നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കേസ് അട്ടിമറിച്ചതില്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിച്ചുവെന്ന് നേരത്തെ കണ്ടെത്തുകയും റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് അതിജീവിത ഹര്‍ജിയില്‍ വ്യക്തമാക്കി.
നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യങ്ങള്‍ തള്ളിക്കളയുകയായിരുന്നു.
https://www.facebook.com/Malayalivartha
























