ഫോഴ്സ കൊച്ചി എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി

അവസാന ഹോം മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കുകയായിരുന്നു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊമ്പൻസിനായി അർജുൻ ഇരട്ടഗോൾ നേടിയപ്പോൾ ശ്രീരാജാണ് മറ്റൊരു ഗോൾ സ്കോറർ
. നിധിൻ മധു, പൗളോ ഹെൻറിക് എന്നിവരുടെ ബൂട്ടിൽ നിന്നാണ് കൊച്ചിയുടെ ഗോളുകൾ. എട്ട് കളികളിൽ 13 പോയന്റുമായി കൊച്ചി രണ്ടാം സ്ഥാനത്തും 11 പോയന്റുമായി കൊമ്പൻസ് നാലാം സ്ഥാനത്തും തുടരുന്നു. പുതിയ സൈനിങ് ബെൽഫോർട്ടിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി ഇറങ്ങിയ കൊമ്പൻസിന്, മത്സരത്തിന്റെ തുടക്കത്തിൽ കൊച്ചി പ്രതിരോധത്തെ മറികടന്ന് ഭീഷണി സൃഷ്ടിക്കാൻ സാധിച്ചില്ല. കൊച്ചിയുടെ ആക്രമണങ്ങളുടെ ചാലകശക്തിയായ രാഹുൽ രാജുവിനെ ഏത് വിധേനയും പൂട്ടുക എന്നതായിരുന്നു കൊമ്പൻസിന്റെ പ്രധാന ടാക്ടിക്കൽ പ്ലാൻ. 22-ാം മിനിറ്റിൽ കൊച്ചി നിർണായക ലീഡെടുക്കുകയും ചെയ്തു.
ഇടതു വിങ്ങിലൂടെ വേഗത്തിൽ കുതിച്ചുകയറിയ ഹർഷൽ റഹ്മാൻ സെക്കൻഡ് പോസ്റ്റിലേക്ക് നൽകിയ ക്രോസ് നിധിൻ മധു ഹെഡ് ചെയ്തു. നിലത്തുകുത്തി ഉയർന്ന പന്ത് ക്ലിയർ ചെയ്യാനുള്ള കൊമ്പൻസ് ഡിഫൻഡർ ഷാനുവിന്റെ ശ്രമം പിഴച്ചു. പന്ത് തലയിൽ തട്ടി ഗോൾ വല ഭേദിച്ചു (1-0). 34ാം മിനിറ്റിൽ കൊമ്പൻസ് സമനില പിടിച്ചു. അർജുൻ എടുത്ത ഫ്രീകിക്ക് കൊച്ചി ഗോൾകീപ്പർ ദേബ്ജിത് മജുംദാർ തടുത്തെങ്കിലും റീബൗണ്ട് ക്ലിയർ ചെയ്യുന്നതിൽ പ്രതിരോധത്തിന് പിഴച്ചു. വീണുകിട്ടിയ പന്തിലേക്ക് കൃത്യസമയത്ത് ഓടിയെത്തിയ ശ്രീരാജ്, അവസരം പാഴാക്കാതെ പോസ്റ്റിലേക്ക് പ്ലേസ് ചെയ്തു (1-1). രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് മുഹമ്മദ് നിഷാം, ഗോകുൽ എന്നിവരെ പകരക്കാരായി കൊണ്ടുവന്നു.
62-ാം മിനിറ്റിൽ എലിട്ടൺ ജൂനിയറിന്റെ 30 വാര അകലെ നിന്നുള്ള ഷോട്ട് കൊമ്പൻസ് ഗോൾകീപ്പർ സപം സിംഗ് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. 65-ാം മിനിറ്റിൽ കൊമ്പൻസിന്റെ ഗോൾ. ജാവോ പരഡേസിന്റെപാസ് സ്വീകരിച്ച അർജുന്റെ ക്ലിനിക്കൽ ഫിനിഷ് (2-1). അവസാന മിനിറ്റുകളിൽ നിരന്തരം ആക്രമണം നയിച്ച കൊച്ചിയുടെ ഗോൾ ശ്രമങ്ങൾ കൊമ്പൻസ് ഗോൾകീപ്പർ സപം സിംഗ് മികച്ച പ്രകടനത്തോടെ പ്രതിരോധിക്കുന്നതിനിടെ 90-ാം മിനിറ്റിൽ പരഡേസിന്റെ പാസിൽ അർജുൻ വീണ്ടും സ്കോർ ചെയ്തു (3-1). തൊട്ടടുത്ത മിനിറ്റിൽ പൗളോ ഹെൻറിക് കൊച്ചിക്കായി ഒരു ഗോൾ മടക്കി (3-2). എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ശനിയാഴ്ച തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ്സിയെ നേരിടുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























