ബസുവിന്റെ പേരില്‍ വി.എസിനെതിരെ കാരാട്ടിന്റെ ഒളിയമ്പ്

ലാവലിന്‍ കേസിലെ വിധി സംസ്ഥാനത്തെ സി.പി.എം ഔദ്യോഗിക പക്ഷത്തിന് നല്‍കിയത് വലിയ ആശ്വാസം തന്നെയാണെന്ന്. മുതിര്‍ന്ന നേതാവായ വി.എസ്.അച്ച്യുതാനന്ദന്‍ കാലം കുറെയായി ലാവലിന്‍ എന്നു പറഞ്ഞ് കുത്തിനോവിക്കാന്‍ തുടങ്ങിയിട്ട്. അക്കാര്യം സി.ബി.ഐ കോടതിയുടെ വിധിവന്നതിനു പിന്നാലെ പിണറായി വിജയന്‍ സൂചിപ്പിച്ചതുമാണ്. 'മഞ്ഞപത്രം മുതല്‍ മഹാനേതാവ് വരെ ലാവലിന്‍ ഉയര്‍ത്തി തന്നെ വേദനിപ്പിച്ചു' എന്ന പിണറായിയുടെ പ്രസ്‌താവന വി.എസിനു നേരെയുള്ള ഒളിയമ്പായിരുന്നു എന്നതില്‍ ആര്‍ക്കുംതന്നെ സംശയം കാണില്ല. എന്നാല്‍ പലപ്പോഴായി തന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനം ചൊരിഞ്ഞ വി.എസിനെ അനുകൂല വിധി വന്നപ്പോള്‍ ഒന്നു കുത്തിയത് മനുഷ്യ സഹജം മാത്രമായി കരുതാം.
അതേസമയം കഴിഞ്ഞ ദിവസം വി.എസിനെതിരെ മറ്റൊരു ഒളിയമ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ വകയായിരുന്നു. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ജ്യോതി ബസു ജന്മശതാബ്ദി സെമിനാറിനിടയിലാണ് പ്രകാശ് കാരാട്ടിന്റെ പരാമര്‍ശം ഉണ്ടായത്. 'തന്റെ പ്രായാധിക്യം കാരണം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ജ്യോതി ബസു ആവശ്യപ്പെട്ടിരുന്നു' എന്നാണ് കാരാട്ട് പറഞ്ഞത്. വി.എസ് കൂടി പങ്കെടുത്ത ചടങ്ങില്‍ അതും പുതിയ സാഹചര്യത്തില്‍ കാരാട്ടിന്റെ പരാമര്‍ശം വി.എസിനെ ഉദ്ദേശിച്ചുകൊണ്ടുള്ളത് തന്നെയാകാനെ തരമുള്ളൂ. 'വ്യക്തിപരമായ താല്‍പര്യങ്ങളോ ഈഗോയോ ഇല്ലാത്ത നേതാവാണ് ബസു'വെന്നും കാരാട്ട് പറഞ്ഞുവെച്ചു.
സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവായ വി.എസ് തൊണ്ണൂറ് വയസ്സില്‍ എത്തി നില്‍ക്കുകയാണ്. എന്നാല്‍ അതിന്റെ ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹത്തിനില്ല. ചെറുപ്പക്കാരെക്കാള്‍ ചുറുചുറുക്കോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. അതേസമയം തന്നെ അധികാരത്തോടുള്ള മോഹവും അദ്ദേഹത്തിന് അവസാനിച്ചിട്ടില്ല. ഇനിയൊരു അഞ്ചു വര്‍ഷംകൂടി ഭരണത്തെ നയിക്കാന്‍ തനിക്ക് കഴിയും എന്ന ആത്മ വിശ്വാസത്തില്‍ തന്നെയാണ് അദ്ദേഹം.
പിണറായി ലാവലിന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ വി.എസിന് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറിമറഞ്ഞിരിക്കുന്നു. സ്വയം ഒഴിഞ്ഞു പോകൂ എന്ന് വി.എസിനോട് പറയാതെ പറയുകയാണ് കാരാട്ട് അടക്കമുള്ളവര്‍.
https://www.facebook.com/Malayalivartha