കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ. നവിൻ ബാബു കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും, മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വന്തം ഏജൻസിയായ സംസ്ഥാന വിജിലൻസിനേക്കാൾ വിശ്വാസം ഇപ്പോൾ കേന്ദ്ര ഏജൻസിയായ സി ബി ഐയിലാണോ എന്നും കെ കെ രാഗേഷ് ചോദിച്ചു. സി ബി ഐ അന്വേഷണം വരുന്നതിൽ സി പി എമ്മിന് യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി ബി ഐ അവസാന വാക്കല്ല
ഏത് അന്വേഷണം നടന്നാലും അത് നീതിപൂർവകമായിരിക്കണമെന്നും രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണമായി ഏജൻസികളെ മാറ്റാൻ പാടില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി. സി ബി ഐ എന്നത് ഒന്നിന്റെയും അവസാന വാക്കല്ല. സംസ്ഥാന സർക്കാർ സി പി എമ്മിനെ വേട്ടയാടാൻ വേണ്ടിയാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേസിൽ കുറ്റാരോപിതർക്കും നിയമപരമായി മുന്നോട്ട് നീങ്ങാൻ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം സി പി എം ഇല്ലെന്ന പ്രചാരണം തെറ്റാണെന്നും നീതി നടപ്പിലാകണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
സ്വാഗതം ചെയ്ത് നവീൻ ബാബുവിന്റെ ഭാര്യ
അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി സി ബി ഐ വിടാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്തെത്തി. തീരുമാനം വളരെയധികം ആശ്വാസകരമാണെന്നും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽകണ്ട് സംസാരിച്ചിരുന്നുവെന്നും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയിട്ടുള്ള മറുപടി ലഭിച്ചെങ്കിലും ഇത്ര വേഗം സി ബി ഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മഞ്ജുഷ പറഞ്ഞു. കേസന്വേഷണം സി ബി ഐക്ക് വിടുന്നതി. പ്രതീക്ഷയുണ്ട്. സി ബി ഐ അന്വേഷണം നല്ല രീതിയിൽ പോകുമെന്ന് മനസ്സിലാക്കുന്നുവെന്നും മഞ്ജുഷ പറഞ്ഞു.
https://www.facebook.com/Malayalivartha























