ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു: വെടിനിര്‍ത്തലിന് പിന്നാലെ വ്യോമാതിര്‍ത്തി തുറന്ന് പാകിസ്ഥാന്

ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേര്‍ന്നു. വൈകിട്ട് അഞ്ച് മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് ധാരണയായതിന് പിന്നാലെ ഇന്ത്യക്ക് മുന്നില്‍ വ്യോമപാത തുറന്ന് പാകിസ്ഥാന്‍. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ അടച്ചിട്ടത്. ഇതിന് ബദലായി ഇന്ത്യയും വ്യോമാതിര്‍ത്തി അടച്ചിരുന്നു. അതേസമയം കടലിലും കരയിലും വ്യോമമേഖലയിലുമുള്ള എല്ലാ സൈനിക നീക്കങ്ങളും നിര്‍ത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ധാരണയിലെത്തിയത്.
വെടിനിര്‍ത്തല്‍ പിന്തുടരുമെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച നിര്‍ദേശം കര,വ്യോമ, നാവിക സേനകള്‍ക്ക് നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്. അതോടൊപ്പം തന്നെ ഇന്ത്യയുടെ യുദ്ധ വിമാനം വെടിവച്ചിട്ടുവെന്നത് ഉള്‍പ്പെടെയുള്ള പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ തെറ്റായ പ്രചാരണങ്ങളാണെന്നും സൈന്യം പ്രതികരിച്ചിരുന്നു.
അതോസമയം, വെടിനിര്‍ത്തലിന് ധാരണയായെങ്കിലും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി തുടരും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുമെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചിരുന്നു. പാകിസ്ഥാനില്‍ ഇന്ത്യ ലക്ഷ്യമിട്ടത് ഭീകരരുടെ താവളങ്ങളാണെന്ന് സൈന്യവും പ്രതികരിച്ചിരുന്നു. ആരാധനാലയങ്ങളെ ആക്രമിച്ചുവെന്ന പാക് പ്രചാരണം തെറ്റാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ചിട്ടുള്ള നയതന്ത്ര നടപടികള്‍ തുടര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രില്‍ 23-നാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്.
വെടിനിര്‍ത്തല്‍ ഏതെങ്കിലും തരത്തിലുള്ള ഉപാധികളോടെ അല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, മെയ് 12-ന് ഇരുരാജ്യങ്ങളും സൈനിക തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കാനും ധാരണയായിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച് ആദ്യമായി പരസ്യ പ്രതികരണം നടത്തിയത്. എന്നാല്‍ ഒരു മൂന്നാം കക്ഷിയുടെ മദ്ധ്യസ്ത്ഥയുണ്ടായിരുന്നില്ലെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha