കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..

പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഭീകര സംഘടനയായ ദി റസിസ്റ്റന്‍റ് ഫ്രണ്ടിന്‍റെ തലവന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തിലെത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിൽ കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി. ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. സജ്ജാദ് ഗുല്ലിന് കേരളത്തിന്റെ കിടപ്പ് അറിയാം എന്ന സന്ദേഹത്തിലാണ് കേന്ദ്ര ഏജൻസികൾ.പഠന സമയത്താണ് ഇയാള്‍ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പാക്കിസ്ഥാനിലെ റാവില്‍പിണ്ടിയില്‍ കന്റോൺമെന്റ് ടൗണില്‍ ലഷ്കറെ തയ്ബയുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് ഗുല്‍.
സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഇയാള്‍ 2020 നും 2024 നും ഇടയില്‍ സെന്‍ട്രല്‍ കശ്മീരിലും, തെക്കന്‍ കശ്മീരിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 2023 ല്‍ സെന്‍ട്രല്‍ കശ്മീരില്‍ നടന്ന ഗ്രനേഡ് ആക്രമണം, അനന്ത്നാഗിലെ ബിജ്ബെഹ്രയിൽ ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം, ഗംഗീറിലെ ഗണ്ടർബലിലെ ഇസഡ്-മോർ ടണൽ ആക്രമണം എന്നിവ ഗുല്ലിന്‍റെ ആസൂത്രണത്തില്‍ നടന്നവയാണ്. 2022 ല്‍ എന്‍ഐഎ ഭീകരനായി പ്രഖ്യാപിച്ച ഇയാളുടെ തലയ്ക്ക് 10 ലക്ഷം വിലയിട്ടിരുന്നു. പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിൽ ഗുല്ലിലേക്ക് എത്തുന്ന ബന്ധങ്ങളും ചില ആശയവിനിമയങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ടിആർഎഫ് ഏറ്റെടുത്തിരുന്നു. ശ്രീനഗറിലെ പഠനത്തിന് ശേഷം ബെംഗളൂരുവിലാണ് ഗുല്‍ എംബിഎ പഠിച്ചത്. ശേഷം കേരളത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് ചെയ്തിരുന്നു. പഠനത്തിന് ശേഷം കശ്മീരിലേക്ക് തിരിച്ചെത്തിയ ഗുല്‍ ലാബ് ആരംഭിക്കുകയും ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2002 ല്‍ ഭീകര സംഘടനകളുടെ ഓവര്‍ഗ്രൗണ്ട് വര്‍ക്കറായി ജോലി ചെയ്യുന്നതിനിടെ നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് അഞ്ച് കിലോ ആര്‍ഡിഎക്സുമായി ഗുല്ലിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ സ്ഫോടന പരമ്പര നടത്താൻ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിനമായിരുന്നു ഗുല്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
2003 ഓഗസ്റ്റ് 7 ന് 10 വർഷത്തെ തടവിന് ശിക്ഷിച്ച ഗുല്‍ 2017 ലാണ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പാക്കിസ്ഥാനിലേക്ക് ചേക്കേറിയ ഇയാളെ പാക്ക് ചാരസംഘടനയായ ഐഎസ്ഐയാണ് ടിഡിഎഫിന്‍റെ ചുമതലക്കാരനാക്കുന്നത്. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ലഷ്കറെ തയ്ബ, ജെയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളെ സ്പോൺസർ ചെയ്യുന്നതും സംരക്ഷിക്കുന്നതും പാക്കിസ്ഥാനാണെന്ന് രാജ്യാന്തരതലത്തില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനുള്ള ഐഎസ്ഐയുടെ തന്ത്രമായിരുന്നു ടിആർഎഫിന്‍റെ പിറവിക്ക് പിന്നില്‍. ഇയാളുടെ സഹോദരന്‍ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ ഡോക്ടറായിരുന്നു. പിന്നീട് ഭീകരവാദത്തിലേക്ക് കടന്ന ഇയാള്‍ 1990കളില്‍ സൗദി അറേബ്യയിലേക്കും പാക്കിസ്ഥാനിലേക്കും ചേക്കേറിയിരുന്നു.
നിലവില്‍ ഗൾഫ് രാജ്യങ്ങളില്‍ പലായനം ചെയ്തവരില്‍ നിന്നും ഭീകരവാദത്തിന് ധനസഹായം സമാഹരിക്കുന്നതാണ് ഇയാളുടെ ചുമതല. പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകിയിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ 9 എണ്ണം മാത്രമാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ലക്ഷ്യമിടുന്നത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ടി ആർ എഫ് തലവൻ ഷെയ്ഖ് സജ്ജാദ് ഗുല്ലിൻ്റേതടക്കം താവളങ്ങളാണ്. റാവൽപിണ്ടിയിലെ ഇയാളുടെ താവളവും ലക്ഷ്യത്തിലുണ്ട്. ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന 21 കേന്ദ്രങ്ങളിൽ ഗില്ലിൻ്റെ താവളവും ഉൾപ്പെടും.
മറ്റ് നിരവധി ഭീകരാക്രണങ്ങളിലും സജാദ് ഗുല്ലിന് പങ്കെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ എവിടെയാണ് സജാദ് ഗുല്‍ പഠിച്ചത്, ഏത് വര്‍ഷമായിരുന്നു, എത്രകാലം കേരളത്തില്‍ തങ്ങി, എവിടെയായിരുന്നു താമസിച്ചത്, കേരളത്തില്‍ ബന്ധങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. എന്‍.ഐ.എ കേസായതിനാല്‍ നേരിട്ട് അന്വേഷണം നടത്താന്‍ കേരള പൊലീസിന് പരിമിതികളുണ്ട്. എങ്കിലും എന്‍.ഐ.എ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിനും തയ്യാറാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പക്ഷേ ഇത്തരം കാര്യങ്ങളിൽ കേരള പോലീസിനെ വിശ്വാസത്തിലെടുക്കാൻ കേന്ദ്രം തയ്യാറല്ല.2010-ലാണ് കേരളത്തിൽ ഐ.എസിന്റെ തുടക്കം എന്നുപറയാവുന്ന തീവ്രവാദപ്രസ്ഥാനത്തിന് സൈബർ മേഖലയിലൂടെ മുളപൊട്ടുന്നത്. അതിനുമുൻപ് കണ്ണൂർ കേന്ദ്രീകരിച്ച് ഒരു തീവ്രവാദ ഗ്രൂപ്പ് ശക്തമായിരുന്നു.
ഇവരൊക്കെ പിന്നീട് അറസ്റ്റിലായി.മലപ്പുറം കേന്ദ്രീകരിച്ച് ’ഫ്രീ തിങ്കേഴ്‌സ്’ എന്ന സൈബർ ഗ്രൂപ്പിലൂടെയാണ് കേരളത്തിൽ ഐ.എസിന്റെ തുടക്കം. പിന്നീട് ’റൈറ്റ് തിങ്കേഴ്‌സ്’ എന്ന ഗ്രൂപ്പായി അത് മാറി. അതിനുശേഷമാണ് ഒരുകൂട്ടം ആൾക്കാർ ചേർന്ന് അൽമൊഹാജിറു എന്ന ബ്ലോഗ് തുടങ്ങുന്നത്. കേരളത്തിൽ ഐ.എസ്. എന്ന ആശയത്തെക്കുറിച്ച് ഈ ബ്ലോഗിലാണ് ചർച്ചയുണ്ടാകുന്നത്. അൽമൊഹാജിറു ബ്ലോഗിൽനിന്ന് ഐ.എസ്. താത്പര്യം സംബന്ധിച്ച 40 പോസ്റ്റുകൾ പോലീസ് കണ്ടെടുത്തതായി അന്ന് കേസന്വേഷിച്ച അഡീഷണൽ എസ്.പി. പി.പി.സദാനന്ദൻ പറയുന്നു. അതിനുശേഷമാണ് അൻസാറുൽ ഖിലാഫത്ത് എന്ന ബ്ലോഗ് രുപംകൊള്ളുന്നത്.
ഇതോടെ ഇവരുടെ പോസ്റ്റുകൾ പോലീസ് കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങി. ഈ ഗ്രൂപ്പിൽപ്പെട്ട 35-ലധികം പേരാണ് പിന്നീട് സിറിയയിലേക്ക് ഐ.എസിനുവേണ്ടി യുദ്ധംചെയ്യാൻ പോയത്. ഇതിൽ അഞ്ചുപേർ തിരിച്ചുവന്നു. ബാക്കി പലരും അവിടെ കൊല്ലപ്പെട്ടു. പിന്നീടാണ് കേസിലുൾപ്പെട്ട, ഇപ്പോൾ ശിക്ഷിക്കപ്പെട്ട മൂന്നുപേർ ഉൾപ്പടെ ആറുപേർ പിടിയിലായത്.2017-ലാണ് ഈ കേസ് പി.പി.സദാനന്ദൻ സ്വമേധയാ ഏറ്റെടുത്തത്. നാല്പതിലധികം ഡിജിറ്റൽ രേഖകൾ ഐ.എസ്. തീവ്രവാദം സംബന്ധിച്ചുണ്ടായിരുന്നു. ഷജീർ മംഗലശ്ശേരി എന്ന വ്യക്തിയാണ് പല പോസ്റ്റുകൾക്കും പിന്നിൽ. അദ്ദേഹം പിന്നീട് സിറിയയിൽ കൊല്ലപ്പെട്ടു.
കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നാണ് സ്ത്രീകളുൾപ്പെടെ കൂടുതൽ പേർ ഐ.എസിൽ ചേരാൻ രാജ്യംവിട്ടത്. ഇവരിൽ പലരും പിന്നീട് കൊല്ലപ്പെട്ടതായാണ് വിവരം.കേരളത്തിൽനിന്ന് പോയ ചിലർ അഫ്‌ഗാനിസ്താനിലെ ജയിലിലുണ്ടെന്ന് സംശയിക്കുന്നുവെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തിവ്രവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ രണ്ട് സ്ത്രീകൾ കണ്ണൂരിൽ എൻ.ഐ.എ. അറസ്റ്റുചെയ്തിരുന്നു. അവർ ഇപ്പോൾ ഡൽഹി തിഹാർ ജയിലിലാണ്.ചെറുപ്പക്കാര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്നും കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകര സംഘടനയിലേക്ക് പോകുന്നതെന്നും പി. ജയരാജന്‍ പറഞ്ഞിട്ട് അധിക നാളുകളായിട്ടില്ല.. പ്രാദേശിക ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. .
ഇത് സംസ്ഥാന ആഭ്യന്തര വകുപ്പിനും സിപിഎമ്മിനും എതിരായ രൂക്ഷ വിമര്‍ശനം കൂടിയായി മാറി.സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരൂന്നിയ കാര്യം അദ്ദേഹം തുറന്നുപറഞ്ഞു. ലോകത്താകെ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുന്നു. അതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസി ലേക്ക് പോകുന്നു. ഇത് ഗൗരവമായി കാണണം. കണക്കുകള്‍ നിരത്തിയാണ് ജയരാജന്റെ തുറന്നുപറച്ചില്‍. ഇത് സംബന്ധിച്ച് നേരത്തെ വാര്‍ത്തകളും ചര്‍ച്ചകളും വന്നപ്പോള്‍ അത് അപ്പാടെ നിഷേധിച്ച പാര്‍ട്ടിയാണ് സിപിഎം. ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂരിലെ പ്രമുഖ നേതാവുമായ ജയരാജനാണ് ഇക്കാര്യം സംശയലേശമന്യേ തുറന്നു പറഞ്ഞിരിക്കുന്നത്. ജയരാജന്‍ എഴുതിയ പുസ്തകവുമായി ബന്ധപ്പെട്ട് പ്രാദേശിക ചാനല്‍ അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരുന്നിയ കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്.
ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മതരാഷ്‌ട്രീയ വാദികളാണെന്നും അഭിമുഖത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പറയുന്നു. മുമ്പ് കശ്മീരില്‍ കൊല്ലപ്പെട്ട കണ്ണൂരുകാരായ നാലു ചെറുപ്പക്കാരെ കുറിച്ചും ജയരാജന്‍ സംസാരിക്കുന്നുണ്ട്. ജയരാജന്റെ പുസ്തകങ്ങളില്‍ കണ്ണൂരിലെ യുവാക്കളില്‍ ഇസ്ലാമിക ഭീകരസംഘടകള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ട്. 2015ല്‍ കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വന്നിരുന്നു. പിണറായി വിജയനടക്കമുള്ള നേതാക്കള്‍ അന്ന് അത് പുച്ഛിച്ച് തള്ളുകയായിരുന്നു. ഇതേ പ്രമേയം കൈകാര്യം ചെയ്ത കേരള സ്റ്റോറിയെ സംഘപരിവാര്‍ അജണ്ടയെന്ന് പറഞ്ഞ് സിപിഎം തളളുകയും ചെയ്തിരുന്നു. നാറാത്തും കോഴിമലയിലും കണ്ണൂരില്‍ താണയിലും തീവ്രവാദപരിശീലനം നടത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ചര്‍ച്ചയായിരുന്നു. അതിനെ മുസ്ലിം സംഘടനകളെക്കാള്‍ ശക്തമായി നിഷേധിക്കാന്‍ നിന്നവരാണ് സിപിഎംകാര്‍. ഇന്നത് മാറ്റിപ്പറയുന്നതാണ് കൗതുകകരം.
ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഎം മൂടിവെച്ച സത്യങ്ങളാണ് ജയരാജന്റെ വാക്കുകളിലൂടെ പുറത്ത് വന്നത്. ഇസ്ലാമിക തീവ്രവാദത്തിന് സിപിഎം കുടപിടിക്കുകയാണെന്ന വിമര്‍ശനം കാലങ്ങളായി നിലനില്‍ക്കുകയാണ്. നടക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ ജയരാജന്റെ തുറന്ന് പറച്ചില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. സിപിഎമ്മില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പി.വി. അന്‍വര്‍, കെ.ടി. ജലീല്‍ വിഭാഗം മുസ്ലീം വര്‍ഗീയ രാഷ്‌ട്രീയം പാര്‍ട്ടിയില്‍ കൊണ്ടുവരുന്നെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നതിനിടയിലാണ് കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് പാര്‍ട്ടി നേതാവ് തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ സ്വന്തം പാര്‍ട്ടിക്കാരെയും തിരക്കിയാല്‍ കണ്ടെത്താനാകും. അതൊന്നും ജയരാജന്‍ കാര്യമാക്കുന്നില്ല. പാര്‍ട്ടിയിലെ ചേരിതിരിവ് ഒരു കൈനോക്കാനാണ് ജയരാജന്റെ നീക്കം.
സജാദ് ഗുല്ലിന്റെ കേരള കണക്ഷൻ പുറത്തുവന്നിട്ടും കേരള സർക്കാരിന് ഒരു അനക്കവുമില്ല. മുമ്പ് കേരളം തീവവാദികളുടെ സ്ലീപ്പിംഗ് സെൽ ആണെന്ന് പറഞ്ഞത് ഇവിടെ മുൻ ഡി. ജി.പി.യാണ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പണം കവര്‍ന്ന തൃശ്ശൂര്‍ സ്വദേശി തമിഴ്നാട്ടില്‍ വെച്ച് എന്‍ഐഎയുടെ പിടിയിലായത് 2023 ലാണ് . തൃശൂര്‍ മതിലകം കോട സ്വദേശി ആഷിഫാണ് പിടിയിലായത്. കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും ആഷിഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പങ്കുള്ളതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്. ടെലഗ്രാമില്‍ പെറ്റ് ലവേര്‍സ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് ആഷിഫ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍കൂടി പിടിയിലായിട്ടുണ്ട്.
പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ആഷിഫും സംഘവും സത്യമംഗലം വന മേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടയിലാണ് ഇവരെ പിടികൂടിയിരിക്കുന്നത്. കേസില്‍ ഒരു പ്രതിയെ കൂടി ഇനി പിടികൂടാനുണ്ട്. ഒരു കൊലക്കേസിലും പ്രതിയാണ് ആഷിഫ്. ഇയാളുടെ നേതൃത്വത്തില്‍ ഒരു പൊതുമേഖലാ ബാങ്കിലും ഒരു സഹകരണ സംഘത്തിലും ഒരു ജുവല്ലറിയിലും മോഷണം നടത്താനും ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്, എടിഎം കവര്‍ച്ച തുടങ്ങിയവയ്ക്കും ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇയാള്‍ക്കെതിരെ യുഎപിഎ കുറ്റവും ചുമത്തിയിട്ടുണ്ട്. മൂന്ന് മാസത്തോളം ഇയാളെ നിരീക്ഷിച്ചശേഷമാണിപ്പോള്‍ എന്‍ഐഎ പിടികൂടിയിരിക്കുന്നത്. കൊച്ചി എന്‍ഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇയാളുടെ സുരക്ഷിത താവളം കേരളമായിരുന്നു
കേരളത്തിൽ ഐ.എസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി എൻഐഎ നിരീക്ഷണം തുടരുകയായിരുന്നു. 122 ഭീകരരെ അറസ്റ്റ് ചെയ്തതായി 2020 സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വംശജരായ 127 ഐ.എസ്.ഭീകരരെ പിടികൂടിയപ്പോൾ 21 പേർ മലയാളികളായിരുന്നു.ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ 2021 ഓഗസ്റ്റിൽ അറസ്റ്റിലായതോടെയാണ് കേന്ദ്രം കേരളത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട രണ്ടു യുവതികളാണ് അറസ്റ്റിലായത്.ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് കണ്ണൂർ നഗരത്തിൽ നിന്ന് അറസ്റ്റിലായത്. ദില്ലിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴി ഐ എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ദേശീയ അന്വേഷണ ഏജൻസി പറയുന്നത്.
ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു.യുവതികൾ ക്രോണിക്കൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സമൂഹ മാധ്യമത്തിൽ ഐ.എസ്. പ്രചരണം നടത്തിയെന്നാണ് ആരോപണം. സംഘത്തിൽപ്പെട്ട അമീർ അബ്ദുൾ റഹ്മാനെ മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ആറു മാസത്തോളം കേന്ദ്രം നിരീക്ഷിച്ചിരുന്നു. കേരളത്തിൽ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ. എസിന് വേണ്ടി സമൂഹ മാധ്യമത്തിൽ പ്രചാരണം നടത്തിയതെന്ന് സംഘം പറയുന്നു. ഏതാണ്ട് ഇതേ കാലത്ത് കേരളം ഐ എസിൻറെ താവളമാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞത്. കേരളത്തിൽ നിന്നും ഐ.എസ്. ബന്ധം ആരോപിച്ച് രണ്ട് യുവതികളെ പിടി കൂടിയതിന് പിന്നാലെയായിരുന്നു നദ്ദയുടെ പ്രസ്താവന.
മുമ്പും ഐ.എസ് ഉൾപെടെയുള്ള ഭീകര സംഘടകളുടെ സ്ലീപ്പിംഗ് സെൻറായാണ് കേരളം അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത്തരമൊരു ആരോപണം ഉയർന്നുകേട്ടിരുന്നു. എന്നാൽ ഫലപ്രദമായ യാതൊരു നടപടികളും ഉണ്ടായില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു.സത്യത്തിൽ ഇടത് വലത് മുന്നണികളാണ് ഇത്തരം സംഘടനകളുടെ കേരളത്തിലെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചത്. തീവ്രവാദികൾക്ക് നേരെ കണ്ണെറിഞ്ഞാൽ അത് ഒരു പ്രത്യേക സമുദായത്തിന് നേരെയാകും എന്ന പേടിയാണ് ഇടത് വലതു മുന്നണികൾ പുലർത്തുന്നത്. കോൺഗ്രസിനൊപ്പം ലീഗുള്ളതു കൊണ്ട് ഇത്തരക്കാരെ കോൺഗ്രസ് വിമർശിക്കാനില്ല. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം വോട്ടാണ്. കേരളത്തിൽ പ്രവർത്തിക്കുന്നത് തീവ്രവാദികളാണെന്ന് പറഞ്ഞാൽ അവർക്കതിൽ യാതൊരു പരിഭവവുമില്ല.
എന്നാൽ രണ്ടാം പിണറായി സർക്കാറിന്റെ കാലം മുതലാണ്ഐഎസ് ഉൾപ്പെടെയുള്ള ഭീകരർ കേരളത്തിൽ സജീവമായത്കഴിഞ്ഞ ആറു വർഷമായി രാജ്യത്തിന്റെ ചാര കണ്ണുകൾ കേരളത്തിന് പിന്നാലെയുണ്ട്. ഐ. എസിന്റെ കണ്ണികൾ കേരളത്തിലുണ്ടെന്ന മുന്നറിയിപ്പ് മുമ്പ് തന്നെ കേന്ദ്ര സർക്കാർ കേരളത്തിന് കൈമാറിയിരുന്നത്. ഇക്കാര്യം വിരമിക്കുന്ന വേളയിൽ ഡിജി പി യായിരുന്ന ലോക്നാഥ് ബഹ്റ പരസ്യമാക്കുകയും ചെയ്തു. എന്നാൽ ബഹ്റ വിചാരിച്ചാലൊന്നും നടക്കില്ലെന്ന് കേരളത്തിന് മനസ്സിലായി.കേരളത്തിന്റെ കാര്യത്തിൽ നരേന്ദ്രമോദിക്ക് പ്രത്യേക താത്പര്യമാണുള്ളത്. കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രിയ കക്ഷികൾ വർഗ്ഗിയ കക്ഷികളെയും തീവ്രവാദികളെയും വളർത്തുന്ന കാര്യം വളരെ മുമ്പേ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അതിന് ഒരറുതിയുണ്ടാക്കാൻ ഐ. എസ്. യുവതികൾക്ക് കഴിയുമെന്ന് കേന്ദ്രസർക്കാർ വിശ്വസിക്കുന്നു.
