സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
എൽനിനോ പ്രതിഭാസം കാലവർഷത്തെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. മൺസൂൺ കാറ്റ് ദുർബലമായതിനാൽ, സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ വൈകുമെന്നാണ് കാലാവസ്ഥ കേന്ദ്രം വിലയിരുത്തപ്പെടുന്നത്.
നേരത്തെ ഈ മാസം 26 ന് കാലവർഷം എത്തുമെന്നായിരുന്നു പ്രവചനമുള്ളത്. എന്നാൽ ജൂൺ ആദ്യവാരത്തോടെ മാത്രമേ എത്തുകയുള്ളൂ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കണ്ണൂർ-കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് ) രാത്രി 11.30 വരെ 0.9 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.
"
https://www.facebook.com/Malayalivartha


























