നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘം തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച പരിഗണിക്കും

കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘം തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് ജഡ്ജി എം. തുഷാർ തിങ്കളാഴ്ച പരിഗണിക്കും.
13 പുതിയ സാക്ഷികളെ അന്വേഷണസംഘം റിപ്പോർട്ടിൽ ഉൾപ്പെടുത്തി. അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് ഇടപാടുകൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. കൊയ്യം സർവിസ് സഹകരണ ബാങ്കിൽ സ്വർണം പണയം വെച്ചതുമായി ബന്ധപ്പെട്ട രേഖകളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
നവീൻ ബാബുവിന്റെ ക്വാർട്ടേഴ്‌സിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ പൂർണരൂപവും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹരജിയിലാണ് അന്വേഷണസംഘത്തോട് തുടരന്വേഷണ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കേസിൽ ഒന്നാം പ്രതിയായ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ 2024 ജനുവരി മുതൽ നവംബർ വരെയുള്ള ഫോൺ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടരന്വേഷണ റിപ്പോർട്ടിൽ മാർച്ച് മുതൽ നവംബർ വരെയുള്ള ഫോൺ വിവരങ്ങളാണ് ലഭിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ മൊഴിയും പുതിയ പരാതികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തി.
https://www.facebook.com/Malayalivartha























