ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍... ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍. ജൂലൈ 31 വരെ 52 ദിവസമാണ് കാലയളവ്. നിയന്ത്രണങ്ങള്‍ ഉറപ്പാക്കാനും തീരദേശത്തെ ക്രമസമാധാനപാലനത്തിനായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടങ്ങള്‍ .
ഈ കാലയളവില്‍ മീന്‍പിടിത്ത ട്രോള്‍ ബോട്ടുകള്‍ കടലിലിറങ്ങില്ല. 2007 ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ-സംരക്ഷണ നിയമം നിലവിലുള്ളതിനാല്‍ തീരക്കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സവുമുണ്ടാകുകയില്ല. പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയായ ഇഇസെഡില്‍ തിങ്കള്‍ മുതല്‍ ജൂലൈ 31 വരെ 61 ദിവസത്തേക്ക് നോണ്‍-മോട്ടോറൈസ്ഡ് യാനങ്ങള്‍ ഒഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തും.
അന്യസംസ്ഥാന ബോട്ടുകള്‍ കേരള തീരം വിടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ നിയന്ത്രിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്രോളിങ് ബോട്ടുകള്‍ ജൂണ്‍ 9 വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആവശ്യമായ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ നേവിയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിരിക്കും.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിഴിഞ്ഞം, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് രണ്ട് മറൈന്‍ ആംബുലന്‍സുകളും പ്രവര്‍ത്തിക്കുന്നതാണ്.
ഭൂരിഭാഗം കടല്‍ മത്സ്യങ്ങളുടേയും പ്രജനനം നടക്കുന്ന മണ്‍സൂണ്‍ കാലത്ത് ട്രോളിങ് നടത്തുന്നത് മത്സ്യങ്ങളുടെ മുട്ടയും ചെറുമത്സ്യങ്ങളും നശിക്കുന്നതിലൂടെ കടല്‍ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതായുള്ള വിവിധ പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് 1988 മുതല്‍ കേരള തീരക്കടലില്‍ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധം നടപ്പാക്കിവരുന്നത്.
"
https://www.facebook.com/Malayalivartha


























