പരിസ്ഥിതി സംരക്ഷണവും ടൂറിസവും പരസ്പര പൂരകങ്ങളായി മുന്നേറണമെന്ന് പരിസ്ഥിതി ദിനാചരണത്തില്‍ ടൂറിസം മന്ത്രി: വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഉള്‍പ്പെടുത്തി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടികള്‍...

വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ- ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് പദ്ധതിയിടുന്നതായി ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കോവളം ബീച്ചില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രകൃതിയില്‍ നിന്ന് പ്രചോദനം, കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിയ്ക്കായി' എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ പ്രമേയം. കേരള ടൂറിസത്തിന്‍റെ ഏറ്റവും വലിയ നിക്ഷേപം പ്രകൃതി സൗന്ദര്യമാണെന്നും അതിനാല്‍ ടൂറിസത്തെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും ടൂറിസവും പരസ്പരപൂരകങ്ങളായി മുന്നോട്ടു പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധങ്ങളെയും മഹാമാരികളെയും അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാതങ്ങള്‍ നിമിത്തം കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും സ്വന്തം നാട് ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെവിടെയോ ആണെന്ന് നമ്മള്‍ കരുതിയിരുന്ന 'ക്ലൈമറ്റ് റെഫ്യൂജീസ്' ഇപ്പോള്‍ നമ്മുടെ കുട്ടനാട്ടിലുമുണ്ട്. കാലാവസ്ഥാ വ്യതിയാനം നിമിത്തം ആ പ്രദേശം വാസയോഗ്യമല്ലാതായി മാറിയിരിക്കുന്നു. അവിടെ നിന്നും ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറാന്‍ തുടങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന കടല്‍ക്ഷോഭങ്ങള്‍ നിമിത്തം മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കൂടുതലായി ദുരിതം അനുഭവിക്കേണ്ടി വരുന്നു. ചുഴലിക്കാറ്റുകളും ഉയര്‍ന്ന തിരമാലകളും അറബിക്കടലില്‍ വര്‍ഷംതോറും വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമാണ്. ഉത്തരവാദിത്ത ടൂറിസം മാതൃകയുടെ അടുത്ത ഘട്ടമായ സുസ്ഥിര ടൂറിസം പ്രവര്‍ത്തനങ്ങളെ പ്രകൃതി സംരക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്രായത്തില്‍ തന്നെ ആഗോള കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിനെ പരാമര്‍ശിച്ച മന്ത്രി വിദ്യാര്‍ത്ഥികളും യുവജനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തു. വരുന്ന ഒരു വര്‍ഷക്കാലം സ്കൂള്‍ കുട്ടികളെ എന്‍എസ്എസ്, എന്‍സിസി, ടൂറിസം ക്ലബ്ബ്, സ്റ്റുഡന്‍റ് പോലീസ്, സാമൂഹിക സന്നദ്ധ സംഘടനകള്‍ എന്നിവയിലൂടെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുമായും ടൂറിസം വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളുമായും സംയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ടൂറിസം വകുപ്പ് ഏറ്റവുമധികം മുന്‍ഗണന നല്‍കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ അഞ്ജന എം പറഞ്ഞു. സംസ്ഥാനത്ത് സുസ്ഥിര ടൂറിസം വികസനം ഉറപ്പാക്കാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് മന്ത്രി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ് , ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഫ്ന സജീന എന്നിവര്‍ പങ്കെടുത്തു.
ടൂറിസം ലൈഫ് ഗാര്‍ഡ്സിന്‍റെ നേതൃത്വത്തില്‍ മോക്ഡ്രില്‍, വാളണ്ടിയര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്ത വാക്കത്തോണ്‍ എന്നിവയും പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി നടന്നു.
https://www.facebook.com/Malayalivartha
