താലിബാൻ വിഷയം കൊടുമ്പിരി കൊണ്ടതോടെ ഐ.എസിന് പഴുതുകൾ സൃഷ്ടിക്കാതെ ശ്രദ്ധിക്കുകയാണ് കേന്ദ്ര സർക്കാർ.താലിബാനിലെ ഭീകരൻമാർ മലയാളം സംസാരിക്കുന്ന ദൃശ്യം ശശി തരൂർ പുറത്തുവിട്ടപ്പോൾ കേരളം ഞെട്ടി.ലൗ ജിഹാദിൽ അകപ്പെട്ട് വിദേശ രാജ്യങ്ങളിലെത്തി ഐ.എസ്. ഭീകരരായി മാറിയ മലയാളി നിമിഷയുടെയും കുടുംബത്തിൻറെയും ചിത്രങ്ങളുമായി ഓസ്ട്രേലിയൻ ടെലിവിഷൻ ചാനൽ പ്രതിനിധികൾ തലസ്ഥാനത്ത് എത്തിയതും കേരളം മറക്കാറായിട്ടില്ല. നിമിഷയുടെ അമ്മ ബിന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി രാജ്യം വിട്ട നിമിഷയുടെ കാര്യത്തിൽ ഓസ്ട്രേലിയൻ മാധ്യമത്തിന് എന്താണിത്ര താത്പര്യമെന്ന് ഇന്നും വ്യക്തമല്ല. ഏതായാലും നിമിഷയും സോണിയയും നബീസയും മറിയവും ഇനി മലയാള മണ്ണ് കാണില്ലെന്ന കാര്യത്തിൽ തീരുമാനമായി കഴിഞ്ഞു.
ഇക്കാര്യം പുറത്തുവന്നയുടനെയാണ് ഓസ്ട്രേലിയൻ മാധ്യമം നിമിഷയുടെ അമ്മ ബിന്ദുവിനെ കണ്ടത്.സിറിയ അടക്കമുള്ള രാജ്യങ്ങളിലാണ് മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ സംഘം ഭീകരപ്രവർത്തനങ്ങൾക്കായി എത്തിയത്. ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കമുള്ള സ്ത്രീകളെ സ്വീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ കപട രാജ്യസ്‌നേഹികൾ ലക്ഷദ്വീപിന് ശേഷം ഇത് ആയുധമാക്കാനുള്ള ഒരുക്കമാണ് അണിയറയിൽ നടത്തിയത് . ഇവരുടെ ഐഎസ് ഭീകരരായ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെയാണ് രാജ്യത്തേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. ചില ദേശീയ പത്രങ്ങൾക്ക് കേന്ദ്ര സർക്കാരിൻറെ നടപടി ഒട്ടും സഹിക്കുന്നില്ല. മലയാളി വനിതകള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുകയാണെന്നു കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് വ്യക്തമാക്കിയത്. . ഇന്ത്യാക്കാരില്‍ മലയാളികളായ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയ ബെബാസ്റ്റ്യന്‍,
നബീസ, മറിയം എന്നിവരാണ് ഇപ്പോള്‍ തടവിലുള്ളത്. ഇത്രയും പേരുടെ പേരുകൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.കൂടുതലാളുകൾ ഉണ്ടോ എന്ന് വ്യക്തമല്ല. 2019 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിലാണ് ഇവരും ഉള്‍പ്പെട്ടത്. 13 രാജ്യങ്ങളില്‍ നിന്നുള്ള 408 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അഫ്ഗാനിസ്ഥാന്‍ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി അഹ്‌മദ് സിയ സരജ് കാബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ പത്തോളം ഇന്ത്യക്കാര്‍, 16 ചൈനക്കാര്‍, 299 പാകിസ്ഥാനികള്‍, രണ്ട് ബംഗ്ലാദേശികള്‍, രണ്ട് മാലിദ്വീപില്‍ നിന്നുള്ളവര്‍ എന്നിവരും ഉള്‍പ്പെടുന്നു.
കേരളം എക്കാലവും ഇസ്ലാമിക് തീവവാദികളുടെ അഭയ കേന്ദ്രമായിരുന്നു.പക്ഷേ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കാര്യമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇന്ത്യയിൽ എവിടെ തീവ്രവാദമുണ്ടെങ്കിലും അതിന്റെ വേരുകൾ കേരളത്തിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha