള്‍ക്കാന്‍ ആളുകള്‍ കൂടുന്നതിന്റെ പേരില്‍ തിരഞ്ഞെടുപ്പുകാലങ്ങളില്‍ അദ്ദേഹത്തെ കെട്ടി എഴുന്നെളളിക്കാനും അവര്‍ തയ്യാറായി.
കേരളത്തിലെ സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം ഈ തിരഞ്ഞെടുപ്പില്‍ വി.എസ്സിനെ നേരിടാന്‍ കുറേക്കൂടി തന്ത്രപരമായ ഒരു നിലപാടാണ് സ്വീകരിച്ചത്. വി.എസ്സിന് സീറ്റ് നിഷേധിച്ച് പ്രശ്‌നമുണ്ടാക്കാന്‍ അവര്‍ അവസരം കൊടുത്തില്ല. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പുറത്തുവന്ന ആദ്യസ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മലമ്പുഴയിലേക്ക് മറ്റൊരു പേരുണ്ടായിരുന്നു. എന്നാല്‍ വി.എസ്സിനോട് അനുഭാവമുളള കേന്ദ്രസെക്രട്ടറി സീതാറാം യെച്ചൂരി ഇടപ്പെട്ടാണ് വി.എസ്സിന് മലമ്പുഴയില്‍ സീറ്റു കൊടുത്തതെന്ന് വരുത്തിത്തീര്‍ത്തു. അതോടെ വി.എസ്സിനെതിരേ മലമ്പുഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
മുമ്പ് മാരാരിക്കുളത്ത് ചെയ്തപോലെ തന്റെ കാലുവാരാനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കമെന്ന് മനസ്സിലാക്കിയ വി.എസ് തന്റെ പക്ഷക്കാരനായ ഒരാളെ ഏരിയസെക്രട്ടറിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയിലെ വിഭാഗീയത മൂര്‍ധന്യത്തിലെത്തിക്കാന്‍ ആ നടപടി ഉപകരിക്കുമെന്ന് തിരിച്ചറിഞ്ഞ ഔദ്യോഗിക പക്ഷം ആ നിര്‍ദേശം ആംഗീകരിച്ച് വി.എസ്.പക്ഷക്കാരനെ ഏരിയസെക്രട്ടറിയാക്കി. ഇപ്പോള്‍ ഔദ്യോഗികപക്ഷത്തുളള പ്രദേശിക നേതാക്കള്‍ വി.എസ്സിനുവേണ്ടി പ്രചാരണം നടത്താന്‍ രംഗത്തില്ല. കേരളയാത്ര നടത്തിയും പാര്‍ട്ടിയില്‍ നിന്നും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്നും വി.എസ്.പക്ഷക്കാരെ വെട്ടി നിരത്തിയും വെന്നിക്കൊടി പാറിച്ചു നില്‍ക്കുന്ന പിണറായി വിജയന് മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ആകുന്നതിന് ഏകതടസമായി നില്‍ക്കുന്ന വി.എസ്സിനെ കാലുവാരിത്തോല്‍പ്പിക്കുക എന്ന ഏക മാര്‍ഗമേ ഇനി ഔദ്യോഗിക പക്ഷത്തിന്റെ മുന്നിലുളളു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha